ഇന്ത്യൻ ഫുട്ബോൾ ടീം മാർച്ചിൽ രണ്ടു സൗഹൃദ മത്സരങ്ങൾ കളിക്കും


ഇന്ത്യൻ ഫുട്ബോൾ ടീം മാർച്ച് മാസത്തിൽ രണ്ടു സൗഹൃദ മത്സരങ്ങൾ കളിക്കുമെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. മാർച്ച് ഇരുപത്തിമൂന്നിന് ബഹ്റൈനെതിരെയും മാർച്ച് ഇരുപത്തിയാറിനു ബെലാറസിന് എതിരെയുമാണ് ഇന്ത്യൻ ടീമിന്റെ സൗഹൃദ മത്സരങ്ങൾ നടക്കുക.
രണ്ടു മത്സരങ്ങളും ബഹ്റൈനിലെ മനാമയിൽ വെച്ചാണ് നടക്കുക. 2023 എഎഫ്സി ചാമ്പ്യൻഷിപ്പ് ക്വാളിഫയറിനുള്ള തയ്യാറെടുപ്പിനു വേണ്ടിയാണ് ഇന്ത്യ സൗഹൃദ മത്സരങ്ങൾ കളിക്കുന്നത്. എഎഫ്സി ചാമ്പ്യൻഷിപ്പ് ക്വാളിഫയർ മത്സരങ്ങൾ ജൂണിലാണ് നടക്കുക.
?? India to play friendlies ahead of the 2023 AFC Asian Cup third round qualifiers ?#BlueTigers #BackTheBlue #IndianFootball pic.twitter.com/81qwJ0v8cH
— GOAL India (@Goal_India) February 4, 2022
"നിലവിലെ സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ ഞങ്ങൾക്ക് ആഗ്രഹമുള്ള തലത്തിലുള്ള എതിരാളികളെ ലഭിക്കുക വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. പക്ഷെ രണ്ടു മത്സരങ്ങൾ ഞങ്ങളുടെ ഷെഡ്യൂളിൽ ഉൾപ്പെട്ടതിൽ ഞാൻ വളരെ സന്തോഷത്തിലാണ്." ഇന്ത്യൻ ഫൂട്ബോൾ ടീമിന്റെ പരിശീലകനായ ഇഗോർ സ്റ്റിമാക്ക് പറഞ്ഞു.
ഫിഫ റാങ്കിങ്ങിൽ ഇന്ത്യയേക്കാൾ ഉയർന്ന സ്ഥാനങ്ങളിൽ നിൽക്കുന്ന ടീമുകളാണ് ബഹ്റൈനും ബെലാറസും. ഫിഫ റാങ്കിങ്ങിൽ 109ആം സ്ഥാനത്തു നിൽക്കുന്ന ഇന്ത്യ 91ആം സ്ഥാനത്തു നിൽക്കുന്ന ബഹ്റൈനെതിരെയും 94ആം സ്ഥാനത്തു നിൽക്കുന്ന ബെലാറസിനെതിരെയും മത്സരങ്ങൾ കളിക്കുന്നത് ടീമിനെ മെച്ചപ്പെടുത്താൻ സഹായിക്കും.
ഐഎസ്എൽ സീസൺ മികച്ച രീതിയിൽ മുന്നോട്ടു പോയാൽ ഇന്ത്യൻ താരങ്ങൾക്ക് മികച്ച പ്രകടനം ഈ മത്സരങ്ങളിൽ നടത്താൻ കഴിയുമെന്ന വിശ്വാസം സ്റ്റിമാക്ക് പ്രകടിപ്പിച്ചു. ഇന്ത്യയെക്കാൾ മികച്ച ടീമുകളുമായാണ് കളിക്കേണ്ടതെന്നും ചിലപ്പോൾ മത്സരഫലം മികച്ചതായില്ലെങ്കിലും ഈ പാത പിന്തുടർന്നാൽ ടീമിന്റെ ഭാവി മികച്ചതാവുമെന്നും സ്റ്റിമാക്ക് കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.