ലൂയിസ് സുവാരസിനെ സ്വന്തമാക്കാനുറപ്പിച്ച് ഇന്റർ മിയാമി


അത്ലറ്റികോ മാഡ്രിഡിന്റെ യുറുഗ്വായ് സ്ട്രൈക്കറായ ലൂയിസ് സുവാരസിനെ സ്വന്തമാക്കാൻ എംഎൽഎസ് ക്ലബായ ഇന്റർ മിയാമി നീക്കങ്ങളാരംഭിച്ചു. നേരത്തെ തന്നെ യുറുഗ്വായ് താരത്തെ ടീമിലെത്തിക്കാനുള്ള താൽപര്യം വ്യക്തമാക്കിയിട്ടുള്ള, ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റർ മിയാമി ഈ ജനുവരിയിലോ അടുത്ത സമ്മറിലോ താരത്തെ സ്വന്തമാക്കാൻ വേണ്ടി ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് എൽ ചിരിങ്കുയിറ്റോയെ അടിസ്ഥാനമാക്കി മാർക്ക റിപ്പോർട്ടു ചെയ്തു.
കഴിഞ്ഞ സീസണിൽ പ്ലേ ഓഫിൽ ഇടം നേടാൻ കഴിയാതെ പോയ ഇന്റർ മിയാമി 2022 ക്യാമ്പയിന് മുന്നോടിയായി ടീമിനെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾ നടത്തുന്നുണ്ട്. അതേസമയം കഴിഞ്ഞ സീസണിൽ അത്ലറ്റികോ മാഡ്രിഡിനു ലാ ലിഗ കിരീടം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കു വഹിച്ച സുവാരസ് ഈ സീസണിൽ പതറുന്നതിനാൽ താരത്തെ വിൽക്കാൻ അത്ലറ്റികോ മാഡ്രിഡിനും താൽപര്യമുണ്ട്.
Transfer news LIVE: David Beckham 'eyes' Luis Suarez for stunning Inter Miami transfer
— Daily Record Sport (@Record_Sport) January 18, 2022
⬇️⬇️⬇️https://t.co/VNXcGZ3GQn pic.twitter.com/jGdRPQow6u
ഇന്റർ മിയാമിയുടെ പ്രധാന താരമായിരുന്ന ബ്ലെയ്സ് മാറ്റിയൂഡി ക്ലബ് വിട്ടതിനു പകരക്കാരനെ എത്തിക്കേണ്ടത് അവർക്ക് ആവശ്യമാണ്. ഗോൺസാലോ ഹിഗ്വയ്ൻ ടീമിനൊപ്പം ഉണ്ടെങ്കിലും താരം അടുത്തു തന്നെ റിട്ടയർ ചെയ്യുമെന്ന സൂചനകളുള്ളതും സുവാറസിനു വേണ്ടിയുള്ള ശ്രമങ്ങളെ ഊർജ്ജിതമാക്കാൻ ഇന്റർ മിയാമിയെ പ്രേരിപ്പിച്ചിട്ടുണ്ട്.
ഈ സീസണോടെ കരാർ അവസാനിക്കുന്ന സുവാരസ് നിലവിലെ സാഹചര്യത്തിൽ അത് പുതുക്കാനുള്ള സാധ്യതയില്ല. ഇന്റർ മിയാമിയിലേക്ക് ചേക്കേറാനുള്ള താൽപര്യമുണ്ടെങ്കിലും ലിവർപൂളിൽ സഹതാരമായിരുന്ന ജെറാർഡ് പരിശീലകനായ ആസ്റ്റൺ വില്ലക്ക് സുവാരസിൽ താല്പര്യമുള്ളത് താരം ചിലപ്പോൾ പരിഗണിക്കാൻ സാധ്യതയുണ്ടെന്നത് അമേരിക്കൻ ക്ലബിനു ഭീഷണിയാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.