ഒമൈക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സീരി എ നിർത്തിവെക്കുന്നതിനെക്കുറിച്ച് ഇറ്റലി ആലോചിക്കുന്നു
By Sreejith N

കോവിഡിന്റെ ഒമൈക്രോൺ വകഭേദം വന്ന് ലോകമെമ്പാടും വൈറസ് വ്യാപിച്ചത് യൂറോപ്യൻ ഫുട്ബോളിനും ഭീഷണി ആയിരിക്കുകയാണ്. കളിക്കാർക്കും പരിശീലകർക്കും മറ്റു സ്റ്റാഫുകൾക്കുമെല്ലാം കോവിഡ് കണ്ടെത്തുന്നതിനാൽ പല ലീഗുകളിലും മത്സരം മാറ്റി വെക്കേണ്ടുന്ന സാഹചര്യവും ഉണ്ടാകുന്നുണ്ട്.
കോവിഡിന്റെ ഒന്നാം തരംഗത്തിൽ വളരെയധികം പ്രശ്‌നങ്ങൾ നേരിട്ട ഇറ്റലിയിൽ മൂന്നാം തരംഗവും വളരെ ശക്തമാണ്. വ്യാഴം, വെള്ളി ദിവസങ്ങളിൽ മാത്രം മൂന്നു ലക്ഷത്തിലധികം കേസുകൾ കണ്ടെത്തിയതിനാൽ രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കാൻ ഒരുങ്ങുകയാണ് ഭരണകൂടം. സീരി എക്കും ഈ നിയന്ത്രണങ്ങൾ ബാധകമായിരിക്കും.
മാർക്ക റിപ്പോർട്ട് ചെയ്യുന്നതു പ്രകാരം ഫുട്ബോൾ മേഖലയിൽ നടപ്പിലാക്കേണ്ട നിയന്ത്രണങ്ങളെ സംബന്ധിച്ച് ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷനുമായി ചർച്ചകൾ സംഘടിപ്പിക്കുന്നുണ്ട്. കോവിഡ് വ്യാപനം നിയന്ത്രണത്തിൽ വരുന്നതു വരെ സീരി എ മത്സരങ്ങൾ നിർത്തി വെക്കുക, അല്ലെങ്കിൽ സ്റ്റേഡിയത്തിൽ കാണികളെ അനുവദിക്കാതെ മത്സരങ്ങൾ നടത്തുക എന്നിങ്ങനെയുള്ള നിർദ്ദേശങ്ങളാണ് പ്രധാനമായും മുന്നോട്ടു വെക്കുന്നത്.
2022 ആരംഭിച്ചതിനു ശേഷം മാത്രം ഏതാണ്ട് 90 കോവിഡ് കേസുകളാണ് സീരി എ ക്ലബുകളിൽ മാത്രം കണ്ടെത്തിയത്. അതുകൊണ്ടു തന്നെ ഒരു തീരുമാനം ഇക്കാര്യത്തിൽ എടുക്കാൻ ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ നിർബന്ധിതരാണ്. ജനുവരി 12ന് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയും മാർക്ക തങ്ങളുടെ റിപ്പോർട്ടിൽ പങ്കു വെക്കുന്നു.
ഇറ്റലിയിൽ മത്സരങ്ങൾ നിർത്തിവെക്കുന്നത് ഫുട്ബോൾ ആരാധകരെ സംബന്ധിച്ച് നിരാശയാണ്. അതിന്റെ ചുവടു പിടിച്ച് മറ്റു ലീഗുകളിലും മത്സരങ്ങൾ നിർത്തി വെച്ചാൽ ഒന്നാം തരംഗത്തിനു സമാനമായ സ്ഥിതിവിശേഷമാണ് ഉണ്ടാകുക. ഇത് അടുത്ത ഡിസംബറിൽ നടക്കാനിരിക്കുന്ന ലോകകപ്പിനെ അടക്കം ബാധിക്കുകയും ചെയ്യും.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.