ഇന്ത്യൻ ഫുട്ബോൾ ശ്രദ്ധേയമായ വേഗത്തിലാണു വളരുന്നതെന്ന് വിയ്യാറയൽ പ്രസിഡന്റ് ഫെർണാണ്ടോ റോയ്ഗ്


ഇന്ത്യൻ ഫുട്ബോൾ സമീപകാലത്തുണ്ടാക്കിയ വളർച്ചയെക്കുറിച്ചു പരാമർശിച്ച് ലാ ലിഗ ക്ലബായ വിയ്യാറയലിന്റെ പ്രസിഡന്റ് ഫെർണാണ്ടോ റോയ്ഗ്. വളർച്ചയിൽ ശ്രദ്ധേയമായ ഒരു വേഗത ഇന്ത്യൻ ഫുട്ബോൾ കൈവരിച്ചിട്ടുണ്ടെന്നു പറഞ്ഞ അദ്ദേഹം ഇനി കൂടുതൽ നിക്ഷേപങ്ങൾ അതിൽ ഉണ്ടാകേണ്ടതിന്റെ പ്രാധാന്യവും ചൂണ്ടിക്കാട്ടി.
ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്താണെങ്കിലും ഇന്ത്യൻ ഫുട്ബോളിനു ആഗോളതലത്തിൽ തീരെ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ഇന്ത്യൻ സൂപ്പർ ലീഗുൾപ്പെടെയുള്ള ടൂർണമെന്റുകൾക്കൊപ്പം കൃത്യമായ നിക്ഷേപവും ഇതിൽ നടത്തിയാൽ ഭാവിയിൽ രാജ്യം ഫുട്ബോളിൽ മുന്നേറ്റമുണ്ടാക്കുമെന്നു തന്നെയാണ് റോയ്ഗ് വിശ്വസിക്കുന്നത്.
"ഇന്ത്യയിൽ പ്രതിഭകളുടെ ധാരാളിത്തമുണ്ട്. ഏതാനും മികച്ച താരങ്ങൾ കടന്നു വന്നതിനൊപ്പം ഈ രാജ്യം ശ്രദ്ധേയമായ വേഗത്തിലാണ് വളർന്നു കൊണ്ടിരിക്കുന്നത്. ഇന്ത്യയിൽ ഫുട്ബോൾ വികസിപ്പിക്കാൻ നമുക്ക് കഴിഞ്ഞാൽ അതു ഫുട്ബോളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മാത്രമല്ല, ഇന്ത്യക്കു മൊത്തത്തിൽ ഗുണം ചെയ്യുന്നതാണ്. ഇന്ത്യൻ ഫുട്ബോളിൽ ഞങ്ങളെപ്പോലെയുള്ളവർ നിക്ഷേപം നടത്തുന്നത് എല്ലാവർക്കും ഗുണമുണ്ടാകുന്നതിനാണ്," ഹിന്ദുസ്ഥാൻ ടൈംസിനോട് സംസാരിക്കുമ്പോൾ റോയ്ഗ് പറഞ്ഞു.
"ആരോഗ്യപരമായ രീതിയിൽ കായികമേഖലക്ക് നല്ലതു ചെയ്യുന്നതും വളർത്തിയെടുക്കുന്നതും രാജ്യത്തിനു നല്ലതാണ്. നമ്മൾ ഫുട്ബോളിനെപ്പറ്റി മാത്രമാണ് ഇവിടെ സംസാരിക്കുന്നത് എന്നെനിക്കറിയാമെങ്കിലും ഇന്ത്യ കായികമേഖലയിൽ തന്നെ വലിയൊരു സംഭാവന നൽകുക തന്നെ ചെയ്യും. ഫുട്ബോൾ അക്കാദമികളെയും ട്രെയിനിങ് പ്രോഗ്രാമുകളെയും പിന്തുണക്കുക എന്നതാണ് പ്രധാനം. മികച്ച താരങ്ങൾ ഇവിടെ നിന്നും കടന്നു വരുമെന്ന കാര്യം എനിക്കുറപ്പാണ്," അദ്ദേഹം അഭിപ്രായപ്പെട്ടു.