Football in Malayalam

മെസിക്കൊപ്പം കളിക്കുന്നത് സ്പെഷ്യലായ കാര്യമായിരിക്കുമെന്ന് എറിക്ക് ഗാർസ്യ

Gokul Manthara
Real Sociedad v FC Barcelona - La Liga Santander
Real Sociedad v FC Barcelona - La Liga Santander / Juan Manuel Serrano Arce/Getty Images
facebooktwitterreddit

ഈ സീസണിന് ശേഷം സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയിലെത്തുമെന്ന് കരുതപ്പെടുന്ന കളിക്കാരനാണ് മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ്‌ ഡിഫൻഡറായ എറിക്ക് ഗാർസ്യ. ബാഴ്സലോണയുടെ അക്കാദമി താരമായിരുന്ന ഗാർസ്യ, ഈ സമ്മറിൽ കറ്റാലൻ ക്ലബ്ബുമായി കരാർ ഒപ്പിടുന്ന കാര്യത്തിൽ ധാരണയിലെത്തിക്കഴിഞ്ഞതായും ഗോൾ ഡോട്ട്കോം കഴിഞ്ഞ ദിവസം റിപ്പോർട്ട് പുറത്ത് വിട്ടിരുന്നു. ഇപ്പോളിതാ ബാഴ്‌സ സൂപ്പർ താരമായ‌ ലയണൽ മെസിക്കൊപ്പം കളിക്കുന്നതിനെപ്പറ്റി മനസ് തുറന്നിരിക്കുകയാണ് ഗാർസ്യ.

സ്പെയിന്റെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് മുന്നോടിയായി കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കവെ മെസിയെ വാനോളം പ്രശംസിച്ച ഗാർസ്യ, അർജന്റീന താരം ലോകത്തെ ഏറ്റവും മികച്ച കളിക്കാരനാണെന്നും അദ്ദേഹത്തോടൊപ്പം കളിക്കുന്നത് വളരെ സ്പെഷ്യലായ കാര്യമായിരിക്കുമെന്നും വ്യക്തമാക്കുകയായിരുന്നു.

"മെസി ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണെന്ന കാര്യം എല്ലാവർക്കും അറിയാം. അദ്ദേഹത്തോടൊപ്പം കളിക്കുന്നത് ഏതൊരാൾക്കും വളരെ സ്പെഷ്യലായിരിക്കും. അവിശ്വസനീയമായ കാര്യങ്ങളാണ് ആഴ്ചതോറും അദ്ദേഹം ചെയ്തു‌ കൊണ്ടിരിക്കുന്നത്. "

എറിക്ക് ഗാർസ്യ

വരാനിരിക്കുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ താൻ ബാഴ്സയിലേക്ക് പോകുമെന്ന തരത്തിൽ വാർത്തകൾ ഉയരുന്നുണ്ടെങ്കിലും ഇതു വരെ ബാഴ്സലോണയുടെ പ്രസിഡന്റായ ലപ്പോർട്ടയോ, ക്ലബ്ബിലെ മറ്റാരെങ്കിലുമോ താനുമായി ബന്ധപ്പെട്ടിട്ടില്ലെന്നും ഗാർസ്യ വ്യക്തമാക്കി. മാഞ്ചസ്റ്റർ സിറ്റിയുമായി കരാർ പുതുക്കേണ്ടെന്ന് താൻ തീരുമാനം എടുത്തതായി ഇതിനൊപ്പം ചൂണ്ടിക്കാട്ടിയ ഗാർസ്യ, ഇനിയെന്താണ് ചെയ്യുകയെന്ന കാര്യം തനിക്കറിയില്ലെന്നും കൂട്ടിച്ചേർത്തു.

2008 മുതൽ 2017 വരെ ബാഴ്സലോണയുടെ യൂത്ത് ടീമിൽ അംഗമായിരുന്ന ഗാർസ്യ, 2017ലാണ് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറിയത്.‌ 2018ൽ അവരുടെ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ച ഈ ഇരുപതുകാരൻ ഈ സീസണിൽ വെറും 10 മത്സരങ്ങളിലാണ് അവർക്കായി കളിച്ചത്.

facebooktwitterreddit