ഫ്രീ ട്രാൻസ്ഫറിൽ മെസ്സിയെ സ്വന്തമാക്കാൻ മോഹിപ്പിക്കുന്ന വാഗ്ദാനവുമായി ഇന്റർ മിലാൻ

Lionel Messi
FC Barcelona v Internazionale - UEFA Champions League | Soccrates Images/Getty Images

ബാഴ്‌സലോണ നായകൻ ലയണൽ മെസ്സിയെ റാഞ്ചാനുള്ള ശ്രമങ്ങളിൽ നിന്നും ഇന്റർ പുറകോട്ടു പോയിട്ടില്ലെന്നാണ് നിലവിൽ ഫുട്ബോൾ ലോകത്ത് നിന്നുള്ള വാർത്തകൾ നല്കുന്ന സൂചന. അടുത്ത സീസൺ തീരുന്നതോടെ ബാഴ്‌സയുമായി കരാർ അവസാനിക്കാനിരിക്കുന്ന താരത്തെ ഫ്രീ ട്രാൻസ്ഫറിൽ സ്വന്തമാക്കാൻ അവിശ്വസനീയമായ ഓഫറാണ് ഇന്റർ മുന്നോട്ടു വെച്ചിരിക്കുന്നത്.

ഇറ്റാലിയൻ മാധ്യമമായ ഗസറ്റ ഡെല്ല സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം മെസ്സിക്ക് ഒരു സീസണിൽ അമ്പതു ദശലക്ഷം യൂറോയിലേറെ പ്രതിഫലം നൽകിയുള്ള നാല് വർഷത്തെ കരാറാണ് ഇന്റർ വാഗ്ദാനം ചെയ്യുന്നത്. ഇതോടെ 38 വയസു വരെ മെസ്സി യൂറോപ്യൻ ഫുട്ബോളിൽ തുടരുകയും ഏതാണ്ട് 260 ദശലക്ഷം യൂറോയോളം ഇക്കാലയളവിൽ താരത്തിന് പ്രതിഫലമായി ലഭിക്കുകയും ചെയ്യും.

ഈ ഓഫർ യാഥാർഥ്യമാവുകയാണെങ്കിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബഹുദൂരം പിന്നിലാക്കുന്ന പ്രതിഫലമാണ് മെസ്സിക്ക് ലഭിക്കുക. മെസ്സിയെപ്പോലെ ഫുട്ബോൾ ലോകത്ത് ബിംബവൽക്കരിക്കപ്പെട്ട ഒരു താരത്തെ ടീമിലെത്തിക്കുക വഴിയുണ്ടാകുന്ന നേട്ടങ്ങളാണ് ഇത്രയും കൂടിയ തുക താരത്തിന് ഓഫർ ചെയ്യാൻ ഇന്റർ നേതൃത്വത്തെ പ്രേരിപ്പിക്കുന്നത്. ഫ്രീ ട്രാൻസ്ഫറിലാണ് താരത്തെ ലഭിക്കുകയെന്നത് അതിനു കൂടുതൽ സാധ്യതയുണ്ടാക്കുന്നു.

സ്പാനിഷ് ടാക്സ് നിയമങ്ങളുടെ കടുത്ത നൂലാമാലകളിൽ നിന്നും രക്ഷപ്പെടാനായി മെസ്സിയുടെ പിതാവ് ഇറ്റലിയിൽ ഒരു വീട് വാങ്ങിയതോടെയാണ് അർജന്റീന താരവും ഇന്ററുമായി ബന്ധപ്പെട്ടുള്ള അഭ്യൂഹങ്ങൾ വീണ്ടുമുയർന്നത്. അടുത്ത സീസണോടെ കരാർ അവസാനിക്കാനിരിക്കുന്ന താരം അത് പുതുക്കാൻ തയ്യാറാവാത്തത് ഇതിനുള്ള സാധ്യതകൾ വർദ്ധിപ്പിക്കുന്നു.