ലുക്കാക്കുവിന്റെ തിരിച്ചുവരവ് ആവശ്യമില്ല, ബെൽജിയൻ താരത്തിനെതിരെ ബാനറുയർത്തി ഇന്റർ മിലാൻ ആരാധകർ

Chelsea v Brighton & Hove Albion - Premier League
Chelsea v Brighton & Hove Albion - Premier League / Sebastian Frej/MB Media/GettyImages
facebooktwitterreddit

ഇന്റർ മിലാനോടുള്ള തന്റെ സ്നേഹവും കരിയറിൽ മികച്ച ഫോമിൽ തുടരുമ്പോൾ തന്നെ ഇറ്റാലിയൻ ക്ലബ്ബിലേക്ക് തിരിച്ചു പോകാനുള്ള ആഗ്രഹവും അടുത്തിടെയാണ് ബെൽജിയൻ സ്‌ട്രൈക്കറായ റൊമേലു ലുക്കാക്കു വെളിപ്പെടുത്തിയത്. താരത്തിന്റെ പരാമർശങ്ങൾക്കെതിരെ ചെൽസി പരിശീലകൻ തോമസ് ടുഷെൽ രംഗത്തു വരികയും ചെയ്‌തിരുന്നു. ഇപ്പോൾ ഇന്റർ ആരാധകരും താരത്തിനെതിരെ തങ്ങളുടെ രോഷം പ്രകടിപ്പിച്ചിരിക്കയാണ്.

കോണ്ടെ പരിശീലകനായിരിക്കുമ്പോഴാണ് ലുക്കാക്കു മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും ഇന്റർ മിലാനിലേക്ക് ചേക്കേറുന്നത്. ഇറ്റലിയിൽ മികച്ച പ്രകടനം നടത്തിയ താരം കഴിഞ്ഞ സീസണിൽ ക്ലബിനു സീരി എ കിരീടം സ്വന്തമാക്കി നൽകിയെങ്കിലും അതിനു പിന്നാലെ ചെൽസിയുടെ ഓഫർ വന്നപ്പോൾ താരം ഇന്റർ വിടുകയായിരുന്നു. ഇക്കാരണം കൊണ്ടാണ് ഇന്റർ മിലാൻ ആരാധകർ താരത്തിനെതിരെ തിരിഞ്ഞത്.

ട്വിറ്ററിലൂടെ പുറത്തു വരുന്ന ചിത്രങ്ങളും വിവിധ മാധ്യമങ്ങളുടെ റിപ്പോർട്ടുകളും പ്രകാരം ലുക്കാക്കുവിന്റെ തിരിച്ചുവരവ് ഇനി ആവശ്യമില്ലെന്ന സന്ദേശമാണ് ഇന്റർ ആരാധകർ നൽകിയത്. "മഴയത്ത് ഓടിപ്പോകുന്നത് ആരാണെന്നതിൽ കാര്യമില്ല, കൊടുങ്കാറ്റിലും കൂടെ നിൽക്കുന്നവരിലാണ് കാര്യം. ബൈ റൊമേലു" എന്നായിരുന്നു സാൻ സിറോക്ക് പുറത്ത് ഇന്റർ മിലാൻ ആരാധകർ ഉയർത്തിയ ബാനറിലെ വാക്കുകൾ.

ഒക്ടോബർ മുതൽ പരിക്കു മൂലം പുറത്തിരുന്നതിനു ശേഷം ബ്രൈറ്റനെതിരെ നടന്ന കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ ഗോൾ നേടി തിരിച്ചു വരവറിയിച്ചതിനു ശേഷമാണ് ലുക്കാക്കു ചെൽസിയിൽ താൻ പൂർണമായും തൃപ്തനല്ലെന്ന സൂചനകൾ നൽകിയത്. അതേസമയം തന്റെ ഏറ്റവും മികച്ച പ്രകടനം ടീമിനായി നടത്താൻ കഠിനാധ്വാനം ചെയ്യുമെന്നും താരം പറഞ്ഞിരുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.