Football in Malayalam

ഷെസ്‌നിയുടെ കാര്യത്തിൽ സഹതാപമുണ്ടെങ്കിലും ഇന്റർ തന്നെയാണു സീരി എ കിരീടം അർഹിച്ചിരുന്നതെന്ന് ലെവൻഡോവ്‌സ്‌കി

Sreejith N
FBL-EURO-2016-POL-GER
FBL-EURO-2016-POL-GER / JANEK SKARZYNSKI/Getty Images
facebooktwitterreddit

ദേശീയ ടീം സഹതാരവും യുവന്റസ് ഗോൾകീപ്പറുമായ ഷെസ്‌നിയുടെ കാര്യത്തിൽ സഹതാപമുണ്ടെങ്കിലും ഈ സീസണിലെ സീരി എ കിരീടം ഇന്റർ മിലാൻ തന്നെയാണ് അർഹിച്ചിരുന്നതെന്ന് ബയേൺ മ്യൂണിക്കിന്റെ പോളണ്ട് സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോവ്‌സ്‌കി. ഇറ്റാലിയൻ മാധ്യമമായ ടുട്ടോസ്പോർട്ടിനോട് സംസാരിക്കുമ്പോഴാണ് ഈ സീസണിലെ യൂറോപ്യൻ ഗോൾഡൻ ഷൂ നേട്ടത്തിലേക്ക് കുതിക്കുന്ന ലെവൻഡോവ്‌സ്‌കി ഇക്കാര്യം വ്യക്തമാക്കിയത്.

"ഷെസ്‌നിയുടെ കാര്യത്തിൽ സഹതാപമുണ്ട്, അദ്ദേഹം എന്റെ സഹതാരവും സുഹൃത്തുമാണ്. എന്നാൽ ഇന്റർ തന്നെയാണ് വിജയം അർഹിച്ചിരുന്നത്, മഹത്തായൊരു ടീമാണെന്ന് അവർ തെളിയിച്ചു. അതേസമയം ഒൻപതു തവണ തുടർച്ചയായി ലീഗ് സ്വന്തമാക്കുകയെന്ന ബയേണിന്റെയും യുവന്റസിന്റെയും നേട്ടം അസാധാരണമാണ്. കോവിഡ് മൂലം ഈ സീസൺ സങ്കീർണമായിരുന്നു എങ്കിലും പൊതുവെ ഓരോ വർഷവും ലീഗ് നേടുകയെന്നത് ദുഷ്കരമാണ്," ലെവൻഡോവ്‌സ്‌കി പറഞ്ഞു.

സീരി എയിലേക്ക് ചേക്കേറാനുള്ള സാധ്യതകളെക്കുറിച്ച് സംസാരിച്ച ലെവാൻഡോസ്‌കി തന്റെ ആരാധനാ പാത്രമായി പറയുന്നത് ഒരു ഇറ്റാലിയൻ താരത്തെയാണ്. "എന്റെ ആദ്യത്തെ ആരാധനാപാത്രം റോബർട്ടോ ബാജിയോയാണ്. അദ്ദേഹം ഇറ്റലിക്ക് വേണ്ടി കളിക്കുന്ന സമയത്ത് ഭ്രാന്തമായ ഇഷ്‌ടം എനിക്കുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ടെക്‌നിക്, ഡ്രിബ്ലിങ്, ഗോളുകൾ, പോണിടെയ്ൽ എല്ലാം മനോഹരമായിരുന്നു. അതുപോലെ യുവന്റസിൽ ഡെൽ പിയറോയെയും ഞാൻ ഓർക്കുന്നുണ്ട്

"ചാമ്പ്യൻസ് ലീഗിൽ നേരിട്ടുള്ള ചില സ്ക്വാഡുകളെയും എനിക്കറിയാം. എന്തു തന്നെയായാലും എനിക്കിപ്പോൾ ബയേണുമായി കരാറുണ്ട്, ഞാനാ ക്ലബിൽ സന്തോഷവാനാണ്. വളരെ തന്ത്രപരമായതും പ്രതിരോധപരമായതുമായ ശൈലിയാണ് സീരി എയുടേത്. ജർമനി, സ്പെയിൻ, ഇംഗ്ലണ്ട് എന്നിവിടങ്ങളിലേതു പോലെ തന്നെ ഇറ്റലിയിൽ ഗോൾ നേടാനും വളരെ ബുദ്ധിമുട്ടാണ്." ലെവൻഡോവ്‌സ്‌കി പറഞ്ഞു.

പോർച്ചുഗീസ് പരിശീലകനായ ഹോസെ മൗറീന്യോ ഇറ്റാലിയൻ ക്ലബായ റോമയുടെ മാനേജർ സ്ഥാനമേറ്റെടുത്തത് തന്നെ ആശ്ചര്യപ്പെടുത്തിയെന്നും ലെവൻഡോവ്‌സ്‌കി പറഞ്ഞു. താൻ ഒരിക്കലും അതു പ്രതീക്ഷിച്ചിരുന്നില്ലെന്നും മികച്ച ടീമാണ് റോമയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം ഫോളോ ചെയ്യൂ.

facebooktwitterreddit