ബാഴ്സലോണ പിന്നോക്കം പോയത് ഞെട്ടിക്കുന്നത്, അവർക്ക് തിരിച്ചു വരാൻ കഴിയുമെന്ന് കരുതുന്നു: കാർലോ ആൻസലോട്ടി

By Gokul Manthara
Real Madrid CF v Rayo Vallecano - La Liga Santander
Real Madrid CF v Rayo Vallecano - La Liga Santander / Quality Sport Images/GettyImages
facebooktwitterreddit

ബാഴ്സലോണ പിന്നോക്കം പോയത് ആശ്ചര്യപ്പെടുത്തുന്ന കാര്യമാണെന്നും എന്നാൽ അവർക്ക് മികച്ച രീതിയിൽ തിരിച്ചു വരാൻ കഴിയുമെന്ന് താൻ കരുതുന്നതായും‌ റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആൻസലോട്ടി. റയോ വല്ലെക്കാനോക്കെതിരെ നടന്ന ലാലീഗ മത്സരത്തിൽ 2-1ന് വിജയിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു തങ്ങളുടെ ചിരവൈരികളെക്കുറിച്ച് ആൻസലോട്ടി മനസ് തുറന്നത്.

"ബാഴ്സലോണയെക്കുറിച്ചും, അവരുടെ അവസ്ഥയെക്കുറിച്ചും സംസാരിക്കുക എനിക്ക് ബുദ്ധിമുട്ടാണ്. ഈ ക്ലബ്ബിനോടും, സാവിയോടും എനിക്ക് വളരെയധികം ബഹുമാനമുണ്ട്. ഈ പ്രയാസകരമായ നിമിഷങ്ങളിൽ നിന്ന് കരകയറാൻ പോന്ന നിലവാരവും, കളിക്കാരുമുള്ള ടീമാണ് അവർ."

"ബാഴ്സലോണ പിന്നോക്കം പോയത് ഞെട്ടിക്കുന്നതാണ്. എന്നാൽ സീസൺ വളരെ ദൈർഘ്യമേറിയതിനായാലും, ഇതൊരു മത്സരാധിഷ്ഠിതമായ ലീഗായതിനാലും അവർക്ക് തിരിച്ചു വരാൻ കഴിയുമെന്ന് ഞാൻ കരുതുന്നു. ഈ ലീഗ് വിജയിക്കാൻ നിങ്ങൾ 100 പോയിന്റുകൾ നേടേണ്ടതില്ല," ആൻസലോട്ടി പറഞ്ഞു നിർത്തി.

അതേ സമയം, റയോ വല്ലെക്കാനോക്കെതിരെ വിജയം നേടിയ റയൽ മാഡ്രിഡ് ലാലീഗ പോയിന്റ് പട്ടികയിൽ നിലവിൽ ഒന്നാം സ്ഥാനത്താണുള്ളത്. 12 മത്സരങ്ങളിൽ 8 വിജയങ്ങളും, 3 സമനിലകളും നേടിയ അവർ ഒരു മത്സരത്തിൽ മാത്രമാണ് ഇക്കുറി പരാജയം നേരിട്ടത്. എന്നാൽ ഇന്നലെ നടന്ന മത്സരത്തിൽ സെൽറ്റാ വിഗോക്കെതിരെ സമനില വഴങ്ങിയ ബാഴ്സലോണ നിലവിൽ ലാലീഗ പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണുള്ളത്. 12 മത്സരങ്ങളിൽ 4 വിജയവും, 5 സമനിലകളും നേടിയ അവർ 3 മത്സരങ്ങളിലാണ് പരാജയപ്പെട്ടത്.


facebooktwitterreddit