Football in Malayalam

ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ ഇഗോർ സ്റ്റിമാക്കിന്റെ കരാർ പുതുക്കി

Sreejith N
Curacao v India - International Friendly
Curacao v India - International Friendly / Pakawich Damrongkiattisak/Getty Images
facebooktwitterreddit

ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകനായ ഇഗോർ സ്റ്റിമാക്കിന്റെ കരാർ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പുതുക്കി. ഒരു വർഷത്തേക്കു കൂടി കരാർ പുതുക്കിയതോടെ 2022 സെപ്റ്റംബർ വരെ ക്രൊയേഷ്യൻ പരിശീലകൻ ഇന്ത്യൻ ടീമിനൊപ്പം തുടരും. ഓൾ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ ടെക്‌നിക്കൽ കമ്മിറ്റി തിങ്കളാഴ്‌ച ചേർന്ന യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.

ചെയർമാനായ ശ്യാം ഥാപ്പയുടെ അധ്യക്ഷതയിൽ ചേർന്ന ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ടെക്‌നിക്കൽ കമ്മിറ്റി യോഗത്തിൽ സ്റ്റിമാക്ക് നിലവിലെ ടീമിലുണ്ടായ ശൈലീ മാറ്റത്തെക്കുറിച്ചും പുതിയ തലമുറയുടെ വളർച്ചയെക്കുറിച്ചും വിശദീകരിച്ചുവെന്നും 2023 ഏഷ്യൻ കപ്പിന് യോഗ്യത നേടുന്നതു മുൻനിർത്തി ഇഗോർ സ്റ്റിമാക്കിന് ഒരു വർഷത്തേക്ക് കരാർ നീട്ടി നൽകാൻ തീരുമാനിച്ചുവെന്നും എഐഎഫ്എഫ് പ്രസ്‌താവനയിൽ വ്യക്തമാക്കി.

2014 ബ്രസീൽ ലോകകപ്പിൽ ക്രൊയേഷ്യയുടെ പരിശീലകനായിരുന്ന ഇഗോർ സ്ടിമാക്ക് മെയ് 2019 മുതലാണ് ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഹെഡ് കോച്ചായി സേവനം ആരംഭിച്ചത്. കരാർ പുതുക്കിയതിനോടൊപ്പം ഇന്ത്യൻ ടീമിന്റെ വളർച്ചക്കു വേണ്ടി സഹായിക്കുന്ന തരത്തിൽ ഒരു ദീർഘകാല പദ്ധതിയുമായി എത്താൻ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ചെയർമാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യൻ ഫുട്ബോൾ ടീമിനൊപ്പം 2019 മുതൽ തുടരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഒരു വർഷത്തേക്കു കൂടി കരാർ പുതുക്കിയത് ഏറെ ആവേശം നൽകുന്ന കാര്യമാണെന്നും സ്റ്റിമാക്ക് ട്വിറ്ററിൽ പ്രതികരിച്ചു. ഇനിയും ഉദ്ദേശിച്ച ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും അതിനു കഴിയുമെന്ന ഉറച്ച പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.

സ്റ്റിമാക്കിനു കീഴിലാണ് ഇന്ത്യൻ ഫുട്ബോൾ ടീം 2022ലെ ലോകകപ്പിനും 2023 ഏഷ്യൻ കപ്പിനുമുള്ള യോഗ്യത മത്സരങ്ങളിൽ കളിച്ചിരുന്നത്. ലോകകപ്പ് യോഗ്യതയുടെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറാൻ കഴിഞ്ഞില്ലെങ്കിലും ഏഷ്യൻ കപ്പ് യോഗ്യത ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തോടെ മൂന്നാം റൗണ്ടിലേക്കെത്താൻ ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ട്.

facebooktwitterreddit