Football in Malayalam

പ്രതിരോധത്തിലെ കെട്ടുറപ്പ് മാത്രമല്ല, പ്രതിരോധങ്ങൾ കീറിമുറിക്കാനുള്ള ആക്രമണശേഷിയുമുണ്ടെന്ന് തെളിയിച്ച് ഇറ്റലി

Insigne celebrates his goal against Turkey
Insigne celebrates his goal against Turkey / Mike Hewitt/Getty Images
facebooktwitterreddit

യൂറോ 2020ലെ ആദ്യ മത്സരത്തിൽ തുർക്കിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയ ഇറ്റലി നൽകുന്ന സന്ദേശം വളരെ വ്യക്തമാണ്. പ്രതിരോധത്തിലെ കെട്ടുറപ്പ് മാത്രമല്ല, പ്രതിരോധങ്ങൾ കീറിമുറിക്കാനുള്ള ആക്രമണശേഷിയും തങ്ങൾക്കുണ്ടെന്ന് വിളിച്ചോതുന്ന പ്രകടനമായിരുന്നു തുർക്കിക്കെതിരെ അസൂറിപ്പടയുടേത്.

2018 ലോകകപ്പിന് യോഗ്യത നേടാൻ കഴിയാതിരുന്ന ഇറ്റലിയിൽ നിന്ന് ടീം ഒരുപാട് മുന്നോട്ടുപോയിരുന്നുവെങ്കിലും, യൂറോ 2020ലേക്ക് വരുമ്പോൾ താരതമ്യേന അവരുടെ ദൗർബല്യമായി കണക്കാക്കപ്പെട്ടിരുന്നത് അർധാവസരങ്ങൾ പോലും മുതലാക്കാൻ കഴിവുള്ള സ്‌ട്രൈക്കർമാരുടെ അഭാവമായിരുന്നു.

എന്നാൽ, യൂറോ ചാമ്പ്യൻഷിപ്പിന്റെ ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും വലിയ വിജയം കരസ്ഥമാക്കിയാണ് ഇറ്റലി യൂറോ 2020ന് തുടക്കം കുറിച്ചത്. അതും യൂറോപ്പിലെ ഏറ്റവും മികച്ച പ്രതിരോധനിരകളിൽ ഒന്നെന്ന് പറയാവുന്ന തുർക്കിക്കെതിരെ.

മത്സരത്തിൽ സമ്പൂർണ ആധിപത്യം പുലർത്തിയ ഇറ്റലി രണ്ടാം പകുതിയിലാണ് തങ്ങളുടെ മൂന്ന് ഗോളുകളും നേടിയത്. റോബർട്ടോ മഞ്ചീനി പരിശീലിപ്പിക്കുന്ന ഇറ്റലിയുടെ ഇരു പാർശ്വങ്ങളിലൂടെയുമുള്ള നീക്കങ്ങൾ മത്സരത്തിലുടനീളം തുർക്കിയെ ഏറെ വെള്ളം കുടിപ്പിച്ചു. പ്രത്യേകിച്ചും, സ്പിന്നസോളയും ഇൻസിനെയുടെയും ഇടത് പാർശ്വത്തിലൂടെയുള്ള മുന്നേറ്റങ്ങൾ.

53ആം മിനുട്ടിലാണ് ഇറ്റലി മത്സരത്തിലെ തങ്ങളുടെ അക്കൗണ്ട് തുറന്നത്. ഗോൾമുഖത്തിന് സമാന്തരമായി ബെറാർഡി തൊടുത്തുവിട്ട ഷോട്ട് ഡെമിറാലിന്റെ ദേഹത്ത് തട്ടി തുർക്കി വലയിൽ ചെന്ന് വീഴുകയായിരുന്നു.

ആദ്യ ഗോൾ നേടിയതിന് ശേഷം ഇറ്റലി കൂടുതൽ അപകടകാരികളാവുന്നതാണ് പിന്നീട് കണ്ടത്. തുർക്കിയുടെ ഡിഫൻസീവ് തേർഡിൽ സൃഷ്ടിക്കപ്പെട്ട സ്‌പേസുകളും, അവരുടെ പ്രതിരോധനിരയിൽ വീണ വിള്ളലുകളും മുതലാക്കിയ ഇറ്റലി നിരന്തരം ആക്രമണങ്ങൾ നടത്തിക്കൊണ്ടേയിരുന്നു. തങ്ങളുടെ പരിശ്രമത്തിന്റെ ഫലമെന്നോണം 63ആം മിനുറ്റിൽ ഇറ്റലി തങ്ങളുടെ രണ്ടാം ഗോളും നേടി. ഗോൾ ലക്ഷ്യമാക്കിയുള്ള സ്പിന്നസോളയുടെ ഷോട്ട് തുർക്കി ഗോൾകീപ്പർ തടുത്തിട്ടെങ്കിലും, റീബൗണ്ടിൽ നിന്ന് ഇമ്മൊബയിലാണ് വലകുലുക്കിയത്.

13ആം മിനിറ്റുകൾക്ക് ശേഷം ഇറ്റലിയുടെ മൂന്നാം ഗോൾ നേടിയ ഇൻസിനെ ഈ വിജയം കൂടുതൽ മനോഹാരിതമാക്കി. ഇമ്മൊബയിലിൽ നിന്ന് പാസ് സ്വീകരിച്ച ഇൻസിനെ ഒരു മനോഹരമായ കർളറിലൂടെയാണ് തന്റെ പേര് സ്കോർഷീറ്റിൽ എഴുതിചേർത്തത്.

ആദ്യ ഗോൾ പിറക്കുന്നതിന് മുൻപ് തുർക്കിയുടെ ഡീപ് ഡിഫെൻസിവ് ലൈൻ പിളർത്താൻ വല്ലാതെ കഴിഞ്ഞില്ല എന്നത് ഒരു പോരായ്മയാണെങ്കിലും, വരാൻ പോകുന്ന മത്സരങ്ങളിൽ തങ്ങൾക്ക് ഏറെ ആത്മവിശ്വാസം നൽകുന്ന പ്രകടനമാണ് ഇറ്റലി ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ കാഴ്ചവെച്ചത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit