2021-22 സീസൺ ഐഎസ്എൽ മത്സരക്രമം പ്രഖ്യാപിച്ചു, ഉദ്ഘാടന മത്സരം കേരള ബ്ലാസ്റ്റേഴ്സും എടികെയും തമ്മിൽ


ഇന്ത്യൻ സൂപ്പർ ലീഗ് 2021-22 സീസണിലെ ആദ്യ പതിനൊന്നു റൗണ്ട് മത്സരങ്ങളുടെ സമയക്രമം പ്രഖ്യാപിച്ചു. നവംബർ പത്തൊമ്പതിന് ആരംഭിച്ച് ജനുവരി ഒൻപത്, 2022 വരെ നീണ്ടു നിൽക്കുന്ന പതിനൊന്നു റൗണ്ട് മത്സരങ്ങളുടെ സമയക്രമമാണ് നിലവിൽ പുറത്തു വിട്ടിരിക്കുന്നത്. ടൂർണമെന്റിൽ ബാക്കിയുള്ള മത്സരങ്ങളുടെ സമയവും വേദികളും ഡിസംബർ മാസത്തിലാണ് പ്രഖ്യാപിക്കുക.
നവംബർ പത്തൊമ്പതിനു നടക്കുന്ന മത്സരത്തിൽ കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ എടികെ മോഹൻ ബഗാനും കേരള ബ്ലാസ്റ്റേഴ്സും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഈസ്റ്റ് ബംഗാൾ നവംബർ 21നു ജംഷഡ്പൂർ എഫ്സിയെ നേരിട്ട് പുതിയ സീസണിൽ അവരുടെ ആദ്യത്തെ മത്സരം കളിക്കും.
? ???????? ?
— Indian Super League (@IndSuperLeague) September 13, 2021
??????? ??????-?????? #??????? ?????? ?????? ?#LetsFootball
അതേസമയം നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്സിയുടെ ആദ്യത്തെ മത്സരം നവംബർ 22നാണ്. കരുത്തരായ ഗോവയെയാണ് അവർ അന്നത്തെ മത്സരത്തിൽ നേരിടുക. ഇന്ത്യൻ ഫുട്ബോളിലെ തന്നെ വമ്പൻ ശക്തികളായ എടികെ മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ എന്നിവർ തമ്മിലുള്ള ഇന്ത്യാസ് പ്രീമിയർ ഡെർബി നവംബർ 27നാണു നടക്കുക.
ശനി, ഞായർ ദിവസങ്ങളിൽ രണ്ടു മത്സരങ്ങൾ നടക്കുന്നതിലുള്ള സമയക്രമത്തിൽ കഴിഞ്ഞ സീസണിൽ നിന്നും ഇത്തവണ വ്യത്യാസമുണ്ട്. ഇതിലൊരു മത്സരം സാധാരണയിൽ നിന്നും മാറി 9.30നാണ് ആരംഭിക്കുക. മറ്റു വീക്കഡേ മത്സരങ്ങളെല്ലാം കഴിഞ്ഞ സീസണിലേതു പോലെ 7.30നു നടക്കും.
ഗോവയിൽ മൂന്നു സ്റ്റേഡിയങ്ങളിലായാണ് ഈ സീസണിലെ ഐഎസ്എൽ മത്സരങ്ങൾ നടക്കുക. കാണികൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. 11 ടീമുകൾ മത്സരിക്കുന്ന, ആകെ 115 മത്സരങ്ങൾ നടക്കുന്ന ലീഗിന്റെ ഫൈനൽ 2022 മാർച്ചിലാണ് നടക്കുക.