Football in Malayalam

യൂറോ കപ്പിലൂടെ നഷ്‌ടപ്രതാപം വീണ്ടെടുക്കാൻ ഇറ്റലി, വരുന്നത് ആരെയും അട്ടിമറിക്കാൻ കരുത്തുള്ള സംഘവുമായി

Sreejith N
Italy v Czech Republic - International Friendly
Italy v Czech Republic - International Friendly / Marco Luzzani/Getty Images
facebooktwitterreddit

കഴിഞ്ഞ ലോകകപ്പിന് യോഗ്യത നേടാൻ കഴിഞ്ഞില്ലെന്ന നാണക്കേടിൽ നിന്നും മൂന്നു വർഷത്തിനപ്പുറം ഇറ്റാലിയൻ ടീം അവിശ്വസനീയമായ കുതിപ്പ് പ്രകടമാക്കുമ്പോൾ അതിന്റെ അമരക്കാരൻ മുൻ മാഞ്ചസ്റ്റർ സിറ്റി, ഇന്റർ മിലാൻ പരിശീലകനായ റോബർട്ടോ മാൻസിനിയാണ്. ആരാധകർ പോലും പ്രതീക്ഷിക്കാത്ത കെട്ടുറപ്പോടെ മികച്ച രീതിയിൽ യൂറോ കപ്പിനു തയ്യാറെടുത്ത ഇറ്റലി കിരീടം നേടാൻ സാധ്യത കൽപ്പിക്കപ്പെടുന്ന മുൻനിര ടീമുകൾക്കൊപ്പമില്ലെന്നത് അവർക്ക് ടൂർണമെന്റിൽ സമ്മർദ്ദമില്ലാതെ കളിക്കാൻ അവസരം നൽകുന്നുണ്ട്.

ഇറ്റലിക്കൊപ്പമുള്ള തന്റെ മൂന്നു വർഷത്തിൽ എഴുപതോളം വ്യത്യസ്ത താരങ്ങളെ പരീക്ഷിച്ചാണ്‌ യൂറോ കപ്പിനുള്ള ടീമിനെ മാൻസിനി ആറ്റിക്കുറുക്കിയെടുത്തിരിക്കുന്നത്. യുവതാരങ്ങളെയും പരിചയസമ്പന്നരായ വെറ്ററൻ താരങ്ങളെയും കോർത്തിണക്കി മികച്ചൊരു ടീമിനെ കെട്ടിപ്പടുക്കാൻ കഴിഞ്ഞ മാൻസിനിക്ക് കീഴിൽ കഴിഞ്ഞ ഇരുപത്തിയേഴു മത്സരങ്ങളിൽ ഇറ്റലി തോൽവിയറിഞ്ഞിട്ടില്ല. അവസാന എട്ടു മത്സരങ്ങളിൽ എല്ലാത്തിലും വിജയം നേടിയ ടീം അവസാനം കളിച്ച രണ്ടു സന്നാഹ മത്സരത്തിൽ ഒരു ഗോൾ പോലും വഴങ്ങാതെ പതിനൊന്നു ഗോളുകളാണ് അടിച്ചു കൂട്ടിയത്.

കരുത്ത്

പ്രതിരോധശൈലിയിലൂന്നി കളിക്കുന്ന ശൈലിയുള്ള ഇറ്റാലിയൻ ടീമിന്റെ പ്രധാന കരുത്തും അതു തന്നെയാണ്. വെറ്ററൻ താരങ്ങളായ കില്ലീനി, ബൊനുച്ചി എന്നിവർ നയിക്കുന്ന ഡിഫൻസ് കഴിഞ്ഞ പത്ത് മത്സരങ്ങളിൽ നിന്നും വഴങ്ങിയത് ഒരേയൊരു ഗോളാണെന്നത് അവരുടെ പ്രതിരോധക്കോട്ട എത്രത്തോളം ശക്തമാണെന്നു തെളിയിക്കുന്നു. ഈ രണ്ടു താരങ്ങൾക്കും ചേരുന്ന പകരക്കാരായി അലസാൻഡ്രോ ബസ്റ്റോണി, ഫ്രാൻസിസ്‌കോ അസെർബി എന്നീ താരങ്ങളും ഡോണറുമ്മയെന്ന അതികായനായ ഗോൾകീപ്പറും ചേരുന്നതോടെ ഇറ്റലിക്കെതിരെ ഗോൾ നേടുക എതിരാളികൾക്ക് ദുഷ്‌കരമാകും.

