ഏഷ്യന്‍ കപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ സാധ്യതാ ടീമില്‍ അഞ്ചു മലയാളികള്‍

ജൂണില്‍ നടക്കുന്ന എ.എഫ്.സി ഏഷ്യന്‍ കപ്പ് ഫൈനല്‍ റൗണ്ട് യോഗ്യതാ മത്സരങ്ങള്‍ക്ക് മുന്നോടിയായുള്ള ക്യാമ്പിനുള്ള 41 അംഗ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. അഞ്ചു മലയാളി താരങ്ങള്‍ ഉള്‍പ്പെട്ട ടീമിനെയാണ് പരിശീലകന് ഇഗോര്‍ സ്റ്റിമാച്ച് പ്രഖ്യാപിച്ചിരിക്കുന്നത്.
ജംഷഡ്പുര്‍ എഫ്.സിയുടെ ഗോള്‍ കീപ്പര്‍ ടി.പി രഹ്നേഷ്, കേരള ബ്ലാസ്റ്റേഴ്സിന്റെ മധ്യനിര താരങ്ങളായ കെ.പി രാഹുല്‍, സഹല്‍ അബ്ദുല്‍ സമദ്, ബംഗളൂരു എഫ്.സി താരമായ ആഷിഖ് കുരുണിയന്, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മുന്നേറ്റ താരം വി.പി സുഹൈര്‍ എന്നിവരാണ് ടീമില്‍ ഉള്‍പ്പെട്ട മലയാളി താരങ്ങള്‍. കഴിഞ്ഞ മാസം ബഹറൈനെതിരേയും ബലാറസിനെതിരേയുമുള്ള സൗഹൃദ മത്സരത്തിനുള്ള ടീമില്‍ ഇടം നേടിയ സുഹൈര്‍ ഇത് രണ്ടാം തവണയാണ് ദേശീയ ക്യാംപിലെത്തുന്നത്.
പരുക്ക് കാരണം സഹല്‍, ആഷിഖ് എന്നിവര്‍ കഴിഞ്ഞ മാസം നടന്ന സൗഹൃദ മത്സരത്തില്‍ ടീമിനൊപ്പമുണ്ടായിരുന്നില്ല. ടി.പി രഹ്നേഷ് ആദ്യമായാണ് ദേശീയ ക്യാംപിലെത്തുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഏഴ് താരങ്ങളാണ് ക്യാംപില്‍ ഇടംനേടിയിരിട്ടുള്ളത്. ഗോള്‍ കീപ്പര്‍ പി.എസ് ഗില്‍, ഡിഫന്‍ഡര്‍മാരായ ഹര്‍മന്‍ജ്യോത് ഖബ്ര, ഹോര്‍മിപാം, മധ്യനിര താരങ്ങളായ സഹല്‍, ജീക്സണ് സിംഗ്, പൂട്ടിയ, രാഹുല്‍ കെപി എന്നിവരാണ് കേരള ബ്ലാസ്റ്റേഴ്സില്‍ നിന്ന് ദേശീയ ക്യാംപിലെത്തിയിട്ടുള്ളത്.
ഏപ്രില്‍ 23ന് ബെല്ലാരിയില്‍ ക്യാംപ് ആരംഭിക്കും. മുംബൈ സിറ്റി എഫ്.സി, എ.ടി.കെ മോഹന്‍ ബഗാന് എന്നീ ടീമിലെ താരങ്ങള്‍ വൈകിയെ ടീമിനൊപ്പം ചേരൂ. എ.എഫ്.സി ഏഷ്യന്‍ കപ്പ് ഫൈനല്‍ റൗണ്ട് യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് ഡിയില്‍ ഹോങ്കോങ്, അഫ്ഗാനിസ്ഥാന്, കംബോഡിയ എന്നിവര്‍ക്കൊപ്പമാണ് ഇന്ത്യ ഉള്ളത്. ജൂണ്‍ എട്ടിന് നടക്കുന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ കംബോഡിയയെ നേരിടും.