Football in Malayalam

ലുക്കാക്കു ഇന്റർ മിലാൻ വിടില്ല, ഉറപ്പു നൽകി താരത്തിന്റെ ഏജന്റ്

Sreejith N
Romelu Lukaku of FC Internazionale warms up during the Serie...
Romelu Lukaku of FC Internazionale warms up during the Serie... / SOPA Images/Getty Images
facebooktwitterreddit

നിരവധി വർഷങ്ങൾക്കു ശേഷം ഇന്റർ മിലാന് സീരി എ കിരീടം സ്വന്തമാക്കി നൽകുന്നതിൽ നിർണായക പങ്കു വഹിച്ച ബെൽജിയൻ സ്‌ട്രൈക്കർ റൊമേലു ലുക്കാക്കുവുമായി ബന്ധപ്പെട്ട ട്രാൻസ്‌ഫർ അഭ്യൂഹങ്ങളോടു പ്രതികരിച്ച് താരത്തിന്റെ ഏജന്റ്. കഴിഞ്ഞ സീസണിൽ ഇന്റർ മിലാന്റെ ടോപ് സ്കോററായിരുന്ന താരത്തിനു സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ക്ലബ് വിടാൻ യാതൊരു പദ്ധതിയുമില്ലെന്നാണ് ഏജന്റ് വ്യക്തമാക്കിയത്.

പ്രീമിയർ ലീഗിലെ പ്രധാന ശക്തികളായ മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും ഒരു സ്‌ട്രൈക്കർക്കു വേണ്ടിയുള്ള അന്വേഷണങ്ങൾ നടത്തിക്കൊണ്ടിരിക്കയാണ്. പ്രീമിയർ ലീഗിൽ നാലോളം ക്ലബുകളുടെ ഭാഗമായിരുന്ന് നൂറിലധികം ഗോളുകൾ നേടിയിട്ടുള്ള ലുക്കാക്കുവിൽ ഈ ക്ലബുകൾക്ക് താൽപര്യമുണ്ടെങ്കിലും ഏജന്റിന്റെ വെളിപ്പെടുത്തൽ ഇന്റർ മിലാന് ആശ്വാസമാണ്.

ലുക്കാക്കുവിന്റെ കാര്യത്തിൽ നിലവിലെ സീരി എ ചാമ്പ്യന്മാർക്ക് സമാധാനത്തോടു കൂടി തുടരാൻ കഴിയുമോയെന്ന ചോദ്യത്തിന് എഫ്‌സി ഇന്റർ ന്യൂസിനോട് മറുപടി പറയുകയായിരുന്നു താരത്തിന്റെ ഏജന്റായ ഫെഡറികോ പാസ്റ്ററില്ല. " അതെ, ഉറപ്പായും. റൊമേലു വെക്കേഷനിലാണ്, താരം അതർഹിക്കുന്നു. താരം പറഞ്ഞതു പ്രകാരം യാതൊരു പ്രശ്‌നവും നിലവിലില്ല."

സാമ്പത്തിക പ്രതിസന്ധി ഇന്ററിനെ വളരെയധികം ബാധിച്ചത് പുതിയ പരിശീലകനായ സിമോൺ ഇൻസാഗിക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. എന്നാൽ ഇന്റർ നേതൃത്വവുമായി ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തിയെന്നും നിലവിൽ യാതൊരു കുഴപ്പവും അതു സംബന്ധിച്ചില്ലെന്നും ഏജന്റ് ഉറപ്പിച്ചു പറഞ്ഞു.

2019ലാണ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ അവസരങ്ങൾ കുറഞ്ഞതിന്റെ ഭാഗമായി ലുക്കാക്കു ഇന്റർ മിലാനിലേക്ക് ചേക്കേറിയത്. ഇറ്റാലിയൻ ക്ലബിനു വേണ്ടി 95 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 64 തവണ വല കുലുക്കുകയും ചെയ്‌തിട്ടുണ്ട്‌.

facebooktwitterreddit