ഇതിനു പുറമെ ഫ്രാൻസിനെ മാറ്റി നിർത്തിയാൽ ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച മധ്യനിരയുള്ള ടീമും ഇറ്റലി തന്നെയാണ്. ചെൽസിയുടെ ചാമ്പ്യൻസ് ലീഗ് വിജയത്തിൽ നിർണായക പങ്കു വഹിച്ച ജോർജിന്യോ, സീരി എ വിജയം നേടിയ ഇന്റർ മിലാൻ താരം നിക്കോളോ ബാരെല്ല, പിഎസ്‌ജിയുടെ മാർകോ വെറാറ്റി എന്നിവരാണ് മധ്യനിരയിൽ അണിനിരക്കുക. വെറാറ്റിയുടെ ഫിറ്റ്നസ് ആശങ്കയാണെങ്കിലും പകരക്കാരായി മാറ്റിയോ പെസിനോ, മാനുവൽ ലോകാടെല്ലി എന്നിവരുള്ളതു കൊണ്ട് മധ്യനിരയിൽ മാൻസിനിക്ക് ആശങ്കക്ക് വകയില്ല.

ദൗർബല്യം

ഗോൾകീപ്പിങ് ഡിപ്പാർട്മെന്റ് മുതൽ മധ്യനിര വരെ സുശക്തമായ ഇറ്റലിക്ക് ചെറിയ തലവേദനയുള്ളത് മുന്നേറ്റനിരയിലാണ്. ഫെഡറികോ ചിയേസ, ലോറെൻസോ ഇൻസിനെ എന്നീ പ്രതിഭാധനരായ വിങ്ങർമാറുണ്ടെങ്കിലും അർധാവസരങ്ങൾ പോലും മുതലാക്കാൻ കഴിവുള്ള സ്‌ട്രൈക്കർമാരുടെ അഭാവം ഇറ്റലിക്കുണ്ട്. സിറോ ഇമ്മൊബിൽ യൂറോപ്പിലെ മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളാണെങ്കിലും ലാസിയോയിൽ നിന്നും വ്യത്യസ്‌തമായ ശൈലിയിൽ കളിക്കുന്ന ഇറ്റലിയിൽ താരം പതറാറുണ്ട്. മറ്റൊരു പ്രധാന സ്‌ട്രൈക്കറായ ബെലോട്ടി ഈ സീസണിൽ അത്ര മികച്ച ഫോമിലല്ലെങ്കിലും തുർക്കി, സ്വിറ്റ്സർലൻഡ്, വെയിൽസ്‌ എന്നിവരടങ്ങിയ ഗ്രൂപ്പിൽ നിന്നും മുന്നേറാൻ ഇറ്റലി അധികം ബുദ്ധിമുട്ടേണ്ടി വരാൻ സാധ്യതയില്ല.

പ്രധാന താരങ്ങൾ

ജിയാൻലൂയിജി ഡോണറുമ്മാ, ജോർജിന്യോ, നിക്കോളോ ബാരെല്ല, മാർകോ വെറാറ്റി, ഫെഡറികോ ചിയേസ, ലിയനാർഡോ ബൊനുച്ചി

ഇറ്റലിയുടെ യൂറോ കപ്പ് സ്‌ക്വാഡ്

ഗോൾകീപ്പർമാർ: ജിയാൻലൂയിജി ഡോണറുമ്മ, അലക്‌സ് മീററ്റ്, സൽവാതോർ സിരിഗു

പ്രതിരോധനിര: ഫ്രാൻസിസ്‌കോ അസെർബി, അലെസാൻഡ്രോ ബസ്റ്റോണി, ജോർജിയോ കില്ലിനി, ലിയനാർഡോ ബൊനുച്ചി, ജിയോവാനി ഡി ലോറെൻസോ, എമേഴ്‌സൺ, അലെസാൻഡ്രോ ഫ്ലോറെൻസി, ലിയനാർഡോ സ്പിനോസോളാ, റാഫേൽ ടോളോയ്

മധ്യനിര: നിക്കോളോ ബാരെല്ല, ഫെഡറികോ ബെർനാഡെഷി, ഫെഡറികോ ചിയേസ, ബ്രയാൻ ക്രിസ്റ്റന്റെ, ജോർജിന്യോ, മാനുവൽ ലോകാടെല്ലി, ലോറെൻസോ പെല്ലെഗ്രിനി, മാറ്റിയോ പേസിന, മാർകോ വെറാറ്റി

മുന്നേറ്റനിര: ആന്ദ്രേ ബെലോട്ടി, ഡൊമെനിക്കോ ബെറാർഡി, സിറോ ഇമ്മൊബിൽ, ലോറെൻസോ ഇൻസിനെ, ജിയാകോമോ റാസ്‌പദോറി


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit