Football in Malayalam

സ്വാപ്പ് ഡീലിൽ റൊണാൾഡോയെ വിൽക്കാനൊരുങ്ങി യുവന്റസ്; പോർച്ചുഗീസ് താരത്തെ നൽകി പോഗ്ബയെ ടീമിലെത്തിക്കുന്നത് പരിഗണനയിൽ

Gokul Manthara
Atalanta BC v Juventus - TIMVISION Cup Final
Atalanta BC v Juventus - TIMVISION Cup Final / Jonathan Moscrop/Getty Images
facebooktwitterreddit

നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി കളിച്ചു കൊണ്ടിരിക്കുന്ന തങ്ങളുടെ മുൻ താരം കൂടിയായ പോൾ പോഗ്ബയെ ഈ സമ്മറിൽ ടീമിലെത്തിക്കാൻ ഇറ്റാലിയൻ വമ്പന്മാരായ യുവന്റസിന് പദ്ധതിയുണ്ടെന്ന് സൂചന. ഇതിനായി പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ മാഞ്ചസ്റ്റർ യുണൈറ്റഡിന് നൽകുന്നതിനെക്കുറിച്ച് ഇറ്റാലിയൻ ക്ലബ്ബ് ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം പ്രശസ്ത ഇറ്റാലിയൻ മാധ്യമമായ ഗസറ്റ ഡെല്ലോ സ്പോർട് ആണ് ഈ വിവരങ്ങൾ പുറത്തു വിട്ടത്‌.

കൈമാറ്റക്കരാറിലൂടെ പോൾ പോഗ്ബയെ സ്വന്തമാക്കാൻ യുവന്റസിന് ആഗ്രഹമുണ്ടെങ്കിലും, ഈ ഡീലിന് മാഞ്ചസ്റ്റർ യുണൈറ്റഡ് തയ്യാറാകുമോയെന്നതാണ് പ്രധാന ചോദ്യമായി നിൽക്കുന്നത്. റൊണാൾഡോയുടെ ഉയർന്ന ശമ്പളവും ഈയൊരു സാഹചര്യത്തിൽ ഇംഗ്ലീഷ് വമ്പന്മാർക്ക് തലവേദനയായേക്കുമെന്നാണ് സൂചനകൾ.

യുവന്റസിനൊപ്പം മികച്ച റെക്കോർഡുണ്ടെങ്കിലും, ഈ സമ്മറിൽ റോണോ ക്ലബ്ബ് വിട്ടേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമാണ്. ഈ സാഹചര്യത്തിലാണ് പോഗ്ബയെ സ്വന്തമാക്കി പകരം റോണോയെ യുണൈറ്റഡിന് വിട്ടു നൽകുന്നത് യുവന്റസിന്റെ പരിഗണനയിലുണ്ടെന്ന റിപ്പോർട്ടുകൾ ശക്തമായിരിക്കുന്നത്. ആന്ദ്രെ പിർലോക്ക് പകരം യുവന്റസിന്റെ പുതിയ പരിശീലകനായി ചുമതലയേറ്റ മാസിമിലിയാനോ അല്ലഗ്രിക്കും റൊണാൾഡോയെ വിട്ടു നൽകുന്നതിനോട് താല്പര്യക്കുറവില്ലെന്നാണ് സൂചനകൾ.

2016 മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരമായ പോൾ പോഗ്ബക്ക് ഒരു വർഷം കൂടിയാണ് അവരുമായി കരാർ ബാക്കിയുള്ളത്. 2018 ൽ യുവന്റസിലെത്തിയ റൊണാൾഡോക്കും ഒരു വർഷ കരാർ യുവന്റസിൽ ശേഷിക്കുന്നു. പ്രായം മുപ്പത്തിയാറ് പിന്നിട്ട റൊണാൾഡോയെ മാഞ്ചസ്റ്റർ യുണൈറ്റഡിന് നൽകി പകരം യുവ താരവും ലോകത്തെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരുലൊരാളുമായ പോൾ പോഗ്ബയെ ടീമിലെത്തിക്കാനായാൽ അത് യുവന്റസിന്റെ മികച്ച നീക്കമായിരിക്കുമെന്നാണ് ഫുട്ബോൾ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. ഇരു ക്ലബ്ബുകളും തമ്മിൽ മികച്ച ബന്ധമുണ്ടെന്നത് ഈ കൈമാറ്റക്കരാർ നടക്കാനുള്ള സാധ്യതകൾ വർധിപ്പിക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

facebooktwitterreddit