ഇറ്റലി-അർജന്റീന പോരാട്ടത്തിന്റെ തീയതിയും വേദിയും തീരുമാനമായി

Italy Vs Argentina: Venue Date Confirmed
Italy Vs Argentina: Venue Date Confirmed / Buda Mendes/GettyImages
facebooktwitterreddit

ഇരുപത്തിയൊമ്പതു വർഷങ്ങൾക്കു ശേഷം നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക, യൂറോ കപ്പ് ജേതാക്കൾ തമ്മിൽ നടക്കുന്ന മത്സരത്തിന്റെ തീയതിയും വേദിയും തീരുമാനമായി. ഇംഗ്ലണ്ടിലെ വെംബ്ലിയിൽ വെച്ച് ജൂൺ ഒന്നിനാണ് കോപ്പ അമേരിക്ക വിജയിച്ച അർജന്റീനയും യൂറോ കിരീടം ചൂടിയ ഇറ്റലിയും തമ്മിൽ ഏറ്റു മുട്ടുന്നത്.

സെപ്‌തംബറിൽ പ്രഖ്യാപിച്ച് ഡിസംബറിൽ അംഗീകാരം ലഭിച്ച ഈ മത്സരം കോൺമെബോളും യുവേഫയും തമ്മിൽ 2028 ജൂൺ 30 വരെയുണ്ടാക്കിയ ധാരണ പ്രകാരമാണ് നടക്കുന്നത്. അർടെമിയോ ഫ്രാഞ്ചി ട്രോഫി എന്ന പേരിൽ 1985ലും 1993ലും സമാനമായ രീതിയിൽ കോപ്പ അമേരിക്ക, യൂറോ കപ്പ് ജേതാക്കളുടെ മത്സരം നടന്നിരുന്നു.

ഉദ്ഘാടന എഡിഷനിൽ ഫ്രാൻസ് യുറുഗ്വായെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് കീഴടക്കിയപ്പോൾ 1993ൽ അർജന്റീനയും ഡെന്മാർക്കും തമ്മിലായിരുന്നു മത്സരം നടന്നത്. അതിൽ ഇതിഹാസതാരം ഡീഗോ മറഡോണ നയിച്ച അർജന്റീന പെനാൽറ്റി ഷൂട്ടൗട്ടിൽ ഡെന്മാർക്കിനെ കീഴടക്കുകയായിരുന്നു.

ഇരുപത്തിയൊമ്പതു വർഷങ്ങൾക്കു ശേഷം ഈ മത്സരം നടക്കുന്നതിലൂടെ നിലവിലെ കോപ്പ അമേരിക്ക, യൂറോ കപ്പ് ജേതാക്കൾ തമ്മിലുള്ള പോരാട്ടം കാണാൻ ആരാധകർക്ക് അവസരമൊരുങ്ങുമെന്നും യുവേഫയും കോൺമെബോളും തമ്മിലുള്ള ഈ പങ്കാളിത്തം ആഗോളതലത്തിൽ ഫുട്ബോളിന് കൂടുതൽ വേരോട്ടം നൽകുമെന്നും യുവേഫ പ്രസ്‌താവനയിൽ പറഞ്ഞു.

കോപ്പ അമേരിക്കയും യൂറോ കപ്പും ഇനി മുതൽ ഒരേ വർഷങ്ങളിൽ നടത്താൻ തീരുമാനിച്ചതു കൂടിയാണ് ഈ മത്സരം നടക്കാൻ അവസരം ഒരുങ്ങിയത്. മത്സരത്തിനുള്ള ടിക്കറ്റുകൾ മാർച്ച് 24 മുതൽ വിൽപ്പനായാരംഭിക്കും.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.