Football in Malayalam

ക്രിസ്റ്റ്യൻ എറിക്‌സണ് ഇറ്റലിയിൽ കളിക്കാൻ തടസമുണ്ടെന്നു സ്ഥിരീകരിച്ച് ഇറ്റാലിയൻ ഫുട്ബോൾ അസോസിയേഷൻ

Sreejith N
Christian Eriksen of FC Internazionale gestures during the...
Christian Eriksen of FC Internazionale gestures during the... / Nicolò Campo/Getty Images
facebooktwitterreddit

യൂറോ കപ്പ് മത്സരത്തിനിടെ ഹൃദയാഘാതം സംഭവിച്ചു മൈതാനത്തു കുഴഞ്ഞു വീണു ചികിത്സക്കു വിധേയനായ ഡെന്മാർക്ക് താരം ക്രിസ്റ്റ്യൻ എറിക്‌സണ് ഇന്റർ മിലാനൊപ്പം സീരി എയിൽ കളിക്കാനിറങ്ങാൻ തടസങ്ങളുണ്ടെന്നു സ്ഥിരീകരിച്ച് ഇറ്റാലിയൻ എഫ്എ. ഹൃദയത്തിന്റെ പ്രവർത്തനങ്ങൾക്കു സഹായിക്കുന്ന ഇമ്പ്ലാന്റബിൾ കാർഡിയോവെർട്ടർ ഡിഫിബ്രില്ലേറ്റർ (ഐസിഡി) ശരീരത്തിൽ ഘടിപ്പിച്ചിട്ടുള്ള എറിക്‌സണു കളിക്കാനിറങ്ങാൻ അത് നീക്കം ചെയ്യണമെന്ന് അവർ വ്യക്തമാക്കി.


യൂറോ 2020ലെ ഡെന്മാർക്ക്-ഫിൻലൻഡ് മത്സരത്തിനിടെയാണ് താരം കുഴഞ്ഞ് വീണത്. മത്സരം നാൽപ്പത് മിനുറ്റുകൾ പിന്നിട്ടപ്പോളായിരുന്നു ഇത്. ഉടൻ തന്നെ മെഡിക്കൽ സംഘം താരത്തിനരികിലെത്തി‌. ഗ്രൗണ്ടിൽ വെച്ചുള്ള അടിയന്തര ചികിത്സക്ക് ശേഷം താരത്തെ സ്ട്രെച്ചറിൽ ആശുപത്രിയിയിലേക്ക് കൊണ്ടു പോവുകയും ചെയ്തു. തുടർന്ന് ഐസിഡി ശരീരത്തിൽ ഘടിപ്പിക്കാനുള്ള ശസ്ത്രക്രിയക്ക് താരം വിധേയനാവുകയും ചെയ്തു. എന്നാൽ, ഡിഫിബ്രില്ലേറ്റർ നീക്കം ചെയ്താൽ മാത്രമെ താരത്തിന് ഇൻ്ററിന് വേണ്ടി വീണ്ടും കളിക്കാൻ കഴിയൂ എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇറ്റാലിയൻ എഫ്എയുടെ ടെക്നിക്കൽ-സയൻ്റിഫിക് കമ്മിറ്റിയുടെ ഡയറക്ടറായ ഫ്രാൻസെസ്കോ ബ്രാകനാരോ.

"ക്രിസ്റ്റ്യൻ എറിക്‌സണ് ഇറ്റലിയിൽ കളിക്കാൻ പൂർണമായും അനുമതി നൽകാൻ കഴിയില്ല. അദ്ദേഹം ഐസിഡി നീക്കം ചെയ്യുകയാണെങ്കിൽ രോഗവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടുവെന്നു മനസിലാക്കാൻ കഴിയും. അങ്ങിനെയാണെങ്കിൽ താരത്തിന് ഇന്റർ മിലാനു വേണ്ടി വീണ്ടും കളിക്കാനിറങ്ങാൻ കഴിയും." ബ്രാകനാരോ ഫുട്ബോൾ ഇറ്റാലിയയോട് പറഞ്ഞു.

അതേസമയം സമാനമായ ഉപകരണം ശരീരത്തിൽ സ്ഥാപിച്ചു കളിക്കുന്ന താരമായ നെതർലാൻഡ്‌സിന്റെ ഡെലി ബ്ലിൻഡ് എറിക്‌സണ് പൂർണമായും പിന്തുണ പ്രഖ്യാപിച്ചു. ക്രിസ്റ്റ്യൻ എറിക്‌സണെ ഒറ്റക്ക് വിടാൻ ബാക്കിയുള്ളവർ തയ്യാറാകണമെന്നും താരത്തിന് കളിക്കാൻ കഴിയുമെന്നു സ്വയം ബോധ്യപ്പെട്ടാൽ അതിനു അനുവദിക്കാതിരിക്കുന്നത് ന്യായമല്ലെന്നുമാണ് ബ്ലിൻഡ് പറഞ്ഞത്.


facebooktwitterreddit