മെസിയെക്കുറിച്ചും ബാഴ്സയെക്കുറിച്ചുമുള്ള സത്യങ്ങൾ ആളുകൾ അറിയാതിരിക്കുകയാണ് നല്ലതെന്ന് വാൽവെർദെ


ബാഴ്സലോണ പരിശീലകനായി താൻ ചിലവഴിച്ച സമയത്തെ കുറിച്ചും മാനേജരായുള്ള തിരിച്ചുവരവിനെ കുറിച്ചുമെല്ലാം പ്രതികരിച്ച് കാറ്റലൻ ക്ലബിന്റെ മുൻ പരിശീലകനായ ഏർണസ്റ്റോ വാൽവെർദെ. എന്നാൽ ലയണൽ മെസിയടക്കമുള്ള സീനിയർ താരങ്ങൾ താൻ പരിശീലകനായിരുന്ന സമയത്ത് ടീമിനുള്ളിൽ അപ്രമാദിത്വം കാണിച്ചിരുന്നോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ അദ്ദേഹം തയ്യാറായില്ല.
ഇടിബിയുടെ 'എൽ ഡയ ഡി മനാന' എന്ന പരിപാടിക്കിടയിൽ ബാഴ്സലോണ മാനേജരാവാനുള്ള അവസരം ലഭിച്ചതിനെ കുറിച്ച് വാൽവെർദെ പ്രതികരിച്ചത് ഇങ്ങിനെയായിരുന്നു. "ഞാനതിനെപ്പറ്റി രണ്ടാമതൊന്ന് ആലോചിച്ചില്ല. അതൊരു നല്ല അവസരമായിരുന്നു. അത് അനുഭവിക്കാനുള്ള സാധ്യത മുന്നിൽ നിൽക്കെ നിഷേധിക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. ഞാൻ ക്ലബ് വിട്ടതിനെക്കുറിച്ച്? ഞാൻ ക്ലബ് വിട്ടു, അത്രയേയുളളൂ."
Valverde: "It's best that people don't know the truth about Messi" https://t.co/uzgYmgnuG8
— SPORT English (@Sport_EN) August 19, 2021
മെസിയടക്കമുള്ള സീനിയർ താരങ്ങൾക്ക് താൻ പരിശീലകനായിരിക്കുമ്പോൾ ടീമിന്റെ അധികാര കേന്ദ്രങ്ങളായിരുന്നു എന്നതിനെക്കുറിച്ചും വാൽവെർദെ പറഞ്ഞു. "ഇത്തരം കാര്യങ്ങളെക്കുറിച്ച് എനിക്ക് പബ്ലിക്കായി സംസാരിക്കാൻ കഴിയില്ല, അവർ തന്നെയാണ് ഇത്തരം ദുരൂഹതകൾ സൃഷ്ടിച്ചത്. അതങ്ങിനെ ആയിരിക്കണം. ഞങ്ങൾ എങ്ങിനെയാണെന്ന് ആളുകൾ അറിയാതിരിക്കയാണ് നല്ലത്. അവർ സത്യം അറിയാതിരിക്കയാണ് നല്ലത്."
പരിശീലകനായി വീണ്ടും തിരിച്ചെത്തുന്നതിനെക്കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി. "ഞാനും അങ്ങിനെ കരുതുന്നു. എന്നാൽ പ്രചോദനവും ആവേശവും നൽകുന്ന ഒന്നിലാണ് എനിക്ക് താൽപര്യം. ബാഴ്സലോണ വിട്ടതിനു ശേഷം എനിക്ക് ഫുട്ബോളിൽ നിന്ന് കുറച്ചു സമയം മാറി നിൽക്കണമായിരുന്നു. യാത്ര ചെയ്യാനും ആഗ്രഹിച്ചിരുന്നെങ്കിലും കോവിഡ് മൂലം അതു നടന്നില്ല. ഞാനെന്താണ് ഇനി ചെയ്യുകയെന്ന് എനിക്കു തന്നെ ഉറപ്പില്ല," അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.