Football in Malayalam

പൗളോ ഡിബാലയുടെ ഏജന്റുമായി ചര്‍ച്ച നടത്തി ഇന്റർ മിലാൻ അധികൃതർ

Haroon Rasheed
Paulo Dybala of Juventus Fc  during warm up before the Serie...
Paulo Dybala of Juventus Fc during warm up before the Serie... / Marco Canoniero/GettyImages
facebooktwitterreddit

യുവന്റസുമായുള്ള കരാർ ഈ സീസണ്‍ അവസാനത്തോടെ അവസാനിക്കുന്ന പൗളോ ഡിബാലയിൽ ഉള്ള തങ്ങളുടെ താല്പര്യം അറിയിക്കാൻ ഇന്റര്‍ മിലാന്‍ അധികൃതര്‍ താരത്തിന്റെ ഏജന്റുമായി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്.

ഇന്റര്‍ മിലാന്‍ ഡയറക്ടര്‍മാരായ ബെപ്പെ മറോട്ട, പിയറോ ഓസിലിയോ എന്നിവർ ഡിബാലയുടെ ഏജന്റായ ജോർജ് ആന്റണുമായി ചര്‍ച്ച നടത്തിയെന്ന് ടുട്ടോസ്പോർട്ട് ആണ് റിപ്പോർട്ട് ചെയ്യുന്നത്. ഡിബാലക്ക് ഇന്റർ ഇത് വരെ കരാർ വാഗ്‌ദാനം നൽകിയിട്ടില്ലെന്നും, ഭാവിയുടെ കാര്യത്തില്‍ താരം ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

യുവന്റസ് വിടുന്ന ഡിബാലയിൽ നിരവധി ക്ലബുകൾക്കാണ് താത്പര്യം. ഇന്ററിന് പുറമെ, അത്ലറ്റിക്കോ മാഡ്രിഡ്, ടോട്ടൻഹാം ഹോട്സ്പർ, ആഴ്‌സണൽ, പാരീസ് സെന്റ്-ജർമൻ എന്നിവ താരം ചേക്കേറാൻ സാധ്യതയുള്ള ഇടങ്ങളാണെന്ന് ടുട്ടോസ്‌പോർട് വ്യക്തമാക്കുന്നു.

വില്പനക്ക് വെച്ചിട്ടുള്ള ചെൽസിയെ പുതിയ ഉടമസ്ഥർ ഏറ്റെടുത്താൽ അവർ ഡിബാലക്ക് വേണ്ടിയുള്ള നീക്കം നടത്താൻ പദ്ധതിയിടുന്നുണ്ടെന്നും 90min മനസിലാക്കുന്നു.

ഡിസംബറിന് മുന്‍പ് യുവന്റസ് ഡിബാലക്ക് മികച്ച ഓഫര്‍ നല്‍കിയിരുന്നെങ്കിലും, പിന്നീടതിലെ നിബന്ധനകൾ പരിഷ്‌കരിക്കാൻ ഇറ്റാലിയൻ ക്ലബ് തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് കരാർ പുതുക്കൽ ചർച്ചകൾ വഴിമുട്ടിയത്. ഈ സീസൺ കഴിയുന്നതോടെ ഡിബാല ക്ലബ് വിടുമെന്ന് യുവന്റസ് സിഇഓ മൗറിസിയോ അറിവാബെനെ വ്യക്തമാക്കിയിരുന്നു.

2015ല്‍ പാലെര്‍മോ വിട്ടായിരുന്നു ഡിബാല സീരീ എ വമ്പന്മാരായ യുവന്റസിലേക്ക് ചേക്കേറിയത്. യുവന്റസിന് വേണ്ടി 283 മത്സരങ്ങൾ കളിച്ച ഡിബാല 113 ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit