Football in Malayalam

ആദ്യജയം തേടി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നു ബംഗളൂരുവിനെതിരെ, സാധ്യത ലൈനപ്പ് അറിയാം

Sreejith N
FBL-IND-ISL-KOLKATA-KERALA-FINAL
FBL-IND-ISL-KOLKATA-KERALA-FINAL / SAJJAD HUSSAIN/GettyImages
facebooktwitterreddit

ഐഎസ്എൽ 2021-22 സീസണിൽ സൗത്ത് ഇന്ത്യൻ ടീമുകൾ തമ്മിൽ നടക്കുന്ന ആദ്യപോരാട്ടത്തിൽ ചിരവൈരികളായ കേരള ബ്ലാസ്‌റ്റേഴ്‌സും ബംഗളൂരു എഫ്‌സിയും ഏറ്റുമുട്ടും. കേരള ബ്ലാസ്‌റ്റേഴ്‌സ് ഈ സീസണിലെ ആദ്യത്തെ ജയം പ്രതീക്ഷിച്ച് കളത്തിലിറങ്ങുമ്പോൾ കഴിഞ്ഞ മത്സരത്തിൽ വഴങ്ങിയ തോൽവിയുടെ ക്ഷീണം വിജയത്തോടെ മാറ്റുകയെന്നതാണ് ബെംഗളൂരു ലക്ഷ്യമിടുന്നത്.

ഈ സീസൺ ഐഎസ്എല്ലിൽ ഇരുടീമുകളും രണ്ടു മത്സരങ്ങൾ കളിച്ചപ്പോൾ ബ്ലാസ്റ്റേഴ്‌സ് ഒരെണ്ണത്തിൽ തോൽക്കുകയും ഒന്നിൽ സമനില വഴങ്ങുകയും ചെയ്‌തു. എടികെ മോഹൻ ബഗാനുമായി നടന്ന ഉദ്ഘാടന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകളുടെ പരാജയം വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് അതിനു ശേഷം നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഗോൾരഹിത സമനിലയിൽ പിരിയുകയായിരുന്നു. അതുകൊണ്ടു തന്നെ കരുത്തരായ ബംഗളൂരുവിനെതിരെ വിജയം മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് ലക്‌ഷ്യം വെക്കുന്നത്.

മറുവശത്ത് ഈ സീസണിലെ ആദ്യമത്സരത്തിൽ മികച്ച വിജയമാണ് ബംഗളൂരു സ്വന്തമാക്കിയത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് വിജയിച്ച അവർ പക്ഷെ കഴിഞ്ഞ മത്സരത്തിൽ വമ്പൻ തോൽവിയാണു ഏറ്റു വാങ്ങിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ഒഡിഷ എഫ്‌സിയോട് തോറ്റ അവർക്ക് ബ്ലാസ്‌റ്റേഴ്‌സിനെതിരെ ഇറങ്ങുമ്പോൾ ആ തോൽവിയുടെ നിരാശ മറികടക്കുക എന്നതു മാത്രമായിരിക്കും ലക്ഷ്യം.

ഇരുവരും തമ്മിൽ ഇതുവരെ ഏറ്റുമുട്ടിയ കണക്കുകൾ നോക്കിയാൽ ബംഗളൂരുവിനു ബ്ലാസ്റ്റേഴ്‌സിനു മേൽ വ്യക്തമായ ആധിപത്യമുണ്ട്. ഐഎസ്എല്ലിൽ ഇതുവരെ എട്ടു മത്സരങ്ങളിൽ രണ്ടു ടീമുകളും തമ്മിൽ ഏറ്റു മുട്ടിയപ്പോൾ അഞ്ചു തവണയും ബംഗളൂരു വിജയം സ്വന്തമാക്കിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടു മത്സരങ്ങളിൽ വിജയം നേടിയപ്പോൾ ഒരൊറ്റ മത്സരം മാത്രമേ സമനിലയിൽ പിരിഞ്ഞിട്ടുള്ളൂ.

ബംഗളൂരു എഫ്‌സി സാധ്യത ഇലവൻ

ഗുർപ്രീത് സിങ് സദ്ദു (ഗോൾകീപ്പർ), അജിത് കുമാർ, അലൻ കോസ്റ്റ, മുസാവു കിംഗ്, ആഷിഖ് കുരുണിയൻ, ബ്രൂണോ റാമിറസ്, സുരേഷ് സിങ് വാങ്യം, ഉദാന്ത സിങ്, ജയേഷ് റാണെ, സുനിൽ ഛേത്രി (ക്യാപ്റ്റൻ), ക്ലിന്റൺ സിൽവ

കേരള ബ്ലാസ്റ്റേഴ്‌സ് സാധ്യത ഇലവൻ

ആൽബിനോ ഗോമസ് (ഗോൾകീപ്പർ), ഹർമൻജോത് ഖബ്‌റ, മാർകോ ലെസ്‌കോവിച്ച്, എനെസ് സിപോവിച്ച്, ജെസ്സെൽ കാർനീരോ (ക്യാപ്റ്റൻ), ആയുഷ് അധികാരി, ജീക്സൺ സിങ്, വിൻസി ബാരെറ്റോ, അഡ്രിയാൻ ലൂണ, സഹൽ അബ്ദുൽ സമദ്, ജോർജ് പെരേര ഡയസ്

facebooktwitterreddit