Football in Malayalam

മെസി ചെയ്ത കാര്യങ്ങൾ മറ്റാരെക്കൊണ്ടും സാധിച്ചിട്ടില്ലെന്ന് ഇനിയേസ്റ്റ, താരത്തിന് നന്ദി പറഞ്ഞ് കൂമാനും

By Gokul Manthara
Chelsea FC v FC Barcelona - UEFA Champions League Round of 16: First Leg
Chelsea FC v FC Barcelona - UEFA Champions League Round of 16: First Leg / Mike Hewitt/Getty Images
facebooktwitterreddit

കഴിഞ്ഞ 17 വർഷക്കാലം ബാഴ്സലോണയുടെ സീനിയർ ടീമിൽ നിറഞ്ഞു നിന്ന അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി ക്ലബ്ബുമായി പുതിയ കരാറിൽ ഒപ്പുവെക്കില്ലെന്ന കാര്യം കഴിഞ്ഞ‌ ദിവസമാണ് വ്യക്തമായത്. മെസി ഇനി ബാഴ്സലോണ ജേഴ്സി അണിയില്ലെന്ന സത്യം ആരാധകർക്കും അദ്ദേഹത്തിന്റെ സഹതാരങ്ങൾക്കും വലിയ നിരാശയാണ് സമ്മാനിക്കുന്നത്. മെസി ക്ലബ്ബ് വിടുന്ന ഈ വേളയിൽ അദ്ദേഹത്തിന് നന്ദി പറഞ്ഞും, അദ്ദേഹത്തൊടൊപ്പമുള്ള ഓർമ്മകൾ പങ്കുവെച്ചും നിരവധി പ്രമുഖർ രംഗത്തെത്തിക്കഴിഞ്ഞു.

ബാഴ്സലോണയുടെ ഇപ്പോളത്തെ പരിശീലകനായ റൊണാൾഡ് കൂമാ‌ൻ തന്റെ ട്വിറ്റർ ഹാൻഡിലിലൂടെയായിരുന്നു ക്ലബ്ബ് വിടുന്ന മെസിക്കുള്ള നന്ദി അറിയിച്ചത്. മെസി ഇനി ബാഴ്സലോണയിൽ കളിക്കില്ലെന്നത് മനസിലാക്കുക പ്രയാസമാണെന്നും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന സമയം താൻ ശരിക്കും ആസ്വദിച്ചതായും ബാഴ്സലോണയിലെ അവസാന സീസണിൽ മെസിയെ പരിശീലിപ്പിച്ച കൂമാൻ ട്വിറ്ററിൽ‌ കുറിച്ചു.

"എല്ലാത്തിനും നന്ദി ലിയോ. താങ്കൾ ഇനി ബാഴ്സലോണക്കായി കളിക്കില്ലെന്ന് മനസിലാക്കുക ഇപ്പോളും ബുദ്ധിമുട്ടാണ്. നമ്മളുടെ ക്ലബ്ബിനായി നിങ്ങൾ ചെയ്ത എല്ലാ കാര്യങ്ങൾക്കും നന്ദി ലിയോ. നിങ്ങൾക്കൊപ്പം പ്രവർത്തിച്ച സീസൺ മുഴുവൻ ഞാൻ ആസ്വദിച്ചു. നിങ്ങളുടെ വർക്ക് എത്തിക്സും, വിജയം നേടാനുള്ള ത്വരയും എന്നെ അത്യാകർഷിച്ചു. അത് നിങ്ങളെ ലോകത്തെ ഏറ്റവും മികച്ച കളികാരനാക്കുന്നു. ഇപ്പോൾ നിങ്ങൾക്കും, നിങ്ങളുടെ കുടുംബത്തിനും ഏറ്റവും മികച്ചത് ഞാൻ ആശംസിക്കുന്നു." കൂമാൻ ട്വിറ്ററിൽ കുറിച്ചു.

അതേ സമയം മെസിക്കൊപ്പം കളിക്കുന്നത് ആനന്ദദായകമായിരുന്നുവെന്നും അദ്ദേഹം ചെയ്ത കാര്യങ്ങൾ മറ്റാർക്കും ചെയ്യാനായിട്ടില്ലെന്നുമായിരുന്നു സ്പാനിഷ് മാധ്യമമായ ആർ ടി വി ഇ‌യോട് സംസാരിക്കവെ ബാഴ്സയിൽ അദ്ദേഹത്തിന്റെ മുൻ സഹതാരമായിരുന്ന ആന്ദ്രെ ഇനിയേസ്റ്റ പറഞ്ഞത്.

"ഏറെ നീണ്ട കാലം മെസിക്കൊപ്പമുണ്ടായിരുന്നത് ഒരു ബഹുമതിയാണ്. അവൻ ഒന്നാം നമ്പർ താരമാണ്. വർഷം തോറും അവൻ ചെയ്യുന്ന കാര്യങ്ങൾ മറ്റാരും ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല." ഇനിയേസ്റ്റ പറഞ്ഞു.

facebooktwitterreddit