Football in Malayalam

ഇറ്റലിയുടെ അപരാജിത കുതിപ്പിനു മുന്നിൽ ബ്രസീലിന്റെയും സ്പെയിനിന്റെയും റെക്കോർഡ് വീണു

Sreejith N
Switzerland v Italy - 2022 FIFA World Cup Qualifier
Switzerland v Italy - 2022 FIFA World Cup Qualifier / Claudio Villa/Getty Images
facebooktwitterreddit

സ്വിറ്റ്സർലൻഡിനെതിരെ ഇന്നലെ നടന്ന ലോകകപ്പ് യോഗ്യത മത്സരം സമനിലയിൽ പിരിഞ്ഞതോടെ ഏറ്റവുമധികം മത്സരങ്ങൾ അപരാജിതരായി പൂർത്തിയാക്കിയെന്ന റെക്കോർഡ് സ്വന്തമാക്കി ഇറ്റലി. സ്വിറ്റസർലൻഡിനെതിരായതും ചേർത്ത് തുടർച്ചയായ മുപ്പത്തിയാറാമത്തെമത്സരമാണ് ഇറ്റലി അപരാജിതരായി പൂർത്തിയാക്കുന്നത്. ഇതോടെ മുപ്പത്തിയഞ്ചു മത്സരങ്ങളിൽ തോൽവിയറിഞ്ഞിട്ടില്ലെന്ന ബ്രസീൽ,സ്പെയിൻ എന്നിവരുടെ റെക്കോർഡ് പഴങ്കഥയായി.

റോബർട്ടോ മാൻസിനി പരിശീലകനായതിനു ശേഷം അസാമാന്യ കുതിപ്പു കാണിക്കുന്ന ഇറ്റലി അവസാനമായി ഒരു മത്സരത്തിൽ തോൽക്കുന്നത് 2018 സെപ്‌തംബറിലാണ്. യുവേഫ നാഷൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ പോർചുഗലിനെതിരെയായിരുന്നു ഇറ്റലിയുടെ പരാജയം. അതിനു ശേഷം കളിച്ച മത്സരങ്ങളിലൊന്നും തോൽവി അറിഞ്ഞിട്ടില്ലാത്ത ഇറ്റലി ഈ വർഷം നടന്ന യൂറോ കപ്പിലും അപരാജിത കുതിപ്പുമായാണ് കിരീടം സ്വന്തമാക്കിയത്.

അന്താരാഷ്‌ട്ര ഫുട്ബോളിൽ ഏറ്റവും വലിയ അപരാജിത കുതിപ്പുമായി മുന്നേറുന്ന ഇറ്റലിയുടെ പേരിൽ തന്നെയാണ് ഇക്കാര്യത്തിലുള്ള അഞ്ചാമത്തെ മികച്ച റെക്കോർഡും. 1935 മുതൽ 1939 വരെ മുപ്പതു മത്സരങ്ങൾ അവർ തോൽവിയറിയാതെ പൂർത്തിയാക്കിയിട്ടുണ്ട്. 31 മത്സരങ്ങൾ 1991 മുതൽ 1993 വരെ അപരാജിതരായി പൂർത്തിയാക്കിയ അർജന്റീന നാലാം സ്ഥാനത്തു നിൽക്കുമ്പോൾ 35 വീതം മത്സരങ്ങൾ അപരാജിതരായിരുന്ന സ്പെയിൻ, ബ്രസീൽ എന്നിവർ മൂന്നും രണ്ടും സ്ഥാനങ്ങളിൽ നിൽക്കുന്നു.

ഇറ്റലിയുടെ അടുത്ത മത്സരം ദുർബലരായ ലിത്വാനിയക്കെതിരെ ആയതു കൊണ്ട് അപരാജിത കുതിപ്പ് ഇനിയും കൂടുതലാവാൻ സാധ്യതയുണ്ട്. അതേസമയം ഇറ്റലിയടക്കമുള്ള ടീമുകൾക്ക് ആഫ്രിക്കൻ രാജ്യമായ അൾജീരിയയിൽ നിന്നും കടുത്ത ഭീഷണി ഉണ്ടാകുന്നു. നിലവിലെ ആഫ്രിക്കൻ കപ്പ് ജേതാക്കളായ അൾജീരിയ ഇരുപത്തിയൊൻപതു മത്സരങ്ങൾ തോൽവിയറിയാതെ പൂർത്തിയാക്കി മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കയാണ്.

facebooktwitterreddit