Indian Football

എ.എഫ്.സി കപ്പിന് ഒരുങ്ങുന്ന ഇന്ത്യ ഇന്ന് ജോര്‍ദാനെതിരേ സൗഹൃദ മത്സരം കളിക്കും

Haroon Rasheed
Curacao v India - International Friendly
Curacao v India - International Friendly / Pakawich Damrongkiattisak/GettyImages
facebooktwitterreddit

എ.എഫ്.സി കപ്പിന് ഒരുങ്ങുന്നതിന് മുന്‍പായി ഇന്ത്യ ജോര്‍ദാനുമായി സൗഹൃദ മത്സരം കളിക്കും. എ.എഫ്.സി കപ്പിന് മുന്‍പായി ഇന്ത്യ കളിക്കുന്ന അവസാന സൗഹൃദ മത്സരമായിരിക്കും ഇത്. ഇന്നു രാത്രി 9.30ന് ഖത്തറിലാണ് ഇന്ത്യ ജോര്‍ദാനെ നേരിടുന്നത്. എ.എഫ്.സി കപ്പിന് ഒരുങ്ങുന്നതിനായി ഇന്ത്യ കൂടുതല്‍ സൗഹൃദ മത്സരങ്ങള്‍ കളിച്ചിരുന്നു.

നേരത്തെ ബഹറൈന്‍, ബലാറസ് എന്നിവര്‍ക്കെതിരേ ഇന്ത്യ സൗഹൃദ മത്സരം കളിച്ചിരുന്നു. ഈ മാസം 25ന് സാംബിയയുമായി ഇന്ത്യ സൗഹൃദ മത്സരം തീരുമാനിച്ചിരുന്നെങ്കിലും സാംബിയയുടെ അസൗകര്യം കാരണം ഈ മത്സരം നടക്കാതെ പോവുകയായിരുന്നു. തുടര്‍ന്നാണ് ജോര്‍ദാനുമായി മത്സരം കളിക്കാന്‍ തീരുമാനിച്ചത്. ഐ.എസ്.എല്ലിന് ശേഷം നടത്തിയ ക്യാംപില്‍ നിന്ന് മികച്ച താരങ്ങളെ കണ്ടെത്തിയാണ് ഇന്ത്യ എ.എഫ്.സി കപ്പിന് തയ്യാറെടുക്കുന്നത്.

മലയാളി താരങ്ങളായ സഹല്‍ അബ്ദുല്‍ സമദ്, ആശിഖ് കുരുണിയന്‍ എന്നീ മലയാളി താരങ്ങള്‍ക്ക് മാത്രമേ ടീമില്‍ ഇടം നേടാന്‍ കഴിഞ്ഞുള്ളു. പരുക്കിന്റെ പിടിയിലായിരുന്നു ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. നോര്‍ത്ത് ഈസ്റ്റ് താരം വി.പി സുഹൈര്‍, ജംഷഡ്പുര്‍ എഫ്.സി താരം ടി.പി രഹ്നേഷ് എന്നിവര്‍ ക്യാംപിലുണ്ടായിരുന്നെങ്കിലും അവര്‍ക്ക് ടീമിലിടം നേടാന്‍ കഴിഞ്ഞിട്ടില്ല.

ജൂണ്‍ എട്ടിന് സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ കംബോഡിയക്കെതിരേയാണ് ഇന്ത്യയുടെ എ.എഫ്.സി ഗ്രൂപ്പിലെ ആദ്യ മത്സരം. ജൂണ്‍ 11ന് അഫ്ഗാനിസ്ഥാനെയും 14ന് ഹോങ്കോങ്ങിനെയും ഇന്ത്യ നേരിടും. '' എ.എഫ്.സി കപ്പിന് മുന്നോടിയായിട്ടുള്ള ഞങ്ങളുടെ അവസാന സൗഹൃദ മത്സരമാണിത്. ചില ചോദ്യങ്ങള്‍ക്ക് ഞങ്ങള്‍ക്ക് അന്തിമി ഉത്തരം ലഭിക്കേണ്ടതുണ്ട്. ഞങ്ങളുടെ ചില യുവതാരങ്ങള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ പരിചയം നേടാനുള്ള മികച്ച അവസരമായിരിക്കും ഇത്'' ഇന്ത്യന്‍ ടീം പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് വ്യക്തമാക്കി.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit