സ്ത്രീത്വത്തിനെതിരായ വിവാദപരമാർശത്തിൽ മാപ്പു പറഞ്ഞ് സന്ദേശ് ജിങ്കൻ, കുടുംബത്തെ വേട്ടയാടരുതെന്നും താരം


ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സും എടികെ മോഹൻ ബഗാനും തമ്മിൽ നടന്ന മത്സരത്തിനു ശേഷം നടത്തിയ പരാമർശം വിവാദമായതോടെ മാപ്പു പറഞ്ഞ് എടികെ മോഹൻ ബഗാന്റെയും ഇന്ത്യൻ ഫുട്ബോൾ ടീമിന്റെയും പ്രതിരോധതാരമായ സന്ദേശ് ജിങ്കൻ. മത്സരത്തിനു ശേഷം "കളിച്ചത് പെണ്ണുങ്ങളുമായാണ്" എന്നു ജിങ്കൻ എടികെ സഹതാരത്തോട് പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന വിമർശനം ഉയർന്നു വന്ന സാഹചര്യത്തിലാണ് താരം മാപ്പു പറഞ്ഞ് രംഗത്തു വന്നത്.
"ഒരുപാട് കാര്യങ്ങൾ കഴിഞ്ഞ നാൽപത്തിയെട്ടു മണിക്കൂറിന്റെ ഉള്ള് സംഭവിച്ചുവെന്ന് എനിക്കറിയാം. അതെന്റെ ഭാഗത്തു നിന്നുമുണ്ടായ വിലയിരുത്തലിൽ വന്ന പിഴവാണ്. അതിൽ പ്രതികരിക്കുന്നതിനു പകരം അതേക്കുറിച്ച് ഇരുന്നു ചിന്തിക്കാനുള്ള സമയം എനിക്ക് ലഭിച്ചു." ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ സന്ദേശ് ജിങ്കൻ പറഞ്ഞു.
— Sandesh Jhingan (@SandeshJhingan) February 21, 2022
"ലളിതമായി പറഞ്ഞാൽ കളിയുടെ ആവേശത്തിൽ ഞാൻ പറഞ്ഞത് തെറ്റാണ്, അതിൽ ഞാൻ ഖേദിക്കുന്നു. നിരവധി ആളുകളെ നിരാശപ്പെടുത്തിയെന്ന് എനിക്കറിയാം, ഞാനും എന്റെ കുടുംബവും അതിലുൾപ്പെടുന്നു. ചെയ്തത് ഇല്ലാതാക്കാൻ എനിക്ക് കഴിയില്ല. പക്ഷെ സാഹചര്യത്തിൽ നിന്നും പഠിക്കാനും മികച്ച പ്രൊഫെഷനലും മനുഷ്യനും മാതൃകയാകാനും ഞാൻ ഇതിലൂടെ ശ്രമിക്കും." ജിങ്കൻ പറഞ്ഞു. പ്രസ്തുത സംഭവത്തിൽ തന്റെ കുടുംബത്തിനു നേരെയും ആക്രമണം വരുന്നുണ്ടെന്നും ജിങ്കൻ പറഞ്ഞു.
"എന്റെ ഫാമിലിയെയും, പ്രത്യേകിച്ച് എന്റെ ഭാര്യയേയും ലക്ഷ്യം വെച്ച് വെറുപ്പ് പ്രകടിപ്പിക്കുന്നുണ്ട്. ആളുകൾ അസ്വസ്ഥരാണെന്ന് എനിക്കറിയാം, പക്ഷെ എന്റെ കുടുംബത്തിനു നേരെ ഭീഷണി ഉയർത്തുന്നതും വംശീയമായി അധിക്ഷേപിക്കുന്നതും ആവശ്യമില്ലാത്തതും ഞാൻ ഇഷ്ടപ്പെടാത്തതുമായ കാര്യമാണ്. അതിൽ നിന്നു പിന്മാറാൻ ഞാൻ അഭ്യർത്ഥിക്കുന്നു. അവസാനമായി ഞാൻ വീണ്ടും ഖേദം പ്രകടിപ്പിക്കുന്നു, ഇതിൽ നിന്നു പഠിക്കാനും നല്ല മനുഷ്യനാകാനും ശ്രമിക്കും." ജിങ്കൻ വ്യക്തമാക്കി.
കേരള ബ്ലാസ്റ്റേഴ്സ് മുൻ താരമായ സന്ദേശ് ജിങ്കൻ നടത്തിയ പരാമർശത്തിനെതിരെ ബ്ലാസ്റ്റേഴ്സ് ആരാധകരും കടുത്ത വിമർശനമാണ് ഉയർത്തിയത്. ഈ സംഭവത്തിന്റെ ഭാഗമായി ഏതാണ്ട് ഇരുപതിനായിരത്തോളം ഫോളോവേഴ്സിനെ ജിങ്കന് ഇൻസ്റ്റാഗ്രാമിൽ നഷ്ടമായി. കേരള ബ്ലാസ്റ്റേഴ്സ് റിട്ടയർ ചെയ്ത ജിങ്കന്റെ ഇരുപത്തിയൊന്നാം നമ്പർ ജേഴ്സി തിരികെ കൊണ്ടു വരണമെന്നും ആരാധകർ ആവശ്യപ്പെട്ടിരുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.