Football in Malayalam

മെസി അമേരിക്കൻ ലീഗിലെത്തും, സ്വാഗതം ചെയ്‌ത്‌ മുൻ അർജന്റീനിയൻ സഹതാരം ഹിഗ്വയ്ൻ

Sreejith N
Argentina v Chile: Championship - Copa America Centenario
Argentina v Chile: Championship - Copa America Centenario / Omar Vega/Getty Images
facebooktwitterreddit

ബാഴ്‌സലോണയുമായി ഈ സീസണോടെ കരാർ അവസാനിക്കാനിരിക്കുന്ന ലയണൽ മെസിയുമായി ബന്ധപ്പെട്ട ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾ ശക്തി പ്രാപിച്ചു കൊണ്ടിരിക്കെ താരം അമേരിക്കൻ ലീഗിലെത്താനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന് ദേശീയ ടീമിൽ സഹതാരമായിരുന്ന ഗോൺസാലോ ഹിഗ്വയ്ൻ. നിരവധി ഇതിഹാസതാരങ്ങൾ കളിച്ചിട്ടുള്ളതു കൊണ്ടു തന്നെ മെസിക്കും അമേരിക്കൻ ലീഗിൽ കളിക്കാനാകുമെന്ന് ഹിഗ്വയ്ൻ വ്യക്തമാക്കി.

"ലോകകപ്പ് വിജയം നേടിയ ആന്ദ്രേ പിർലോ ഇവിടേക്ക് വന്നിട്ടുണ്ട്. തിയറി ഹെൻറി, ഡേവിഡ് വിയ്യ, മാറ്റിയൂഡി എന്നിവരും ഇവിടെ കളിച്ചിരുന്നു. മെസി ഇവിടെയെത്തില്ലെന്നു പറയാൻ യാതൊരു കാരണവും ഞാൻ കാണുന്നില്ല. മെസിക്കതിൽ സന്തോഷമാണെങ്കിൽ അദ്ദേഹത്തെ ഇരുകൈകളും നീട്ടി സ്വാഗതം ചെയ്യുന്നു," ഇഎസ്‌പിഎന്നിനോട് സംസാരിക്കുമ്പോൾ ഹിഗ്വയ്ൻ പറഞ്ഞു.

"എവിടെ കളിക്കണമെന്നും വ്യക്തിപരമായും കായികപരമായും തന്റെ സ്വന്തം താൽപര്യങ്ങളും തനിക്ക് ഏറ്റവും മികച്ചത് എന്തൊക്കെയാണെന്നും മെസിയാണ് തീരുമാനിക്കേണ്ടത്. എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ ഇനിയും ചാമ്പ്യൻസ് ലീഗിൽ തുടരാനുള്ള കഴിവ് മെസിക്കുണ്ട്," ഹിഗ്വയ്ൻ കൂട്ടിച്ചേർത്തു.

കഴിഞ്ഞ സമ്മറിൽ മെസി ബാഴ്‌സലോണ വിടാൻ ബുറോഫാക്സ് അയച്ചത് മുതൽ ചില വമ്പൻ ക്ലബുകൾ താരത്തിന്റെ നീക്കങ്ങൾ ശ്രദ്ധിക്കുന്നുണ്ട്. ഇതുവരെയും തന്റെ ഭാവിയെക്കുറിച്ച് യാതൊരു തീരുമാനവും എടുത്തിട്ടില്ലാത്ത മെസി ഈ സീസണ് ശേഷമേ അതേക്കുറിച്ച് ചിന്തിക്കുവെന്ന് നേരത്തെ പറഞ്ഞിരുന്നു.

അതേസമയം അമേരിക്കൻ ലീഗിൽ കളിക്കാനുള്ള താല്പര്യം മെസി നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്. അമേരിക്ക മനോഹരമായ രാജ്യമാണെന്നും കരിയറിന്റെ ഒരു ഘട്ടത്തിൽ അവിടെ കളിക്കാൻ താല്പര്യമുണ്ടെന്നുമാണ് ഈ സീസണിൽ ലാ ലിഗയിലെ ടോപ് സ്കോററായ താരം മുൻപ് പറഞ്ഞിട്ടുള്ളത്.

facebooktwitterreddit