Football in Malayalam

ലൗടാരോ മാർട്ടിനസിനോട് അർജന്റീന ടീമിനൊപ്പം ചേരരുതെന്നാവശ്യപ്പെട്ട് ഇന്റർ മിലാൻ

Sreejith N
Chile v Argentina - FIFA World Cup Qatar 2022 Qualifier
Chile v Argentina - FIFA World Cup Qatar 2022 Qualifier / Pool/GettyImages
facebooktwitterreddit

മാർച്ചിൽ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അർജന്റീന ടീമിനൊപ്പം ചേരരുതെന്ന് ലൗടാരോ മാർട്ടിനസിനോട് ആവശ്യപ്പെട്ട് താരത്തിന്റെ ക്ലബായ ഇന്റർ മിലാൻ. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഇന്റർ മിലാന് നിരവധി പ്രധാന മത്സരങ്ങൾ കളിക്കേണ്ട സാഹചര്യത്തിലാണ് അപ്രധാനമായ ലോകകപ്പ് യോഗ്യത മത്സരങ്ങൾ ഒഴിവാക്കാൻ അവർ ആവശ്യപ്പെട്ടത്.

മാർച്ച് മാസത്തിൽ ലിവർപൂളിനെതിരെ ആൻഫീൽഡിൽ നടക്കുന്ന ചാമ്പ്യൻസ് ലീഗ് പോരാട്ടമാണ് ഇന്റർ മിലാനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതിനു ശേഷം മാർച്ചിൽ ടോറിനോ, ഫിയോറെന്റീന എന്നിവർക്കെതിരെ കളിക്കേണ്ട ടീം ഏപ്രിൽ ആദ്യം യുവന്റസിനെയും നേരിടും. നിലവിൽ ലീഗിൽ മൂന്നാം സ്ഥാനത്തു നിൽക്കുന്ന ഇന്ററിനെ സംബന്ധിച്ച് നിർണായകമാണ് ഈ മത്സരങ്ങൾ.

ഈ മാസം നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ വെനസ്വല, ഇക്വഡോർ എന്നിവരെയാണ് അർജന്റീന നേരിടുന്നത്. മാർച്ച് ഇരുപത്തിയാറിനും മുപ്പതിനും നടക്കുന്ന ഈ മത്സരങ്ങളിൽ നിന്നും താരത്തെ ഒഴിവാക്കാനാണ് ഇന്റർ ആവശ്യപ്പെടുന്നതെന്ന് ഗസറ്റ ഡെല്ല സ്‌പോർട് വ്യക്തമാക്കുന്നു. ലോകകപ്പ് യോഗ്യത നേരത്തെ ഉറപ്പിച്ച അർജന്റീനക്ക് ഈ രണ്ടു മത്സരങ്ങളും പ്രധാനമല്ല.

നിലവിൽ അത്ര മികച്ച ഫോമിലല്ല ലൗടാരോ മാർട്ടിനസ്. ഈ സീസണിൽ ഇരുപത്തിനാലു ലീഗ് മത്സരങ്ങളിൽ നിന്നും പതിനൊന്നു ഗോളുകളാണ് താരം നേടിയിട്ടുള്ളത്. എട്ടു ലീഗ് മത്സരമടക്കം അവസാനത്തെ പത്തു മത്സരങ്ങളിൽ നിന്നും ഇന്റർ മിലാനായി ഒരു ഗോൾ പോലും നേടാനും താരത്തിന് കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ രണ്ടു ലോകകപ്പ് യോഗ്യത മത്സരങ്ങളിലും അർജന്റീന ടീമിനായി ഗോൾ കണ്ടെത്തിയ താരമാണ് ലൗടാരോ മാർട്ടിനസ്. ഇന്ററിന്റെ അഭ്യർത്ഥന മാനിച്ച് താരം ദേശീയ ടീമിൽ നിന്നും ഒഴിവാക്കപ്പെടാൻ സാധ്യത ഉണ്ടെങ്കിലും ലയണൽ മെസി ഈ മത്സരങ്ങളിൽ കളിക്കാനിടയുള്ളത് അർജന്റീനക്ക് ആശ്വാസമാണ്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit