വിജയഗോൾ നേടി സഹൽ, ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ അഫ്‌ഗാനിസ്ഥാനെയും തകര്‍ത്ത് ഇന്ത്യ മുന്നോട്ട്

India Won Against Afganistan In Asian Cup Qualifiers (Image Credit: Indian Football Team Twitter)
India Won Against Afganistan In Asian Cup Qualifiers (Image Credit: Indian Football Team Twitter) /
facebooktwitterreddit

എ.എഫ്.സി കപ്പ് യോഗ്യതാ മത്സരത്തില്‍ തുടര്‍ച്ചയായ രണ്ടാം ജയവുമായി ഇന്ത്യ. 2-1 എന്ന സ്‌കോറിന് അഫ്ഗാനിസ്ഥാനെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ജയം അനുവാര്യമായിരുന്ന മത്സരത്തില്‍ സാള്‍ട്ട്‌ലേക്കിലെ കാണികളെ സാക്ഷിയാക്കി കരുതലോടെയായിരുന്നു ഇന്ത്യ തുടങ്ങിയത്. ആദ്യ പകുതിയില്‍ പല സമയത്തും ഇന്ത്യ അഫ്ഗാനിസ്താന്‍ ഗോള്‍ മുഖം വിറപ്പിച്ച് കൊണ്ടിരുന്നു.

എന്നാല്‍ പന്ത് വലയിലെത്തിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കഴിഞ്ഞില്ല. ഇരു ടീമുകളും മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും ആദ്യ പകുതിയില്‍ ഗോളൊന്നും നേടാന്‍ കഴിഞ്ഞില്ല. രണ്ടാം പകുതിയില്‍ മികച്ച മുന്നൊരുക്കവുമായി ഇറങ്ങിയ ഇന്ത്യ കളംനിറഞ്ഞ് കളിച്ചു. പലപ്പോഴും അഫ്ഗാന്‍ താരങ്ങളും ഇന്ത്യന്‍ ഗോള്‍ മുഖം വിറപ്പിച്ച് കൊണ്ടിരുന്നു.

പ്രതിരോധ താരം സന്ദേശ് ജിങ്കനും ഗോള്‍ കീപ്പര്‍ ഗുര്‍പ്രീതും ചേര്‍ന്ന് അഫ്ഗാന്‍ മുന്നേറ്റങ്ങളെ പരാജയപ്പെടുത്തിക്കൊണ്ടിരുന്നു. ഒടുവില്‍ 86ാം മിനുട്ടില്‍ ലഭിച്ച ഫ്രീ കിക്ക് ക്യാപ്റ്റന്‍ സുനില്‍ ഛേത്രി അനായാസം വലിയിലെത്തിച്ച് ഇന്ത്യക്ക് ലീഡ് സമ്മാനിച്ചു. പക്ഷെ ഇന്ത്യയുടെ ലീഡിന് അധിക ആയുസുണ്ടായിരുന്നില്ല.

88ാം മിനുട്ടില്‍ ലഭിച്ച കോര്‍ണര്‍കിക്കില്‍ നിന്ന് ഹെഡറിലൂടെ സുബൈര്‍ അമീരി അഫ്ഗാന് വേണ്ടി ഗോള്‍ മടക്കി സമനില കണ്ടെത്തി. 90ാം മിനുട്ടില്‍ ഇന്ത്യ സുനില്‍ ഛേത്രിയെ പിന്‍വലിച്ച് മലയാളി താരം സഹല്‍ അബ്ദുല്‍ സമദിനെ കളത്തിലിറക്കി. തൊട്ടടുത്ത മിനുട്ടില്‍ ആഷിക് കുരുണിയന്റെ പാസില്‍ നിന്ന് സഹല്‍ ഗോള്‍ നേടി ഇന്ത്യയുടെ വിജയം ഉറപ്പിച്ചു.

പിന്നീട് അഫ്ഗാന്‍ താരങ്ങളെ പൂട്ടിക്കെട്ടിയ ഇന്ത്യ വിജയവുമായിട്ടായിരുന്നു മൈതാനം വിട്ടത്. രണ്ട് മത്സരത്തില്‍ നിന്ന് ആറു പോയിന്റുള്ള ഇന്ത്യ പട്ടികയില്‍ രണ്ടാം സ്ഥാനത്താണിപ്പോള്‍. 14ന് ഹോങ്കോങിനെതിരേയുള്ള മത്സരത്തില്‍ ജയിച്ചാല്‍ ഇന്ത്യക്ക് എ.എഫ്.സി യോഗ്യത ഉറപ്പാക്കാന്‍ കഴിയും. ഇന്ന് നടന്ന മറ്റൊരു മത്സരത്തില്‍ കമ്പോഡിയയെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തിയാണ് ഹോങ്കോങ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.