Football in Malayalam

സീരി എയിൽ കളിക്കുന്നതിൽ നിന്നും വിലക്ക്, എറിക്‌സന്റെ കരാർ റദ്ദാക്കാൻ ഇന്റർ ഒരുങ്ങുന്നു

Sreejith N
Christian Eriksen of Fc Internazionale  looks on during the...
Christian Eriksen of Fc Internazionale looks on during the... / Marco Canoniero/GettyImages
facebooktwitterreddit

യൂറോ കപ്പ് ടൂർണ്ണമെന്റിനിടെ ഹൃദയാഘാതം സംഭവിച്ചതിനു ശേഷം ഇതുവരെയും കളിക്കളത്തിലേക്ക് മടങ്ങി വന്നിട്ടില്ലാത്ത ക്രിസ്റ്റ്യൻ എറിക്‌സന്റെ കരാർ റദ്ദാക്കാൻ ഇന്റർ മിലാൻ ഒരുങ്ങുന്നു. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുള്ള താരത്തിനു സീരി എയിൽ കളിക്കാൻ വിലക്കുള്ളതു കൊണ്ടാണ് കരാർ ഒഴിവാക്കാനുള്ള തീരുമാനത്തിലേക്ക് ഇന്റർ മിലാൻ എത്തിയതെന്ന് സ്‌പാനിഷ്‌ മാധ്യമം മാർക്ക റിപ്പോർട്ടു ചെയ്യുന്നു.

താരം പൂർണമായും ഫിറ്റ്നസ് വീണ്ടെടുക്കുകയും ആരോഗ്യം അനുവദിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ കളിക്കാൻ കഴിയുമെന്ന് സീരി എ നേതൃത്വം അറിയിച്ചിരുന്നു. എന്നാൽ ഹൃദയമിടിപ്പിന്റെ വ്യതിയാനങ്ങൾ കൃത്യമാക്കാൻ വേണ്ടി ശരീരത്തിൽ ഘടിപ്പിക്കുന്ന ഉപകരണമായ ഇമ്പ്ലാന്റബിൾ കാർഡിയോവേർട്ടർ ഡീഫൈബറില്ലെറ്റർ ഉപയോഗിക്കുന്നുണ്ടെങ്കിൽ സീരി എയിൽ കളിക്കാൻ കഴിയില്ലെന്നാണ് അവരുടെ നിലപാട്.

നിലവിൽ ഈ ഉപകരണം ഘടിപ്പിച്ചിട്ടുള്ള എറിക്‌സൺ അത് ഒഴിവാക്കിയാൽ മാത്രമേ സീരി എയിൽ കളിക്കാൻ കഴിയുകയുള്ളൂ. എന്നാൽ അതിനു താരം തയ്യാറാവാൻ സാധ്യതയില്ല. ഇതെല്ലാം മുൻനിർത്തിയാണ് കൊണ്ടാണ് ഇന്റർ മിലാനും എറിക്‌സണും പരസ്‌പര ധാരണയിൽ കരാർ ഒഴിവാക്കാൻ തയ്യാറെടുക്കുന്നത്. ഈ ഉപകരണം വെച്ചാലും കളിക്കാൻ കഴിയുന്ന ഏതെങ്കിലും ലീഗുകളിലേക്ക് ചേക്കേറാനാണ് താരം നോക്കുന്നത്.

നിലവിൽ ഡെന്മാർക്കിലെ ഒരു ക്ലബിനൊപ്പം പരിശീലനം നടത്തുന്ന എറിക്‌സൺ കളിക്കളത്തിലേക്ക് മടങ്ങി വരാൻ കഴിയുമെന്ന ഉറച്ച പ്രതീക്ഷയിലാണ്. യൂറോപ്പിലെ മറ്റു ലീഗുകളെ അപേക്ഷിച്ച് മത്സരത്തിന്റെ കാഠിന്യം അവിടെ കുറവാണെന്നത് താരത്തിന്റെ ശാരീരികാവസ്ഥക്ക് ചേരുന്നതാണെങ്കിലും എറിക്‌സന്റെ വേതനവ്യവസ്ഥകൾ അംഗീകരിക്കാൻ ക്ലബുകൾക്ക് കഴിയണം എന്നില്ല.

നേരത്തെ ടോട്ടനം ഹോസ്‌പറിലേക്ക് താരം തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അതിനുള്ള സാധ്യതകളും ഇല്ലാതായിട്ടുണ്ട്. മുൻപ് കളിച്ചിട്ടുള്ള അയാക്‌സാണ് എറിക്‌സൺ ചേക്കേറാൻ സാധ്യതയുള്ള മറ്റൊരു ക്ലബ്. നൂറോളം മത്സരങ്ങൾ ഡച്ച് ക്ലബിനായി കളിച്ചിട്ടുള്ള എറിക്‌സൺ 2013ലാണ് ടോട്ടനത്തിലേക്ക് ചേക്കേറുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit