ലുക്കാക്കു ചെൽസിയിലെത്താൻ സാധ്യതയേറുന്നു, ഓഫർ വർധിപ്പിച്ചാൽ ബെൽജിയൻ താരത്തെ ഇന്റർ വിട്ടു നൽകും


റൊമേലു ലുക്കാക്കുവിനായുള്ള ചെൽസിയുടെ ആദ്യത്തെ ഓഫർ ഇന്റർ മിലാൻ നിഷേധിച്ചെങ്കിലും താരം പ്രീമിയർ ലീഗ് ക്ലബ്ബിലേക്ക് ചേക്കേറാനുള്ള സാധ്യതകൾ വർധിക്കുന്നു. നേരത്തെ താരത്തിനു വേണ്ടി ചെൽസി നൽകിയ 100 മില്യൺ യൂറോയുടെ ഓഫറാണ് ഇന്റർ നിഷേധിച്ചത്. എന്നാൽ 120 മില്യൺ യൂറോ നൽകിയാൽ താരത്തെ ഇന്റർ വിട്ടു നൽകാൻ തയ്യാറാകുമെന്നാണ് ഗോൾ അടക്കമുള്ള യൂറോപ്യൻ മാധ്യമങ്ങൾ വ്യക്തമാക്കുന്നത്.
ബൊറൂസിയ ഡോർട്മുണ്ട് താരമായ എർലിങ് ഹാലാൻഡിനു വേണ്ടിയുള്ള ശ്രമങ്ങൾ എവിടെയുമെത്താത്തതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം ലുക്കാക്കുവിനു വേണ്ടി ചെൽസി ആദ്യത്തെ നീക്കം നടത്തിയത്. ഇന്ററിനു താൽപര്യമുള്ള സ്പാനിഷ് താരം മാർക്കോസ് അലോൺസോ കൂടി ഉൾപ്പെടുന്ന ഓഫർ ചെൽസി മുന്നോട്ടു വെച്ചപ്പോൾ താരങ്ങളുടെ കൈമാറ്റത്തിൽ താൽപര്യമില്ലെന്ന് ഇന്റർ അറിയിക്കുകയായിരുന്നു.
? If Chelsea offer €110-120M for Romelu Lukaku, Inter Milan will consider that offer 'very very carefully'
— Football Daily (@footballdaily) August 3, 2021
? Lukaku is said not to be motivated by money, if he leaves for Chelsea it would be for 'sporting reasons'
[via @SkyKaveh] pic.twitter.com/EHZOqusOce
എന്നാൽ സാമ്പത്തികമായി പ്രതിസന്ധി അനുഭവിക്കുന്ന ഇന്റർ 120 മില്യൺ യൂറോ ലഭിച്ചാൽ ബെൽജിയൻ താരത്തെ വിട്ടു കൊടുക്കാൻ തയ്യാറാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ക്ലബിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം തനിക്കു വേണ്ട താരങ്ങളെ സ്വന്തമാക്കാൻ കഴിയാത്തതിന്റെ പേരിൽ പരിശീലകനായ അന്റോണിയോ കൊണ്ടേ ഇന്റർ വിട്ടതിനു പിന്നാലെ കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയ അഷ്റഫ് ഹക്കിമി പിഎസ്ജിയിലേക്കും ചേക്കേറിയിരുന്നു.
ലുക്കാക്കുവിന് ഇന്റർ വിടാൻ താൽപര്യമില്ലെങ്കിലും ഇറ്റാലിയൻ ക്ലബ് ഓഫർ സ്വീകരിച്ചാൽ ചെൽസിയിലേക്ക് ചേക്കേറാമെന്ന നിലപാടാണ് താരത്തിന്റേത്. എന്നാൽ ചെൽസി ട്രാൻസ്ഫറിനു വേണ്ടി സമ്മർദ്ദം ചെലുത്താൻ ബെൽജിയൻ സ്ട്രൈക്കർക്ക് താൽപര്യമില്ല. യൂറോ കപ്പിനു ശേഷം ടീമിലേക്ക് മടങ്ങിയെത്തിയ താരം തനിക്ക് ഇന്റർ മിലാനിൽ തന്നെ തുടരാനാണ് ആഗ്രഹമെന്ന് വ്യക്തമാക്കിയിരുന്നു.
തോമസ് ടുഷെൽ പരിശീലകനായതിനു ശേഷം മികച്ച ഫോമിലെത്തിയ ചെൽസിക്ക് അടുത്ത സീസണിൽ കൂടുതൽ മികവു കാണിക്കാൻ ഒരു സ്ട്രൈക്കറുടെ സാന്നിധ്യം അനിവാര്യമായതു കൊണ്ടാണ് അവരതിനു വേണ്ടി വൻതുക ചിലവഴിക്കാൻ തയ്യാറാകുന്നത്. കഴിഞ്ഞ സീസണിൽ സീരി എയിലെ സെക്കൻഡ് ടോപ് സ്കോററായ ലുക്കാക്കുവിന് പ്രീമിയർ ലീഗിലുള്ള പരിചയസമ്പത്തും ബ്ലൂസിനെ ആകർഷിക്കുന്നു.