Football in Malayalam

സൂപ്പർ ലീഗ് അവസാനിപ്പിച്ചതിനു സമ്മാനമായി യൂറോ ഫൈനലിൽ യുവേഫ ഇംഗ്ലണ്ടിനെ സഹായിക്കുമെന്ന പേടിയോടെ ഇറ്റാലിയൻ മാധ്യമങ്ങൾ

Sreejith N
England v Denmark  - UEFA Euro 2020: Semi-final
England v Denmark - UEFA Euro 2020: Semi-final / Laurence Griffiths/Getty Images
facebooktwitterreddit

ഡെൻമാർക്കിനെതിരായ യൂറോ കപ്പ് സെമി ഫൈനലിലെ എക്‌സ്ട്രാ ടൈമിൽ ഇംഗ്ലണ്ടിന് അനുകൂലമായി പെനാൽറ്റി നൽകി അവരെ വിജയം നേടാൻ സഹായിച്ചത് യുവേഫയും ഇംഗ്ലണ്ടും തമ്മിലുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന വാദവുമായി ഇറ്റാലിയൻ മാധ്യമങ്ങൾ. ഫൈനൽ മത്സരത്തിൽ ഇറ്റലിക്കെതിരെയും സമാനമായ രീതിയിൽ യുവേഫ ഒഫിഷ്യൽസ് പ്രതികൂല നിലപാട് കൈക്കൊള്ളാൻ സാധ്യതയുണ്ടെന്നാണ് ലാ ഗസറ്റ ഡെല്ല സ്‌പോർട് അടക്കമുള്ള മാധ്യമങ്ങൾ പറയുന്നത്.

യുവേഫക്ക് വളരെയധികം ഭീഷണിയുയർത്തുമായിരുന്ന യൂറോപ്യൻ സൂപ്പർ ലീഗെന്ന ആശയത്തെ ഇല്ലാതാക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ നടത്തിയ ഇടപെടലുകളുടെ ഭാഗമായി യുവേഫ ഇംഗ്ലണ്ടിന് കിരീടം സമ്മാനിക്കുമെന്നും ഫൈനൽ മത്സരത്തിൽ ഒഫിഷ്യൽസ് പക്ഷപാതിത്വപരമായി പെരുമാറി അസൂറികളെ തോൽപ്പിക്കാൻ കൂട്ടു നിൽക്കുമെന്ന ഭീതിയും ഇറ്റാലിയൻ മാധ്യമങ്ങൾ വെളിപ്പെടുത്തുന്നു.

കഴിഞ്ഞ സെമിഫൈനൽ മത്സരത്തിൽ ഈ യൂറോ കപ്പിലെ കറുത്ത കുതിരകളായ ഡെന്മാർക്കിനെ തോൽവിയിലേക്ക് തള്ളിയിട്ട പെനാൽറ്റി തീരുമാനം ഏറെ വിവാദമുയർത്തിയിരുന്നു. ബോക്‌സിൽ വെച്ച് റഹീം സ്റ്റെർലിങ്ങിന് നേരെ വളരെ മിനിമം കോണ്ടാക്‌ട് മാത്രമുണ്ടായതിനാണ് റഫറി സ്പോട്ടിലേക്ക് വിരൽ ചൂണ്ടി മത്സരം ഇംഗ്ലണ്ടിനു സമ്മാനിച്ചത്. ഇംഗ്ലണ്ടിന്റേതടക്കമുള്ള മുൻ ഫുട്ബോൾ താരങ്ങളും ഒഫിഷ്യൽസും അതൊരു പെനാൽട്ടിയല്ലെന്ന് മത്സരശേഷം ആവർത്തിച്ചു പറയുകയുണ്ടായി.

ഇംഗ്ലണ്ടിന്റെ ഫൈനലിലേക്കുള്ള യാത്രയെക്കുറിച്ചും ഇറ്റാലിയൻ മാധ്യമങ്ങൾ ചോദ്യങ്ങളുയർത്തുന്നു. ടൂർണമെന്റിലിതു വരെ ആറു മത്സരങ്ങൾ കളിച്ച ടീം അതിൽ അഞ്ചെണ്ണവും വെംബ്ലി സ്റ്റേഡിയത്തിലാണ് കളിച്ചത്. ഒരേയൊരു മത്സരം മാത്രം റോമിൽ കളിച്ച ഇംഗ്ലണ്ടിന് ഫൈനൽ മത്സരം വെംബ്ലിയിൽ ആണ് നടക്കുന്നതെന്നതും കൃത്യമായ മുൻ‌തൂക്കം നൽകുന്നു.

യൂറോപ്യൻ ഫുട്ബോളിനെ പിടിച്ചുലച്ചാണ് സൂപ്പർ ലീഗ് പദ്ധതികൾ ഉയർന്നു വന്നത്. എന്നാൽ അതിനെതിരെ നിലകൊണ്ട ബ്രിട്ടീഷ് പ്രൈം മിനിസ്റ്റർ പങ്കെടുക്കുന്ന ഇംഗ്ലീഷ് ടീമുകൾക്കെതിരെ കർശന നിലപാടെടുക്കുമെന്ന തീരുമാനം അറിയിച്ചത് ടീമുകൾ പിൻവാങ്ങാനും സൂപ്പർലീഗ് പദ്ധതികൾ താളം തെറ്റാനും കാരണമായിരുന്നു. അതിന്റെ പ്രതിഫലം യുവേഫ വെംബ്ലിയിൽ തങ്ങൾക്കെതിരെ ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ച് നൽകുമെന്നാണ് ഇറ്റാലിയൻ മാധ്യമങ്ങൾക്ക് ഫൈനലിനു മുൻപുള്ള പ്രധാന ആശങ്ക.

facebooktwitterreddit