യൂറോ ചാമ്പ്യന്മാരായ ഇറ്റലിക്കും അടിതെറ്റി, ലോകകപ്പ് യോഗ്യതക്ക് പ്ലേ ഓഫ് കളിക്കണം; പ്രതികരണവുമായി മാൻസിനി


പോർചുഗലിനു പിന്നാലെ ലോകകപ്പ് യോഗ്യതക്കായി പ്ലേ ഓഫ് കളിക്കാൻ ഇറ്റലിയും. ലോകകപ്പ് യോഗ്യത ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഇന്നലെ നോർത്ത് അയർലണ്ടിനോട് ഗോൾരഹിത സമനിലയിൽ കുരുങ്ങിയതോടെയാണ് ഇറ്റലി പ്ലേ ഓഫ് കളിക്കേണ്ട സാഹചര്യം വന്നത്. ഗ്രൂപ്പ് സിയിൽ ഇറ്റലി രണ്ടാമതു ഫിനിഷ് ചെയ്തപ്പോൾ സ്വിറ്റ്സർലൻഡാണ് ഒന്നാം സ്ഥാനക്കാരായി യോഗ്യത നേടിയത്.
അതേസമയം മാർച്ചിൽ നടക്കുന്ന പ്ലേ ഓഫിലൂടെ ഇറ്റലി ലോകകപ്പ് യോഗ്യത ഉറപ്പിക്കുമെന്ന് മത്സരത്തിനു ശേഷം പരിശീലകനായ മാൻസിനി പറഞ്ഞു. മാർച്ച് മാസത്തിൽ നടക്കാനിരിക്കുന്ന പ്ലേ ഓഫിൽ ഏറ്റവും മികച്ച പ്രകടനം തന്നെ ഇറ്റലി നടത്തുമെന്നും അവർക്ക് ലോകകപ്പ് കിരീടം തന്നെ നേടാനുള്ള കരുത്തുണ്ടെന്നു താൻ വിശ്വസിക്കുന്നതായും അദ്ദേഹം പ്രതികരിച്ചു.
"ഞങ്ങൾക്കിപ്പോൾ ഇതിലൊന്നും ചെയ്യാൻ കഴിയില്ല, മാർച്ചിൽ മത്സരങ്ങളുണ്ട്, അതിൽ ഏറ്റവും മികച്ച പ്രകടനം നടത്താൻ ശ്രമിക്കും," മത്സരത്തിനു ശേഷം റായ് സ്പോർട്സിനോട് സംസാരിക്കേ പ്ലേ ഓഫ് മത്സരങ്ങളെ പരാമർശിച്ച് മാൻസിനി പറഞ്ഞു.
July: Italy are crowned champions of Europe
— B/R Football (@brfootball) November 15, 2021
November: Italy sent to the World Cup playoffs to qualify for the Qatar World Cup pic.twitter.com/f94RoIIBMk
"പന്തിന്മേലുള്ള ആധിപത്യവും മുന്നേറ്റവും ഉണ്ടെങ്കിലും ഇപ്പോൾ ഞങ്ങൾ ഗോളുകൾ നേടാൻ ബുദ്ധിമുട്ടുകയാണ്. നോർതേൺ അയർലൻഡ് എല്ലാവരെയും പ്രതിരോധത്തിലേക്ക് ഇറക്കിയപ്പോൾ അതിന്റെ തകർക്കാൻ ഞങ്ങൾക്കായില്ല. ഇതു വളരെ മോശമായി, ഞങ്ങൾ ഗ്രൂപ്പിലെ ഒന്നാം സ്ഥാനം നേരത്തെ ഉറപ്പിക്കണമായിരുന്നു."
"ഇതുവരെയുണ്ടായിരുന്ന ഞങ്ങളുടെ സ്വഭാവം തിരികെ എത്തിക്കേണ്ടതുണ്ട്. നിർണായക മത്സരങ്ങളിൽ രണ്ടു പെനാൽറ്റികളാണ് ഞങ്ങൾ നഷ്ടമാക്കിയത്. ജയിക്കാനുള്ള അവസരം അവിടെ ഉണ്ടായിരുന്നു. ഇനി ഞങ്ങൾ മാർച്ചിനു വേണ്ടി തയ്യാറെടുത്ത് പ്ലേ ഓഫിലേക്ക് ആത്മവിശ്വാസത്തോടെ പോകും. അന്ന് ഞങ്ങൾ ലോകകപ്പിലേക്കുള്ള സ്ഥാനം ഉറപ്പിക്കും, കിരീടം നേടാൻ വരെ കഴിയുമെന്നും കരുതുന്നു." മാൻസിനി വ്യക്തമാക്കി.
എതിരാളികൾക്കു മേൽ സമ്പൂർണ ആധിപത്യം പുലർത്തി യൂറോ കിരീടം നേടി ഏതാനും മാസങ്ങൾ മാത്രം പിന്നിട്ടിരിക്കെയാണ് ഇറ്റലി ലോകകപ്പ് യോഗ്യത നേടാൻ പ്ലേ ഓഫ് കളിക്കേണ്ട സാഹചര്യം ഉണ്ടായിരിക്കുന്നത്. യൂറോപ്പിൽ നിന്നും മൂന്നു ടീമുകൾക്കു മാത്രമാണ് ഇത്തരത്തിൽ യോഗ്യത നേടാൻ കഴിയുക എന്നിരിക്കെ ഇറ്റലി, പോർച്ചുഗൽ, സ്വീഡൻ എന്നിവർ ഇപ്പോൾ തന്നെ പ്ലേ ഓഫിലെത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.