Indian Football

അടുത്ത സീസണ്‍ മുതല്‍ ഇന്ത്യൻ ഫുട്‌ബോള്‍ കലണ്ടറില്‍ മാറ്റം; സീസണ്‍ ഒന്‍പത് മാസം നീണ്ടുനില്‍ക്കും

Haroon Rasheed
The duration of Indian football season will be longer next season
The duration of Indian football season will be longer next season / ISL
facebooktwitterreddit

അടുത്ത വര്‍ഷം ഇന്ത്യയിലെ ഫുട്‌ബോള്‍ സീസണ്‍ ഒന്‍പത് മാസം നീണ്ടുനില്‍ക്കും. ഐ.എസ്.എല്‍, ഐ ലീഗ് എന്നിവക്കൊപ്പം ഡ്യൂറാണ്ട് കപ്പും സൂപ്പര്‍ കപ്പും ഉള്‍പ്പെടുത്തിയാണ് പുതിയ ഫുട്‌ബോള്‍ കലണ്ടര്‍ തയ്യാറാക്കിയിരിക്കുന്നത്. ഡ്യൂറാണ്ട് കപ്പ് ഐ.എസ്.എല്ലിന്റെ പ്രീ സീസണ്‍ മത്സരമായും സൂപ്പര്‍ കപ്പ് പോസ്റ്റ് സീസണ്‍ മത്സരമായും വരുന്ന രീതിയിലാണ് പുതിയ കലണ്ടര്‍ തയ്യാറാക്കിയിട്ടുള്ളത്.

പുതിയ കലണ്ടര്‍ പ്രകാരം ഓരോ ടീമിനും സീസണില്‍ 27 മത്സരങ്ങള്‍ കളിക്കേണ്ടിവരും. ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ അനുമതിയോടെയുള്ള മാറ്റങ്ങളാണ് നടപ്പിലാക്കുന്നത്. ഡ്യൂറന്റ് കപ്പ്, സൂപ്പര്‍ കപ്പ് പോരാട്ടങ്ങള്‍ക്ക് എ.എഫ്.സി അനുമതി നല്‍കിയിട്ടുണ്ട്. ഇതോടെ ഡ്യൂറന്റ് കപ്പ്, സൂപ്പര്‍ കപ്പ് ജേതാക്കള്‍ക്ക് എ.എഫ്.സി പോരാട്ടങ്ങളില്‍ യോഗ്യത ലഭിക്കും.

2021 നവംബര്‍ 19ന് തുടങ്ങി 2022 മാര്‍ച്ച് 20 അവസാനിക്കുന്ന രീതിയിലായിരുന്നു അവസാന സീസണിലെ ഐ.എസ്.എല്‍ ഒരുക്കിയിരുന്നത്. ഐ ലീഗ് സീസണും ഉടന്‍ തീരുന്ന രീതിയിലായിരുന്നു മത്സരക്രമം തയ്യാറാക്കിയിരുന്നത്. അടുത്ത സീസണില്‍ ഡ്യൂറാണ്ട് കപ്പ്, സൂപ്പര്‍ കപ്പ് എന്നിവ ഉള്‍പ്പെടുത്തി വിപുലീകരിക്കുമെന്ന് ഐ.എസ്.എല്‍ സംഘാടകര്‍ ക്ലബ് സി.ഇ.ഒ മാരെ അറിയിച്ചിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ആഗസ്റ്റ് 13ന് ഡ്യൂറാണ്ട് കപ്പോടെ സീസണിന് തുടക്കമാകും. ഇതില്‍ 11 ഐ.എസ്.എല്‍ ക്ലബുകള്‍, നാല് ഐ ലീഗ് ക്ലബുകള്‍, ഇന്ത്യന്‍ ആംഡ് ഫോഴ്‌സില്‍ നിന്നുള്ള നാലു ടീമുകളേയും ഉള്‍പ്പെടുത്തിയാണ് ഡ്യൂറാണ്ട് കപ്പ് നടത്തുക.

സെപ്റ്റംബര്‍ 24ന് ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കും. തുടര്‍ന്ന് ഒക്ടോബര്‍ ആറു മുതല്‍ മാര്‍ച്ച് 18വരെ ഐ.എസ്.എല്‍ നടത്തും. പിന്നീട് 20 ക്ലബുകളെ ഉള്‍പ്പെടുത്തി സൂപ്പര്‍ കപ്പും നടത്തും. ഏപ്രില്‍ ഒന്നു മുതല്‍ മെയ് 14 വരെ നടക്കുന്ന ടൂര്‍ണമെന്റില്‍ ഐ.എസ്.എല്ലില്‍ നിന്നുള്ള 11 ടീമും ഐ ലീഗില്‍ നിന്നുള്ള ഒന്‍പത് ടീമുകളും പങ്കെടുക്കും.


facebooktwitterreddit