ലുക്കാക്കുവിനെ സ്വന്തമാക്കാനുറപ്പിച്ച് ചെൽസി, ആദ്യ ഓഫർ ഇന്റർ മിലാൻ നിരസിച്ചു


ബെൽജിയൻ സ്ട്രൈക്കറായ റൊമേലു ലുക്കാക്കുവിനെ സ്വന്തമാക്കാൻ വേണ്ടി ചെൽസി മുന്നോട്ടു വെച്ച ആദ്യത്തെ ഓഫർ ഇന്റർ മിലാൻ നിരസിച്ചുവെന്നു റിപ്പോർട്ടുകൾ. ചെൽസിയുടെ സ്പാനിഷ് ഫുൾബാക്കായ മാർകോ അലോൻസോ കൂടി ഉൾപ്പെടുന്ന എൺപത്തിയഞ്ചു മില്യൺ പൗണ്ടിന്റെ ഓഫറാണ് ഇന്റർ മിലാൻ തള്ളിക്കളഞ്ഞതെന്ന് സ്കൈ സ്പോർട്സാണ് റിപ്പോർട്ടു ചെയ്തത്.
അടുത്ത സീസണിലേക്ക് ഗോൾവലക്കു മുന്നിൽ അത്യന്തം അപകടകാരിയായ ഒരു സ്ട്രൈക്കറുടെ സേവനം തേടുന്ന ചെൽസി നേരത്തെ എർലിങ് ബ്രൂട് ഹാലൻഡിനെയാണ് സ്വന്തമാക്കാൻ ശ്രമിച്ചിരുന്നതെങ്കിലും താരത്തെ വിട്ടുകൊടുക്കാൻ ബൊറൂസിയ ഡോർട്മുണ്ട് താല്പര്യം കാണിക്കാത്തതു കൊണ്ടാണ് ലുക്കാക്കുവിലേക്ക് ശ്രദ്ധ തിരിഞ്ഞത്. 94 മില്യനും 102 മില്യനും ഇടയിലുള്ള ഒരു തുക ഓഫർ ചെയ്താൽ താരത്തെ ഇന്റർ വിട്ടു കൊടുക്കുമെന്നാണ് ചെൽസി പ്രതീക്ഷിക്കുന്നത്.
? | Chelsea have had an offer for Romelu Lukaku worth £85m rejected by Inter Milan.
— Sky Sports News (@SkySportsNews) August 3, 2021
വർഷങ്ങൾക്കു ശേഷം കഴിഞ്ഞ സീസണിൽ ഇന്റർ മിലാൻ സീരി എ കിരീടം സ്വന്തമാക്കിയപ്പോൾ അതിനു നിർണായക പങ്കു വഹിച്ച താരമായ ലുക്കാക്കു ഇരുപത്തിനാലു ഗോളുകളും 11 അസിസ്റ്റുമാണ് ലീഗിൽ നേടിയത്. ഇന്റർ മിലാനിൽ പ്രധാന താരമായി വളർന്നതു കൊണ്ടു തന്നെ ക്ലബ് വിടാൻ ലുക്കാക്കുവിന് ആഗ്രഹമില്ലെങ്കിലും വമ്പൻ തുകയുടെ ഓഫർ ലഭിച്ചാൽ സാമ്പത്തിക പ്രതിസന്ധിയിലുള്ള ഇന്റർ അതു പരിഗണിക്കാൻ സാധ്യതയുണ്ട്.
പ്രീമിയർ ലീഗിൽ നിരവധി ക്ലബുകളിൽ കളിച്ചിട്ടുള്ള ലുക്കാക്കു ഇംഗ്ലണ്ടിൽ ആദ്യമായി കളിക്കുന്നത് ചെൽസിയിലാണ്. എന്നാൽ ഫസ്റ്റ് ടീമിൽ ഇടം കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് വെസ്റ്റ് ബ്രോം, എവെർട്ടൺ എന്നിവിടങ്ങളിൽ ലോണിൽ കളിച്ച താരത്തെ പിന്നീട് ടോഫിസ് സ്ഥിരം കരാറിൽ സ്വന്തമാക്കി. അതിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിലും കളിച്ചതിനു ശേഷമാണ് ലുക്കാക്കു ഇന്റർ മിലാനിലേക്ക് ചേക്കേറുന്നത്.
തകർപ്പൻ ഫോമിൽ കളിക്കുന്ന ലുക്കാക്കുവിനെ സ്വന്തമാക്കാൻ കഴിഞ്ഞാൽ അടുത്ത സീസണിൽ ചെൽസിക്കതു വലിയ കുതിപ്പ് നല്കുമെന്നതിൽ സംശയമില്ല. അർധാവസരങ്ങൾ പോലും മുതലാക്കാൻ കഴിയുന്ന ഒരു ഗോൾവേട്ടക്കാരന്റെ അഭാവമുണ്ടെന്ന് കഴിഞ്ഞ സീസണിൽ പ്രകടമാക്കിയ ചെൽസിക്ക് അതു പരിഹരിക്കാൻ കഴിഞ്ഞാൽ ഈ സീസണിൽ ഏറ്റവും കരുത്തുറ്റ ടീമായി മാറാൻ കഴിയും.