Indian Football

ഇഗോർ സ്റ്റിമാക്കാണ് തന്റെ മികച്ച പ്രകടനത്തിനു സഹായിച്ചതെന്ന് ഇഷാൻ പണ്ഡിറ്റ

Sreejith N
Ishan Pandita Credits Igor Stimac For His Performance
Ishan Pandita Credits Igor Stimac For His Performance / Ishan Pandita Twitter
facebooktwitterreddit

തന്നെ വിശ്വസിക്കുകയും ദേശീയ ടീമിൽ അരങ്ങേറ്റത്തിന് അവസരം നൽകുകയും ചെയ്‌ത ഇഗോർ സ്റ്റിമാക്കിനോടുള്ള കടപ്പാട് വെളിപ്പെടുത്തി ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ സ്‌ട്രൈക്കറായ ഇഷാൻ പണ്ഡിറ്റ. കളിക്കളത്തിലും പുറത്തും ക്രൊയേഷ്യൻ പരിശീലകൻ തന്നെ സഹായിച്ചിട്ടുണ്ടെന്നും ഇന്ത്യൻ ടീമിനൊപ്പം ചിലവഴിക്കാൻ കഴിഞ്ഞ അവസരങ്ങൾ മികച്ചൊരു അനുഭവമായിരുന്നുവെന്നും താരം പറഞ്ഞു.

സൂപ്പർ സബ്ബായി അറിയപ്പെടുന്ന ഈ മാസം നടന്ന ഏഷ്യൻ കപ്പ് യോഗ്യത മത്സരത്തിൽ ഹോങ് കോങിനെതിരെയാണ് തന്റെ ആദ്യത്തെ ഗോൾ ദേശീയ ടീമിനു വേണ്ടി നേടുന്നത്. ഗ്രൂപ്പിലെ മൂന്നു മത്സരങ്ങളും വിജയിച്ച് തുടർച്ചയായി ഏഷ്യൻ കപ്പ് യോഗ്യതയെന്ന നേട്ടം ചരിത്രത്തിൽ ആദ്യമായി സ്വന്തമാക്കാൻ ഇന്ത്യക്ക് കഴിഞ്ഞിരുന്നു. എൽഎഫ്എൽ ഷോയിൽ സംസാരിക്കുമ്പോഴാണ് ദേശീയ ടീമിലെ അനുഭവത്തെക്കുറിച്ചും പരിശീലകൻ ഇഗോർ സ്റ്റിമാക്ക് തനിക്കു നൽകിയ ആത്മവിശ്വാസത്തെക്കുറിച്ചും ഇഷാൻ പറഞ്ഞത്.

"തീർച്ചയായും ഇതിനെല്ലാം ഇഗോർ സ്റ്റിമാക്കിനോടു തന്നെയാണ് ഞാൻ കടപ്പെട്ടിരിക്കുന്നത്. കാരണം ദുബായിൽ വെച്ച് ദേശീയ ടീമിനൊപ്പം എനിക്ക് അരങ്ങേറ്റം നൽകിയത് അദ്ദേഹമാണ്. അതിനു ശേഷം ഈ വർഷവും അദ്ദേഹം എനിക്ക് കളിക്കളത്തിൽ ഇറങ്ങുന്നതിന് അവസരം നൽകി, ഞാനെന്റെ ആദ്യത്തെ ഗോൾ നേടുകയും ചെയ്‌തു. എല്ലാ അംഗീകാരവും അദ്ദേഹത്തിനും കൂടി ഉള്ളതാണ്."

"കളിക്കളത്തിലും പുറത്തും അദ്ദേഹം എനിക്ക് വളരെയധികം സഹായം ചെയ്‌തിട്ടുണ്ട്‌. ഭാഗ്യവശാൽ ഇത്തവണ ഞങ്ങൾക്ക് ഒരുപാട് സമയം ഒരുമിച്ച് ചിലവഴിക്കാൻ കഴിഞ്ഞു. ബെല്ലാരിയിൽ ഞങ്ങൾ നേരത്തെ തന്നെ ക്യാമ്പ് ആരംഭിച്ചു, അതിനു ശേഷം കൊൽക്കത്തയിൽ. വളരെ മികച്ചൊരു അനുഭവമായിരുന്നു." താരം വ്യക്തമാക്കി.

സ്പെയിനിൽ തന്റെ കരിയർ ആരംഭിച്ച ഇഷാൻ പണ്ഡിറ്റ നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബായ ജംഷഡ്പൂർ എഫ്‌സിയുടെ താരമാണ്. ഏതാണ്ട് അറുപതു ലക്‌ഷ്യം രൂപയോളം മുടക്കി ടീമിലെത്തിച്ച താരം കഴിഞ്ഞ സീസണിൽ 17 മത്സരങ്ങളിൽ നിന്നും മൂന്നു ഗോളുകൾ നേടി. ഈ സീസണിൽ കൂടുതൽ മികവ് കാണിക്കാൻ കഴിയുമെന്നാണ് താരം പ്രതീക്ഷിക്കുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit