'ഇന്ത്യൻ ടീം പലതും തെളിയിക്കാനുണ്ട്' - നേപ്പാളിനെതിരായ വിജയത്തിനു ശേഷം പ്രതികരിച്ച് സ്റ്റിമാക്ക്

Sreejith N
Curacao v India - International Friendly
Curacao v India - International Friendly / Pakawich Damrongkiattisak/Getty Images
facebooktwitterreddit

ഇന്ത്യൻ ഫുട്ബോൾ ടീം ഇനിയും പലതും തെളിയിക്കാനുണ്ടെന്നും നിരവധി കാര്യങ്ങളിൽ മെച്ചപ്പെടാനുണ്ടെന്നും വെളിപ്പെടുത്തി പരിശീലകനായ ഇഗോർ സ്റ്റിമാക്ക്. നേപ്പാളിനെതിരെ നടന്ന രണ്ടാമത്തെ സൗഹൃദ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയം നേടിയതിനു ശേഷം സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ആദ്യത്തെ സൗഹൃദ മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോളുകൾ നേടി സമനിലയിൽ പിരിയുകയായിരുന്നു.

"താരങ്ങൾ പുലർത്തിയ മനോഭാവത്തിനും വിജയം നേടാൻ വേണ്ടിയുള്ള ഒരുക്കങ്ങൾക്കും അഭിനന്ദനം. വളരെ ക്ഷമയോടെ തുടർന്ന്, ആദ്യത്തെ ഗോളിനു വേണ്ടി കാത്തിരുന്ന്, നേപ്പാൾ ഡിഫെൻസിൽ പിഴവുകൾ തുറന്നെടുത്ത് അവർ ഗോൾ നേടിയതിനു ശേഷം പിന്നീടുള്ള കാര്യങ്ങൾ എളുപ്പമായിരുന്നു എന്ന് നിങ്ങൾക്കുമറിയാം. അതിലവർ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു."

"എന്നാൽ ഇന്ത്യൻ ടീം ഇനിയുമൊരുപാട് തെളിയിക്കാനുണ്ടെന്നും പല കാര്യങ്ങളിലും മെച്ചപ്പെടാനുണ്ടെന്നും ഞാൻ കരുതുന്നു," സ്റ്റിമാക്ക് മത്സരത്തിനു ശേഷമുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു. അതേസമയം രണ്ടു ടീമുകളും വളരെ മെച്ചപ്പെട്ട പ്രകടനം നടത്തിയെന്നും ആദ്യം നടന്ന സൗഹൃദ മത്സരത്തേക്കാൾ ആവേശകരമായിരുന്നു രണ്ടാമത്തെ മത്സരമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആതിഥേയരായ നേപ്പാൾ വളരെയധികം മുന്നോട്ടു പോയിട്ടുണ്ടെന്നും ക്രൊയേഷ്യൻ പരിശീകൻ പറഞ്ഞു.

പകരക്കാരനായിറങ്ങിയ ഫാറൂഖ് ചൗധരിയാണ് മത്സരത്തിൽ ഇന്ത്യയെ മുന്നിലെത്തിക്കുന്നത്. അതിനു ശേഷം സുനിൽ ഛേത്രി ടീമിന്റെ ലീഡുയർത്തി. കളിയവസാനിക്കാൻ മൂന്നു മിനുട്ട് മാത്രം ശേഷിക്കെ തേജ് തമങാണ് നേപ്പാളിന്റെ ആശ്വാസഗോൾ കുറിച്ചത്. സാഫ് ചാമ്പ്യൻഷിപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യത്തെ മത്സരത്തിൽ ഒക്ടോബർ പത്തിനു നേപ്പാളിനെ തന്നെ നേരിടാൻ ഒരുങ്ങുന്ന ഇന്ത്യക്ക് ആത്മവിശ്വാസം നൽകുന്നതാണ് ഈ വിജയം.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit