പിഎസ്ജിയിൽ നിന്നും മെസി ഇന്റർ മിയാമിയിലേക്കോ? അമേരിക്കൻ ക്ലബിനു താരത്തെ ആവശ്യമുണ്ടെന്ന് ഹിഗ്വയ്ൻ


നിലവിൽ പിഎസ്ജിയിൽ കളിച്ചു കൊണ്ടിരിക്കുന്ന അർജന്റീന താരം ലയണൽ മെസി അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിൽ എത്താനുള്ള സാധ്യതകൾ തള്ളിക്കളയാതെ ദേശീയ ടീമിലെ സഹതാരമായിരുന്ന ഗോൺസാലോ ഹിഗ്വയ്ൻ. മാഞ്ചസ്റ്റർ യുണൈറ്റഡ്, ഇംഗ്ലണ്ട് ഇതിഹാസമായ ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റർ മിയാമിക്ക് താരത്തെ സ്വന്തമാക്കാനുള്ള താൽപര്യമുണ്ടെന്നു തന്നെയാണ് ഹിഗ്വയ്ൻ പറയുന്നത്.
ലയണൽ മെസി അമേരിക്കൻ ലീഗിൽ കളിക്കുമെന്നുള്ള അഭ്യൂഹങ്ങൾ വളരെക്കാലമായി ഫുട്ബോൾ ലോകത്ത് സജീവമായി നിലനിൽക്കുന്നുണ്ട്. പിഎസ്ജിയുമായുള്ള കരാർ അവസാനിച്ചു കഴിഞ്ഞാൽ താരം അടുത്തതായി ചേക്കേറുക അമേരിക്കൻ ലീഗിലേക്കായിരിക്കുമെന്ന വാർത്തകളുടെ ഇടയിലാണ് അതിനു ശക്തി പകരുന്ന പ്രതികരണവുമായി ഹിഗ്വയ്ൻ രംഗത്തു വന്നിരിക്കുന്നത്.
"എനിക്ക് കുഴപ്പങ്ങളിലേക്ക് ചാടാൻ താല്പര്യമില്ല. ലിയോ (ലയണൽ മെസി) മിയാമിയിൽ എത്തുന്നതിനെക്കുറിച്ച് എനിക്ക് ഒന്നുമറിയില്ല. രണ്ടു വർഷത്തേക്കാണ് താരത്തിനു പിഎസ്ജിയുമായി കരാറുള്ളത്. എന്നാൽ ക്ലബിന് (ഇന്റർ മിയാമിക്ക്) താരത്തെ ആവശ്യമാണ്, എന്തു സംഭവിക്കുമെന്ന് നമുക്ക് കണ്ടറിയാം," ഇഎസ്പിഎന്നിനോട് സംസാരിക്കുമ്പോൾ ഹിഗ്വയ്ൻ പറഞ്ഞു.
2023 വരെ ഫ്രഞ്ച് ക്ലബുമായി കരാർ നിലനിൽക്കുന്ന ലയണൽ മെസി അതിനു ശേഷം മാത്രമേ അടുത്ത ക്ലബിനെക്കുറിച്ച് തീരുമാനമെടുക്കൂ എന്ന കാര്യം വ്യക്തമാണ്. ആ സമയത്തും യൂറോപ്പിൽ മികച്ച പ്രകടനം നടത്തുകയാണെങ്കിൽ അമേരിക്കയിലേക്ക് ചേക്കേറുന്നത് താരം വൈകിപ്പിക്കാനാണ് സാധ്യത. എന്നാൽ അമേരിക്കയിൽ കളിക്കാനുള്ള താൽപര്യം താരം മുൻപ് വെളിപ്പെടുത്തിയിട്ടുള്ളതു കൊണ്ടു തന്നെ ട്രാൻസ്ഫറിനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല.
അതേസമയം മെസിയുടെ കൂടെ ക്ലബിൽ ഒരുമിക്കാനുള്ള സാധ്യത ഇല്ലെന്നാണ് ഹിഗ്വയ്ന്റെ വാക്കുകൾ വ്യക്തമാക്കുന്നത്. ഇന്റർ മിയാമിയുമായി ഒരു വർഷത്തെ കരാറാണ് ബാക്കിയുള്ളതെന്നും അതിനു ശേഷം ഫുട്ബോൾ അടക്കം എല്ലാ കാര്യങ്ങളിൽ നിന്നും ഒരു അവധിയെടുക്കുമെന്നുമാണ് ഭാവിയെക്കുറിച്ച് ചോദിച്ചപ്പോൾ ഹിഗ്വയ്ൻ പറഞ്ഞത്.