ഫിഫ 22 ഗെയിമിൽ ഇന്ത്യൻ സൂപ്പർ ലീഗും, ഔദ്യോഗികമായി പ്രഖ്യാപിച്ചു


ആഗോളതലത്തിൽ ഏറെ പ്രശസ്തമായ ഓൺലൈൻ ഫുട്ബോൾ ഗെയിമായ ഫിഫ 22ൽ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഫുട്ബോൾ ടൂർണമെന്റായ ഐഎസ്എല്ലും ഉൾപ്പെടുത്തി. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ത്യൻ സൂപ്പർ ലീഗ് തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് വെളിപ്പെടുത്തിയത്.
2021-22 വർഷത്തിൽ എട്ടാമത്തെ സീസണ് ഒരുങ്ങിയിരിക്കെയാണ് ഐഎസ്എല്ലിനെ ഫിഫ 22 ഗെയിമിന്റെ ഭാഗമാക്കിയത്. ഐഎസ്എല്ലിൽ കളിക്കുന്ന പതിനൊന്നു ക്ലബുകൾ, അവരുടെ കിറ്റുകൾ, അസോസിയേറ്റഡ് മാർക്കുകൾ തുടങ്ങിയവയെല്ലാം ഗെയിമിന്റെ ഏറ്റവും പുതിയ എഡിഷനിൽ ഉണ്ടായിരിക്കും.
FIFA 22 adds an entire new league – and it's the Hero ISL https://t.co/h4HEEVkwl8
— GamesRadar+ (@GamesRadar) September 11, 2021
ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമുള്ള ഇന്ത്യൻ ഗെയിമിംഗ് കമ്മ്യൂണിറ്റിയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ് ഫിഫ 22വിൽ ഇന്ത്യൻ സൂപ്പർ ലീഗിനെയും ഉൾപ്പെടുത്തിയത്. തങ്ങൾ പിന്തുണക്കുന്ന ക്ലബുമായി കൂടുതൽ അടുക്കാനും അവർക്കു വേണ്ടി ഓൺലൈനിൽ മത്സരങ്ങൾ കളിക്കാനും ഇത് അവസരമൊരുക്കും.
ഫിഫ 22വിൽ ഐഎസ്എൽ അരങ്ങേറാൻ പോകുന്നതിലും ലീഗിന് മികച്ചൊരു പ്ലാറ്റ്ഫോം ഉണ്ടാകുന്നതിലും വളരെയധികം അഭിമാനം ഉണ്ടെന്നു ഇന്ത്യൻ സൂപ്പർ ലീഗിന്റെ സ്പോക്സ്പേഴ്സൺ വെളിപ്പെടുത്തി. ഐസ്എസ്എല്ലിന്റെ ഡിജിറ്റൽ എക്സ്പീരിയൻസ് പുതിയൊരു ചുവടു വെപ്പാകുമെന്നും അദ്ദേഹം പറഞ്ഞു.
ലോകമെമ്പാടുമുള്ള മുപ്പതിലധികം ഫുട്ബോൾ ലീഗുകളാണ് ഫിഫ 22വിന്റെ ഭാഗമായുള്ളത്. യുവേഫ ചാമ്പ്യൻസ് ലീഗ്, യുവേഫ യൂറോപ്പ ലീഗ്, പ്രീമിയർ ലീഗ്, ലാ ലിഗ തുടങ്ങി ആഗോള തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന യൂറോപ്പിലെ പ്രമുഖ ലീഗുകൾക്കൊപ്പമാണ് ഐഎസ്എല്ലും ഇടം പിടിച്ചിരിക്കുന്നതെന്നത് ഇത്യയിലെ ഫുട്ബോൾ പ്രേമികൾക്ക് അഭിമാനമാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.