Football in Malayalam

ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് മുൻപ് രണ്ട് വമ്പൻ ടീമുകളുമായി ഇന്ത്യ സൗഹൃദമത്സരം കളിക്കും

Sreejith N
Indian Football Team
Indian Football Team / KARIM SAHIB/Getty Images
facebooktwitterreddit

ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് മുന്നോടിയായുള്ള ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ക്യാമ്പ് യുഎഇയിൽ വെച്ച് നടക്കും. ഇതിനൊപ്പം യുഎഇയിൽ തന്നെ ഇന്ത്യ രണ്ട് സൗഹൃദ മത്സരങ്ങളും കളിക്കുമെന്ന് പ്രമുഖ കായികമാധ്യമമായ ഗോൾ റിപ്പോർട്ടു ചെയ്‌തു. ഐഎസ്എൽ ടൂർണമെന്റ് പൂർത്തിയായതിനു ശേഷമായിരിക്കും ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ ക്യാമ്പ് ആരംഭിക്കുക.

മാർച്ച് 13ന് ഐഎസ്എൽ പൂർത്തിയായതിനു ശേഷം നടക്കുന്ന നടക്കുന്ന ക്യാമ്പ് ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാക്കിനെ സംബന്ധിച്ച് നിർണായകമാണ്. ഐഎസ്എല്ലിൽ മികച്ച പ്രകടനം കാഴ്‌ച വെച്ച താരങ്ങളെയും മുൻപ് ദേശീയ ടീമിലുണ്ടായിരുന്ന താരങ്ങളെയും ഒരുമിച്ചു ചേർത്ത് പുതിയൊരു ടീമിനെ സൃഷ്ടിക്കാൻ ഈ ക്യാമ്പ് നിർണായകമാണ്.

ക്യാംപിനു ശേഷം ഒമാനെതിരെയും മിഡിൽ ഈസ്റ്റിലെ മറ്റൊരു വമ്പൻ ടീമിനെതിരെയും ഇന്ത്യ സൗഹൃദ മത്സരം കളിക്കുമെന്നും ഗോൾ റിപ്പോർട്ടു ചെയ്‌തു. ഒമാനെതിരായ സൗഹൃദമത്സരം സ്ഥിരീകരിച്ചെങ്കിലും രണ്ടാമത്തെ ടീം ആരാണെന്ന കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല. മാർച്ച് അവസാന വാരമായിരിക്കും സൗഹൃദ മത്സരങ്ങൾ നടക്കുക.

ഇന്ത്യക്കു പുറമെ ഒമാനും മാർച്ച് പകുതി മുതൽ അവസാനം വരെ ദുബായിൽ ക്യാമ്പ് നടത്തുന്നുണ്ട്. ഇത്യൻ ടീമിന്റെ പരിശീലകനും ഒമാൻ ടീമിന്റെ പരിശീലകനും ക്രൊയേഷ്യയിൽ നിന്നുള്ളവരായതു കൊണ്ടാണ് ഇരുടീമുകളും തമ്മിലുള്ള സൗഹൃദമത്സരം പെട്ടന്നു തന്നെ തീരുമാനിക്കപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ.

കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഏഷ്യയിലെ നിരവധി ലോകകപ്പ് യോഗ്യത മത്സരങ്ങൾ മാറ്റിവെക്കപ്പെട്ടിരുന്നു. ഇതെല്ലാം ജൂണിൽ നിഷ്‌പക്ഷ വേദികളിൽ വെച്ചാണ് സംഘടിപ്പിക്കുക. ഇന്ത്യയടക്കം ഗ്രൂപ്പിലുള്ള രാജ്യങ്ങളെല്ലാം നിഷ്പക്ഷ വേദികളിൽ വെച്ച് മത്സരങ്ങൾ നടത്താനുള്ള തീരുമാനം അംഗീകരിച്ചിട്ടുണ്ട്.

facebooktwitterreddit