എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങൾക്ക് ഇന്ത്യ സംയുക്തമായി ആതിഥേയത്വം വഹിക്കും


2023ൽ നടക്കാനിരിക്കുന്ന എഎഫ്സി ഏഷ്യൻ കപ്പിനു യോഗ്യത നേടാനുള്ള അവസാന റൗണ്ട് മത്സരങ്ങൾക്ക് സംയുക്തമായി ആതിഥേയത്വം വഹിക്കാൻ ഇന്ത്യയും തിരഞ്ഞെടുക്കപ്പെട്ടു. കുവൈറ്റ്, കിർഗിസ് റിപ്പബ്ലിക്ക്, മലേഷ്യ, ഉസ്ബെക്കിസ്ഥാൻ, മംഗോളിയ എന്നീ രാജ്യങ്ങൾക്കൊപ്പമാണ് ഇന്ത്യയും യോഗ്യത മത്സരങ്ങൾക്കുള്ള ആതിഥേയ രാജ്യമായി തിരഞ്ഞെടുക്കപ്പെട്ടത്.
24 രാജ്യങ്ങൾ പങ്കെടുക്കുന്ന, 2023ൽ നടക്കാനിരിക്കുന്ന എഎഫ്സി ഏഷ്യൻ കപ്പിന് ആതിഥേയരാജ്യമായ ചൈന ഉൾപ്പെടെ പതിമൂന്നു ടീമുകൾ യോഗ്യത നേടിയിട്ടുണ്ട്. ബാക്കിയുള്ള പതിനൊന്നു സ്ഥാനങ്ങൾക്കു വേണ്ടി ഇരുപത്തിനാലു രാജ്യങ്ങളാണ് യോഗ്യത റൗണ്ടിൽ മത്സരിക്കുന്നത്. ചൈനക്കു പുറമെ ജപ്പാൻ, സിറിയ, ഖത്തർ, സൗത്ത് കൊറിയ, ഓസ്ട്രേലിയ, ഇറാൻ, യുഎഇ, സൗദി അറേബ്യ, ഇറാഖ്, വിയറ്റ്നാം, ഒമാൻ, ലെബനൻ എന്നിവരാണ് യോഗ്യത നേടിയ രാജ്യങ്ങൾ.
India confirmed as one of the hosts for #2023AsianCup qualifiers in June. Draw on Feb 24 #IndianFootball https://t.co/0FA6eLZm1o
— Mihir Vasavda (@mihirsv) February 17, 2022
ഫെബ്രുവരി പത്തിനു പുറത്തു വന്ന പുതിയ ഫിഫ റാങ്കിങ് പ്രകാരം ഇരുപത്തിനാലു ടീമുകളെ അഞ്ചു സീഡിംഗ് പൊട്ടുകളിൽ ഉൾപ്പെടുത്തും. ഫൈനൽ നറുക്കെടുപ്പിനു ശേഷമാണ് ഗ്രൂപ്പുകളെ കുറിച്ചുള്ള കൃത്യമായ വിവരം ലഭിക്കൂ. യോഗ്യത റൗണ്ടിലുള്ള മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങൾ ഒരേ ഗ്രൂപ്പിൽ ഉൾപ്പെടില്ല.
ജൂൺ 8, 11, 14 തീയ്യതികളിലാണ് എഎഫ്സി ഏഷ്യൻ കപ്പ് 2023ന്റെ അവസാന റൌണ്ട് യോഗ്യത മത്സരങ്ങൾ നടക്കുക. 2023 ജൂൺ പതിനാറിനു ചൈനയിൽ വെച്ചാണ് പ്രധാന ടൂർണമെന്റിന്റെ കിക്കോഫ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.