മാത്തിയാസ് സൂളെ: അർജന്റീനയുടെ പുതിയ താരോദയത്തിനു പിന്നാലെ ഇറ്റലിയും


ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ യുറുഗ്വായ്, ബ്രസീൽ എന്നീ ടീമുകളെ അർജന്റീന നേരിടാൻ തയ്യാറെടുക്കുമ്പോൾ യുവതാരങ്ങളെ പരീക്ഷിക്കാൻ യാതൊരു മടിയും കാണിക്കാത്ത പരിശീലകനായ സ്കലോണി സ്ക്വാഡിൽ ഇടം നൽകിയ യുവന്റസിന്റെ U23 താരമായ പതിനെട്ടുകാരൻ മാത്തിയാസ് സൂളെക്ക് അവസരം ലഭിക്കുമോയെന്ന് ഏവരും ഉറ്റു നോക്കുന്നുണ്ട്.
യുവന്റസ് യൂത്ത് ടീമുകൾക്കു വേണ്ടി മികച്ച പ്രകടനം നടത്തിയ ചരിത്രമുള്ള സൂളെ അർജന്റീനയുടെ ഭാവി വാഗ്ദാനമായാണ് കരുതപ്പെടുന്നതെങ്കിലും താരത്തിന്റെ കാര്യത്തിൽ അർജന്റീന ഫുട്ബോൾ ഫെഡറേഷനു മുന്നിൽ വലിയൊരു ഭീഷണിയുണ്ട്. ഇറ്റാലിയൻ പൗരത്വമുള്ള താരത്തെ തങ്ങളുടെ സ്വന്തമാക്കാൻ ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷനും നീക്കങ്ങൾ നടത്തുന്നുണ്ട്.
ഭാവിയിൽ താരത്തെ ഇറ്റാലിയൻ ടീമിലേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങൾ ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ നടത്തുമ്പോൾ അർജന്റീന ടീമിൽ തന്നെ സൂളെയെ നിലനിർത്തുന്നതിനാണ് അർജന്റീന ഫുട്ബോൾ അസോസിയേഷൻ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് മെസിയടക്കമുള്ള താരങ്ങൾക്കൊപ്പം പരിശീലനം നടത്താനുള്ള അവസരം താരത്തിന് സ്കലോണി നൽകുന്നതും.
അർജന്റീന U16, U17 ടീമുകൾക്കു വേണ്ടി നേരത്തെ സൗഹൃദ മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് മാത്തിയാസ് സൂളെ. ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷനു തന്നിലുള്ള താൽപര്യത്തെക്കുറിച്ച് പരാമർശിച്ചിട്ടുള്ള താരം അർജന്റീന ടീമിലേക്കുള്ള വിളിക്കായി കാത്തിരിക്കുകയാണെന്നും പറഞ്ഞിരുന്നു. അതുകൊണ്ടു തന്നെ താരത്തെ നഷ്ടപ്പെടില്ലെന്നാണ് അർജന്റീന കരുതുന്നത്.
ഇരുപത്തിയൊന്നു വയസിനുള്ളിൽ ദേശീയ ടീമിനു വേണ്ടി മൂന്നു മത്സരങ്ങൾ വരെ പരമാവധി കളിച്ചിട്ടുള്ളവർക്ക് ദേശീയ ടീം മാറാമെന്നാണ് ഫിഫ നിയമം അനുശാസിക്കുന്നത്. അതിനു പുറമെ അവസാന മത്സരങ്ങൾ കളിച്ച് മൂന്നു വർഷം കഴിയുകയും ലോകകപ്പ്, കോൺഫെഡറൽ ടൂർണമെന്റുകളുടെ ഫൈനലിൽ കളിക്കാതിരിക്കുകയും വേണം.