'അത് മെസിയും ക്ലബും തമ്മിലുള്ള കലഹമായിരുന്നു' - ബാഴ്‌സ നായകനുമായി തനിക്ക് യാതൊരു പ്രശ്നവുമില്ലെന്ന് കൂമാൻ

FBL-ESP-FRIENDLY-BARCELONA-NASTIC
FBL-ESP-FRIENDLY-BARCELONA-NASTIC | PAU BARRENA/Getty Images

അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിയുമായി തനിക്ക് ബാഴ്സലോണയിൽ മികച്ച ബന്ധമാണുള്ളതെന്ന് ക്ലബ്ബിന്റെ പുതിയ പരിശീലകൻ റൊണാൾഡ് കൂമാൻ. മെസിയുടെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് കഴിഞ്ഞയിടക്ക് അരങ്ങേറിയ വിവാദങ്ങളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും, അത് കടന്നു പോയതായും കഴിഞ്ഞ ദിവസം ഫോക്സ് സ്പോർട്സിനോട് സംസാരിക്കവെ കൂമാൻ കൂട്ടിച്ചേർത്തു.

ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്സലോണ വിടാൻ തീരുമാനിച്ച മെസിയെ റിലീസ് ക്ലോസ് ഒഴിവാക്കി ക്ലബ്ബ് വിടാൻ അനുവദിക്കില്ലെന്ന് ബോർഡ് അറിയിച്ചതോടെയായിരുന്നു നേരത്തെ വിവാദങ്ങൾ ആരംഭിച്ചത്. എന്നാൽ പിന്നീട് സംഭവം കോടതിയിലെത്തിക്കാൻ താല്പര്യപ്പെടുന്നില്ലെന്നും അതിനാൽ താൻ ക്ലബ്ബിൽ തുടരാൻ തീരുമാനിക്കുകയാണെന്നും മെസി തന്നെ പ്രഖ്യാപിച്ചതോടെ ഈ പ്രശ്നങ്ങൾക്ക് അവസാനമാവുകയായിരുന്നു.

ഇതോടെ താരം ടീമിനൊപ്പം പരിശീലനത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തു. കിക്വെ സെറ്റിയന് പകരം ഇക്കുറി ബാഴ്സലോണയുടെ പുതിയ പരിശീലകനായി ചുമതലയേറ്റ കൂമാനുമായി മെസിക്കുള്ള ബന്ധത്തെച്ചൊല്ലിയും ഇതിനിടെ സംശയമുയർന്നിരുന്നു. എന്നാൽ താനും മെസിയുമായി യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളിലെന്നും എന്തെങ്കിലും തർക്കമുണ്ടെങ്കിൽ അത് അദ്ദേഹവും ക്ലബ്ബും തമ്മിലാണെന്നും ഇപ്പോൾ കൂമാൻ വ്യക്തമാക്കിയിരിക്കുന്നു.

"അക്കാര്യം എന്നെ (ട്രാൻസ്ഫർ വിവാദങ്ങൾ) കടന്നു പോയി. അത് പ്രധാനമായും ക്ലബ്ബും മെസിയും തമ്മിലുള്ള കലഹമായിരുന്നു. അതിന് ശേഷം ഞാൻ മെസിയുമായി സംസാരിച്ചു. ഞങ്ങൾ സാധാരണ പോലെ തന്നെ തുടരും."

റൊണാൾഡ് കൂമാൻ