Football in Malayalam

ലയണൽ മെസി ഇന്റർ മയാമി ജേഴ്‌സി അണിഞ്ഞു കളിക്കുമെന്ന് തനിക്ക് ശുഭാപ്തിവിശ്വാസമുണ്ടെന്ന് ക്ലബിന്റെ സഹഉടമയായ ജോർജ് മാസ്

Gokul Manthara
Jun 11, 2021, 12:04 PM GMT+5:30
FC Barcelona v Arsenal - Pre-Season Friendly
FC Barcelona v Arsenal - Pre-Season Friendly / David Ramos/Getty Images
facebooktwitterreddit

അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി ഭാവിയിൽ അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയിൽ കളിക്കാനെത്തുമെന്ന ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച് ക്ലബ്ബിന്റെ സഹഉടമയായ ജോർജ് മാസ്. ഇംഗ്ലീഷ് ഫുട്ബോൾ ഇതിഹാസം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ക്ലബ്ബിലേക്ക് ഭാവിയിൽ മെസി പോയേക്കുമെന്നുള്ള അഭ്യൂഹങ്ങൾ കഴിഞ്ഞയിടക്ക് വളരെയധികം ശക്തമായിരുന്നു. അതിന് കാരണം ഈ സമ്മറിൽ ബാഴ്സലോണയുമായുള്ള കരാർ അവസാനിക്കുന്ന മെസി കറ്റാലൻ ക്ലബ്ബുമായി 10 വർഷ കരാർ ഒപ്പുവെക്കാൻ തയ്യാറെടുക്കുന്നുവെന്ന വാർത്തയായിരുന്നു‌.

അടുത്ത രണ്ട് സീസണുകളിൽ ബാഴ്സയിലും തുടർന്ന് എം എൽ എസ് ക്ലബ്ബായ ഇന്റർ മയാമിയിലും കളിച്ചതിന് ശേഷം ബാഴ്സയിൽ പുതിയ സ്ഥാനത്തേക്ക് തിരിച്ചെത്തുന്ന തരത്തിലാകും ബാഴ്സലോണയുമായുള്ള മെസിയുടെ ഈ പുതിയ കരാറെന്നായിരുന്നു റിപ്പോർട്ടുകൾ‌. പിന്നീട് ഇതേക്കുറിച്ച് കൂടുതൽ സംസാരങ്ങളൊന്നുമുണ്ടായില്ലെങ്കിലും മെസിയെ ക്ലബ്ബിലേക്ക് കൊണ്ടു വരാൻ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ് ഇപ്പോളും ഇന്റർ മിയാമി അധികൃതരെന്നാണ് ക്ലബ്ബിന്റെ സഹ ഉടമയുടെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.

ഭാവിയിൽ എല്ലാവരുടേയും താല്പര്യങ്ങൾക്ക് അനുസൃതമായി മെസി ഇന്റർ മിയാമിയിലെത്തുമെന്നതിൽ തനിക്ക് ശുഭാപ്തി വിശ്വാസമുണ്ടെന്നാണ് മാസ് പറയുന്നത്‌. ലോകത്തെ ഏറ്റവും മികച്ച കളിക്കാരെ ക്ലബ്ബിലേക്ക് കൊണ്ടു വരാൻ താനും ബെക്കാമും വളരെയധികം അധ്വാനിക്കുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം, മെസി ഈ തലമുറയിലെ ഏറ്റവും മികച്ചവനാണെന്നും കൂട്ടിച്ചേർത്തു.

"ഡേവിഡും (ബെക്കാം) ഞാനും വളരെയധികം കഠിനാധ്വാനം ചെയ്യുകയാണ്, ലോകത്തെ ഏറ്റവും മികച്ച കളിക്കാരെ ഇവിടെയെത്തിക്കാനുള്ള ആഗ്രഹം ഞങ്ങൾക്കുണ്ട്. ലിയോ മെസി ഈ തലമുറയിലെ ഏറ്റവും മികച്ചവനാണ്, എക്കാലത്തെയും മികച്ചവനാണെന്നും സംശയലേശമന്യേ പറയാം," മയാമി ഹെറാൾഡിനോട് മാസ് പറഞ്ഞു.

"മെസി ഇന്റർ മിയാമി ജേഴ്സിയണിഞ്ഞ് കളിക്കുമെന്ന കാര്യത്തിൽ എനിക്ക് ശുഭാപ്തി വിശ്വാസമുണ്ട്. കാരണം അത് നമ്മുടെ തലമുറയിലെ ഏറ്റവും മികച്ച കളികാരന്റെ പാരമ്പര്യം പൂർത്തിയാക്കുമെന്നും അതിലൂടെ ഒരു ലോകോത്തര ടീമിനെ കെട്ടിപ്പടുക്കുന്നതിനുള്ള ഇന്റർ മിയാമി ഉടമകളുടെ അഭിലാഷങ്ങൾ നിറവേറുമെന്നും ഞാൻ കരുതുന്നു."

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit