സൗഹൃദ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു; ടീമില്‍ മൂന്ന് മലയാളികള്‍

എ.എഫ്.സി കപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് ഒരുങ്ങുന്നതിന് മുന്നോടിയായി സൗഹൃദ മത്സരത്തിന് വേണ്ടിയുള്ള 38 അംഗ സാധ്യതാ ടീമിനെ പരിശീലകന് ഇഗോര്‍ സ്റ്റിമാച്ച് പ്രഖ്യാപിച്ചു. ടീമില്‍ മൂന്ന് മലയാളി താരങ്ങള്‍ ഇടംനേടിയപ്പോള്‍ എട്ട് പുതുമുഖങ്ങളേയും ക്യാംപിലേക്ക് വിളിച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് താരം സഹല്‍ അബ്ദുല്‍ സമദ്, ബംഗളൂരു എഫ്.സി താരം ആഷിഖ് കുരുണിയന്, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് താരം വി.പി സുഹൈര്‍ എന്നിവരാണ് ക്യാംപിലേക്ക് വിളിക്കപ്പെട്ട മലയാളി താരങ്ങള്‍.
ആഷിക്, സഹല്‍ എന്നിവര്‍ നേരത്തെ സീനിയര്‍ ടീമിന്റെ ഭാഗമാണ്. എന്നാല്‍ വി.പി സുഹൈര്‍ ആദ്യമായാണ് ദേശീയ ക്യാംപിലെത്തുന്നത്. ഐ.എസ്.എല്‍ സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് വേണ്ടി നടത്തിയ മികച്ച പ്രകടനമാണ് സുഹൈറിന് ദേശീയ ക്യാംപിലേക്കുള്ള വാതില്‍ തുറന്നത്.
കേരളാ ബ്ലാസ്റ്റേഴ്സിന്റ ഗോള്‍ വലക്ക് താഴെ മിന്നും പ്രകടനം പുറത്തെടുക്കുന്ന പ്രഭ്സുഖന്‍ ഗില്‍, മുംബൈ സിറ്റിയുടെ ഗോള്‍ കീപ്പര്‍ മുഹമ്മദ് നവാസ്, എ.ടി.കെ താരം ദീപക് താങ്ക്രി, റോഷന് സിങ്, വിക്രം പ്രതാപ് സിങ്, വി.പി സുഹൈര്‍, അനികേത് യാദവ്, ജെറി മാവിങ്മിങ്താങ്ക തുടങ്ങിയവര്‍ ആദ്യമായാണ് ഇന്ത്യന്‍ സീനിയര്‍ ക്യാംപില്‍ ഇടം നേടുന്നത്. ഗില്‍, ദീപക് താങ്ക്രി, അനികേത് യാദവ് തുടങ്ങിയവര്‍ അണ്ടര്‍ 17 ലോകകപ്പിന് വേണ്ടി ഇന്ത്യക്ക് കളിച്ച താരങ്ങളാണ്. എന്നാല്‍ ആദ്യമായാണ് സീനിയര്‍ ടീമിലേക്ക് വിളിവരുന്നത്.
മാര്‍ച്ച് 10ന് പൂനെയിലാണ് ക്യാംപ് നടക്കുന്നത്. മാര്‍ച്ച് 23ന് ബഹറൈനിനെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം. മാര്‍ച്ച് 26ന് ബലറൂസിനെതിരേയായിരുന്നു രണ്ടാം മത്സരം നിശ്ചയിച്ചിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ബെലറൂസിന് പകരം മറ്റൊരു ടീമുമായി മത്സരം സംഘടിപ്പിക്കു്മെന്നാണ് വിവരം.
ഇന്ത്യന്‍ ടീം.
ഗോള്‍ കീപ്പര്‍മാര്‍
ഗുര്‍പ്രീത് സിങ് സന്ധു, അമരീന്ദര്‍ സിങ്, ധീരജ് സിങ്, പ്രഭ്സുഖാന്‍ ഗില്‍, മുഹമ്മദ് നവാസ്.
പ്രതിരോധം
പ്രീതം കോട്ടല്‍, അശുതോശ് മെഹ്ത, സെറിട്ടൺ ഫെര്‍ണാണ്ടസ്, ആഷിശ് റായ്, രാഹുല്‍ ബേക്കെ, സന്ദേശ് ജിങ്കന്, ദീപക് താങ്ക്രി, നരേന്ദര്‍ ഗലോട്ട്, ചിൻഗ്ലെൻസന സിങ്, സുഭാഷിശ് ബോസ്, ആകാശ് മിശ്ര, മന്ദര്‍ റാവു ദേശായി, റോഷന് സിങ്.
മധ്യനിര
ഉദാന്ത സിങ്, വിക്രം പ്രതാപ് സിങ്, അനിരുദ്ധ് ഥാപ്പ, പ്രണോയ് ഹാള്‍ഡര്‍, ജീക്ക്സണ് സിങ്, ഗ്ലാൻ മാര്‍ട്ടിന്‍സ്, ബ്രാന്‍ഡണ്‍ ഫെര്‍ണാണ്ടസ്, വി.പി സുഹൈര്‍, ലാലെന്മാവിയ, സഹല്‍ അബ്ദുല്‍ സമദ്, യാസിര്‍ മുഹമ്മദ്, ആഷിഖ് കുരുണിയന്, അനികേത് യാദവ്, ലാലിയന്‍സുവാല ചാങ്തേ, ബിപിന്‍ സിങ്, ജെറി.
മുന്നേറ്റനിര
മന്‍വിര്‍ സിങ്, ലിസ്റ്റന്‍ കൊളാസോ, സുനില്‍ ഛേത്രി, റഹീം അലി.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.