Football in Malayalam

മാൻസിനിക്കു പകരക്കാരനായി റയൽ മാഡ്രിഡ് പരിശീലകൻ ആൻസലോട്ടിയെ ഇറ്റലി പരിഗണിക്കുന്നു

Sreejith N
Italy Considering Ancelotti To Replace Mancini
Italy Considering Ancelotti To Replace Mancini / Quality Sport Images/GettyImages
facebooktwitterreddit

എല്ലാവരുടെയും കണക്കുകൂട്ടലുകൾ തെറ്റിച്ചാണ് നോർത്ത് മാസിഡോണിയ കഴിഞ്ഞ ലോകകപ്പ് യോഗ്യത പ്ലേ ഓഫിൽ ഇറ്റലിയെ അട്ടിമറിച്ചത്. മത്സരത്തിൽ പൂർണമായും ആധിപത്യം പുലർത്തിയ ഇറ്റലി അവസാനനിമിഷത്തിൽ വഴങ്ങിയ ഗോളിൽ തോൽവി നേരിട്ടതോടെ തുടർച്ചയായ രണ്ടാമത്തെ തവണയും ലോകകപ്പ് യോഗ്യത നേടാതെ പുറത്താവുകയും ചെയ്‌തു.

യൂറോ കപ്പ് വിജയത്തിന്റെ മാധുര്യം മാറും മുൻപേ ലോകകപ്പ് യോഗ്യത നേടാതെ പുറത്താവുകയെന്ന കയ്‌പ്പേറിയ അനുഭവം വന്നതോടെ ഇറ്റലിയിൽ നിന്നും പരിശീലകൻ മാൻസിനി പുറത്തു പോകുമെന്ന റിപ്പോർട്ടുകൾ വളരെ ശക്തമാണ്. മാൻസിനി പരിശീലകസ്ഥാനത്തു നിന്നും രാജിവെക്കുമെന്നും പുതിയ പരിശീലകനു വേണ്ടി ഇറ്റലി ശ്രമം തുടങ്ങിയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

പ്രമുഖ ഇറ്റാലിയൻ മാധ്യമമായ ഗസറ്റ ഡെല്ല സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആൻസലോട്ടിയാണ് ദേശീയ ടീം പരിശീലകസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരിൽ പ്രധാനി. അവസാനം നടന്ന എൽ ക്ലാസിക്കോ മത്സരത്തിൽ ബാഴ്‌സലോണയോട് റയൽ മാഡ്രിഡ് നാല് ഗോളുകൾ വഴങ്ങി തോറ്റതോടെ ആൻസലോട്ടി റയൽ മാഡ്രിഡ് പരിശീലകസ്ഥാനമൊഴിയുമെന്ന റിപ്പോർട്ടുകൾ ശക്തമാണ്.

ആൻസലോട്ടി റയൽ മാഡ്രിഡ് വിടുകയാണെങ്കിൽ അദ്ദേഹത്തെ തന്നെയാവും അടുത്ത പരിശീലകനായി ഇറ്റലി നിയമിക്കുക. യൂറോപ്പിലെ എല്ലാ പ്രധാന ലീഗിലെയും വമ്പൻ ക്ലബുകളെ പരിശീലിപ്പിച്ച് നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ള അദ്ദേഹം ആദ്യമായി ഒരു ദേശീയ ടീമിന്റെ ചുമതല ഏറ്റെടുക്കുന്നതിനാവും അതു വഴിയൊരുക്കുക.

ആൻസലോട്ടിക്കു പുറമെ ഇറ്റലിക്കൊപ്പം ലോകകിരീടം നേടിയ ഫാബിയോ കന്നവാരോ, മുൻ പരിശീലകൻ മാഴ്‌സലോ ലിപ്പി എന്നിവരെയും ഇറ്റലി പരിഗണിക്കുന്നുണ്ട്. നിലവിലെ തകർച്ചയിൽ നിന്നും ഇറ്റലിയെ ഉയർത്തെണീപ്പിക്കുകയെന്ന വലിയ ലക്ഷ്യമാണ് ഇവർക്ക് മുന്നിലുള്ളത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit