Football in Malayalam

വമ്പന്മാരെ വീഴ്ത്താൻ നീലക്കടുവകൾ: ഇന്ത്യ-ഖത്തർ മത്സരത്തെക്കുറിച്ച് അറിയേണ്ടതെല്ലാം...

Gokul Manthara
FBL-WC-2022-ASIA-IND-BAN
FBL-WC-2022-ASIA-IND-BAN / DIBYANGSHU SARKAR/Getty Images
facebooktwitterreddit

ലോകകപ്പ്, ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ കരുത്തരായ ഖത്തറിനെ നേരിടാൻ ഒരുങ്ങുകയാണ് ഇന്ത്യ. ഫിഫ റാങ്കിംഗിൽ ഇന്ത്യയേക്കാൾ 47 സ്ഥാനങ്ങൾക്ക് മുൻപിലുള്ള ഖത്തറിനെതിരായ പോരാട്ടം ഇന്ത്യക്ക് കടുകട്ടിയായിരിക്കുമെന്നാണ് കരുതപ്പെടുന്നതെങ്കിലും ഇതിന് മുൻപ് നടന്ന ആദ്യ പാദ യോഗ്യതാ മത്സരത്തിൽ അവരെ ഗോൾരഹിത സമനിലയിൽ കുരുക്കിയതിന്റെ ആത്മവിശ്വാസം ഇന്ത്യക്കൊപ്പമുണ്ടാകും. ഖത്തറിലെ ദോഹയിലുള്ള ജസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഇന്ന് വൈകിട്ട് 10.30നാണ് മത്സരത്തിന്റെ കിക്കോഫ്.

യോഗ്യതാ മത്സരത്തിൽ നിലവിൽ ഗ്രൂപ്പ് ഇ‌യിൽ നാലാം സ്ഥാനത്താണ് ടീം ഇന്ത്യ. അഞ്ച് മത്സരങ്ങളിൽ നിന്ന് മൂന്ന് പോയിന്റുകളാണ് ഇതു വരെ നീലക്കടുവകളുടെ സമ്പാദ്യം. ഖത്തർ 13 പോയിന്റുകളുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തും, 12 പോയിന്റുകളുള്ള ഒമാൻ രണ്ടാം സ്ഥാനത്തുമുണ്ട്. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുക ഇന്ത്യക്ക് ഇനി അപ്രാപ്യമാണെങ്കിലും, ആഞ്ഞു ശ്രമിച്ചാൽ മൂന്നാം സ്ഥാനത്തെത്താനുള്ള അവസരം അവർക്ക് മുന്നിലുണ്ട്. ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനായാൽ 2023ലെ ഏഷ്യൻ കപ്പ് ക്വാളിഫയേഴ്സിന്റെ മൂന്നാം റൗണ്ടിലേക്ക് അവർക്ക് നേരിട്ട് ബർത്ത് ഉറപ്പിക്കാം.

2022ലെ ഫിഫ ലോകകപ്പിന് യോഗ്യത നേടാനുള്ള സാധ്യതകൾ ഏറെക്കുറെ അവസാനിച്ച സ്ഥിതിക്ക് ഇനിയുള്ള യോഗ്യതാ മത്സരങ്ങളിൽ പരമാവധി പോയിന്റുകൾ നേടി ഏഷ്യാ കപ്പ് യോഗ്യത നേടിയെടുക്കാനാവും ഇന്ത്യയുടെ ശ്രമം. അതേ സമയം ഇന്ത്യയെ സംബന്ധിച്ച് ഈ മത്സരം വളരെ നിർണായകമാണെങ്കിൽ ഖത്തറിന് ഒട്ടും പ്രധാനപ്പെട്ട മത്സരമല്ല ഇന്നത്തേത്. ആതിഥേയരെന്ന നിലയിൽ ലോകകപ്പ് യോഗ്യത നേരത്തെ തന്നെ ഉറപ്പിച്ചിരുന്ന അവർ 2023ലെ ഏഷ്യകപ്പിനും ഏറെക്കുറെ യോഗ്യത നേടിക്കഴിഞ്ഞു. അത് കൊണ്ടു തന്നെ ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാം സ്ഥാനത്തെത്തുക മാത്രമാകും ഇനി അവരുടെ ഏക‌ ലക്ഷ്യം.

ഈ വർഷം മാർച്ചിൽ ഒമാൻ, യു എ ഇ എന്നിവർക്കെതിരെ നടന്ന മത്സരത്തിൽ കളിക്കാനില്ലാതിരുന്ന ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ, ടീമിലേക്കുള്ള മടങ്ങി വരവ് ഖത്തറിനെതിരായ മത്സരത്തിന് തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നുണ്ട്. മുൻപ് നടന്ന സൗഹൃദ മത്സരങ്ങളിൽ പരീക്ഷണ സ്ക്വാഡുമായാണ് ഇന്ത്യ കളിച്ചിരുന്നതെങ്കിൽ ഇപ്പോൾ പരിചയസമ്പന്നരായ സീനിയർ താരങ്ങളെ പരിശീലക‌ൻ സ്റ്റിമാച്ച്‌ ടീമിനൊപ്പം കൂട്ടിയിട്ടുണ്ട്. ഇത് കൊ‌ണ്ടു തന്നെ ഖത്തറിനെതിരെ മികച്ച പോരാട്ടം ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

മത്സരത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവൻ ഇങ്ങനെ:

ഗോൾകീപ്പർ - അമരീന്ദർ സിംഗ്

പ്രതിരോധ നിര - ചിംഗ്ലിൻസന സിംഗ്, സന്ദേശ് ജിങ്കൻ, പ്രിതം കോട്ടാൽ, ആകാശ് മിശ്ര

മധ്യനിര താരങ്ങൾ - അനിരുദ്ധ് ഥാപ, സഹൽ അബ്ദുൾ സമദ്, ഗ്ലാൻ മാർട്ടിൻസ്, റൗളിൻ ബോർജസ്

മുന്നേറ്റ താരങ്ങൾ - സുനിൽ ഛേത്രി, മൻവീർ സിംഗ്

മത്സരം തത്സമയം കാണാൻ

ഇന്ത്യൻ സമയം വൈകിട്ട് 10.30ന് ആരംഭിക്കുന്ന ഇന്ത്യ-ഖത്തർ മത്സരം സ്റ്റാർ സ്പോർട്സ് 2 എസ്ഡി, സ്റ്റാർ സ്പോർട്സ് 3, സ്റ്റാർ സ്പോർട്സ് 1 എസ്ഡി, സ്റ്റാർ സ്പോർട്സ് 1 എച്ച് ഡി എന്നിവയിലൂടെ തത്സമയം കാണാം. ഡിസ്നി+ഹോട്സ്റ്റാറിലും മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit