റൊണാൾഡോയെ സ്വന്തമാക്കാനുള്ള അവസരം വേണ്ടെന്നു വെച്ച് ഇന്റർ മിലാൻ


മാഞ്ചസ്റ്റർ യുണൈറ്റഡിലെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭാവി അനിശ്ചിതത്വത്തിൽ തുടരുന്നതിനിടെ പോർച്ചുഗീസ് താരത്തെ സ്വന്തമാക്കാൻ ലഭിച്ച അവസരം ഇറ്റാലിയൻ ക്ലബായ ഇന്റർ മിലാൻ നിരസിച്ചുവെന്നു റിപ്പോർട്ടുകൾ. ഏജന്റായ ജോർജ് മെൻഡസ് റൊണാൾഡോയെ ഇന്റർ മിലാന് ഓഫർ ചെയ്തുവെങ്കിലും സീരി എ ക്ലബിന് താരത്തിൽ താല്പര്യമില്ലെന്നാണ് ലാ റിപ്പബ്ലിക്ക റിപ്പോർട്ടു ചെയ്യുന്നു.
ക്രിസ്റ്റ്യാനോ റൊണാൾഡോയെ നിലനിർത്താനാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് താൽപര്യമെങ്കിലും താരം ക്ലബിൽ പൂർണമായും തൃപ്തനല്ലെന്നാണ് റിപ്പോർട്ടുകൾ. ട്രാൻസ്ഫർ മാർക്കറ്റിൽ ക്ലബിന്റെ ഇടപെടൽ പരിമിതമായത് വരുന്ന സീസണിൽ കിരീടങ്ങൾ നേടാനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സാധ്യതകൾ ഇല്ലാതാക്കുമെന്നു കരുതുന്ന റൊണാൾഡോ മറ്റു ക്ലബ്ബുകളിലേക്ക് ട്രാൻസ്ഫർ പരിഗണിക്കുന്നുണ്ട്.
ഇതിന്റെ ഭാഗമായി ഏജന്റായ ജോർജ് മെൻഡസ് താരത്തെ ഇന്റർ മിലാന് ഓഫർ ചെയ്തെങ്കിലും 'നോ' എന്നായിരുന്നു അവരുടെ മറുപടിയെന്ന് റിപ്പോട്ടുകൾ വ്യക്തമാക്കുന്നു. ചെൽസിയിൽ നിന്നും ലോൺ കരാറിൽ ടീമിലെത്തിക്കുന്ന റൊമേലു ലുക്കാക്കുവും അർജന്റീന താരം ലൗടാരോ മാർട്ടിനസും ചേർന്ന് അടുത്ത സീസണിൽ ടീമിന്റെ മുന്നേറ്റനിരയെ നയിക്കുമെന്ന പദ്ധതിയാണ് ഇന്റർ മിലാന്റേത്.
അതേസമയം ക്ലബ് വിടാൻ ആഗ്രഹമുണ്ടെങ്കിലും ഒരു വർഷം കൂടി കരാർ ബാക്കിയുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു കൊടുക്കാനുള്ള സാധ്യത വളരെ കുറവാണ്. എന്നാൽ കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന ദിനങ്ങളിൽ യുവന്റസിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചു വന്നതു പോലെയൊരു അപ്രതീക്ഷിത ട്രാൻസ്ഫർ ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.