Football in Malayalam

ലാൽറുവാത്താരയും പ്രശാന്തും ഗംഭീരമായിരുന്നു, ചാങ്തെക്കെതിരെ ഒരുക്കിയ പദ്ധതിയെക്കുറിച്ച് മനസ് തുറന്ന് ഇഷ്ഫാഖ്

By Gokul Manthara
Ishfaq Ahmed
Ishfaq Ahmed / KhelNow
facebooktwitterreddit

ചെന്നൈയിൻ‌ എഫ് സിക്കെതിരെ കഴിഞ്ഞ‌ ദിവസം നടന്ന ഐ എസ് എൽ മത്സരത്തിൽ തന്റെ ടീം ക്ലീൻ ഷീറ്റ് നേടണമെന്ന് ആഗ്രഹിച്ചിരുന്നതായി കേരളാ ബ്ലാസ്റ്റേഴ്സിന്റെ താൽക്കാലിക പരിശീലകനായ ഇഷ്ഫാഖ് അഹമ്മദ്. ക്ലീൻ ഷീറ്റ് നേടാനായില്ലെങ്കിലും തന്റെ കളിക്കാർ മികച്ച പ്രകടനം കാഴ്ച വെച്ചെന്നും 1-1ന് അവസാനിച്ച മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ഇഷ്ഫാഖ് അഹമ്മദ് അഭിപ്രായപ്പെട്ടു.‌

"പ്രതിരോധത്തിൽ മികച്ച രീതിയിൽ പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിച്ചു. പ്രധാന കാര്യം ക്ലീൻ ഷീറ്റ് നേടുക എന്നതായിരുന്നു. ക്ലീൻ ഷീറ്റ് നേടാൻ കഴിഞ്ഞില്ലെങ്കിലും എല്ലാവരും നന്നായി പ്രതികരിച്ചു," ഇഷ്ഫാഖ് പറഞ്ഞു.

മത്സരത്തിൽ ചെന്നൈയുടെ മധ്യനിര സൂപ്പർ താരം ലാലിയൻസുവാല ചാങ്തെയെ തളച്ച കേരളാ ബ്ലാസ്റ്റേഴ്സിന്റെ പദ്ധതികളെക്കുറിച്ചും സംസാരത്തിനിടെ ഇഷ്ഫാഖ് മനസ് തുറന്നു. ചാങ്തെക്കായി തന്റെ ടീമിന് ഒരു പദ്ധതിയുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ ഇഷ്ഫാഖ് ഇതേക്കുറിച്ച് പറഞ്ഞത് ഇങ്ങനെ,

""ഞങ്ങൾക്ക് അവനായി (ചാങ്തെയ്ക്ക്) ഒരു പദ്ധതിയുണ്ടായിരുന്നു. എന്നിരുന്നാലും 10 മിനുറ്റ് അവന് ലഭിച്ചു (മികച്ച രീതിയിൽ കളിക്കാൻ). അത് അപകടകരമായിരുന്നു. ഞങ്ങൾ വേണ്ടത്ര ശ്രദ്ധിച്ചില്ല. എന്നാൽ അടുത്ത 80 മിനുറ്റുകളിൽ ലാൽറുവാത്താരക്കും, പ്രശാന്തിനും ഗംഭീരമായ മത്സരമായിരുന്നുവെന്ന് ഞാൻ കരുതുന്നു. ആദ്യ മിനുറ്റുകൾക്ക് ശേഷം അദ്ദേഹം (ചാങ്തെ) കാര്യമായ ചലനം സൃഷ്ടിച്ചില്ല. "

ഇഷ്ഫാഖ് അഹമ്മദ്

ചെന്നൈയിൻ എഫ് സിക്കെതിരായ മത്സരത്തിൽ ജോർദാൻ മുറെക്ക് കൂടുതൽ പന്തുകൾ എത്തിച്ചു നൽകാനായിരുന്നു കേരളാ ബ്ലാസ്റ്റേഴ്സിന്റെ പദ്ധതികളെന്ന് സംസാരത്തിനിടെ ചൂണ്ടിക്കാട്ടിയ ഇഷ്ഫാഖ്, സീസണിൽ ഉജ്ജ്വല പ്രകടം കാഴ്ച വെച്ച ഗാരി ഹൂപ്പറിനെ പ്രശംസിക്കാനും മടി കാണിച്ചില്ല‌.

"" അദ്ദേഹം (ഗാരി ഹൂപ്പർ) ഗംഭീരനാണെന്ന് ഞാൻ കരുതുന്നു‌. അദ്ദേഹം ലീഗിലെ ഏറ്റവും മികച്ച കളിക്കാരിലൊളാണെന്ന് ഞാൻ വിശ്വസിക്കുന്നു. നമ്പർ 9 കളിക്കാരനാണെങ്കിലും നമ്പർ 10 ആയി കളിക്കാൻ ഞങ്ങൾ അദ്ദേഹത്തോട് ആവശ്യപ്പെടുന്നു. അദ്ദേഹം മത്സരം കൈകാര്യം ചെയ്യുന്ന രീതിയും, അദ്ദേഹത്തിന്റെ ആദ്യ ടച്ചും അതിശയകരമാണ്. അദ്ദേഹം വളരെയധികം മെച്ചെപ്പെട്ടു.""

ഇഷ്ഫാഖ് അഹമ്മദ്
facebooktwitterreddit