Football in Malayalam

ഗ്രൂപ്ഘട്ടത്തിലെ അവസാന മത്സരത്തിൽ മാലിദ്വീപിനെ വീഴ്ത്തി 2021 സാഫ് ചാംപ്യൻഷിപ് ഫൈനലിലേക്ക് മുന്നേറി ഇന്ത്യ

Ali Shibil Roshan
Sunil Chhetri scored two goals for India vs Maldives
Sunil Chhetri scored two goals for India vs Maldives / Matthew Ashton - AMA/GettyImages
facebooktwitterreddit

ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലെ ആതിഥേയരായ മാലിദ്വീപിനെ മൂന്നിനെതിരെ ഒരു ഗോളിന് പരാജയപ്പെടുത്തിയ ഇന്ത്യ, ഗ്രൂപ്പ് ജേതാക്കളായി ടൂർണമെന്റിന്റെ ഫൈനലിലേക്ക് മുന്നേറി.

ആദ്യ മൂന്ന് മത്സരങ്ങളിൽ നിന്ന് 2 സമനിലയും ഒരു വിജയവുമായി 5 പോയിന്റ് കരസ്ഥമാക്കിയ ഇന്ത്യക്ക് വിജയം അനിവാര്യമായിരുന്ന അവസാന മത്സരത്തിൽ നീലക്കടുവകൾക്ക് വേണ്ടി ആദ്യ പകുതിയിൽ മൻവീർ സിംഗ് ഒരു ഗോളും, രണ്ടാം പകുതിയിൽ നായകൻ സുനിൽ ഛേത്രി ഇരട്ട ഗോളുകളുമാണ് നേടിയത്.

ഇരു ടീമുകളും ഏറെ ആക്രമണങ്ങൾ കാഴ്ച വെച്ച മത്സരത്തിന്റെ 33ആം മിനുറ്റിൽ മൻവീർ സിംഗാണ് ആദ്യ ഗോൾ നേടുന്നത്. ബ്രണ്ടൻ ഫെർണാണ്ടസിന്റെ പാസ് സ്വീകരിച്ച് താരം, ടോപ് കോർണറിലേക്ക് തൊടുത്തു വിട്ട ഷോട്ട് മാലിദ്വീപ് ഗോൾകീപ്പറെയും മറികടന്ന് ഇന്ത്യക്ക് ലീഡ് സമ്മാനിക്കുകയായിരുന്നു.

ഒരു ഗോളിന് പിന്നിലായി മാലിദ്വീപ് മത്സരത്തിന്റെ 45ആം മിനുറ്റിൽ തങ്ങളുടെ സമനില ഗോൾ നേടി. ഹംസ മൊഹമ്മദിനെ ഇന്ത്യൻ ബോക്സിനുള്ളിൽ വെച്ച് പ്രീതം കോട്ടൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റിയിൽ നിന്ന് അലി അഷ്ഫാഖാണ് സമനില ഗോൾ നേടിയത്.

സമനിലയിൽ പിരിഞ്ഞ ആദ്യ പകുതിക്ക് ശേഷം, മത്സരത്തിന്റെ 62ആം മിനുട്ടിലാണ് ഛേത്രി ഇന്ത്യയുടെ വീണ്ടും മുന്നിലെത്തിക്കുന്നത്. ബോക്സിലേക്കുള്ള അപ്യുയയുടെ ക്രോസ്, തന്റെ നെഞ്ച് കൊണ്ട് മൻവീർ ഛേത്രിക്ക് മറിച്ചുനൽകിയപ്പോൾ, ഒരു ഫസ്റ്റ് ടൈം ഷോട്ടിലൂടെ ഇന്ത്യൻ നായകൻ വലകുലുക്കുകയായിരുന്നു.

ഒൻപത് മിനിറ്റുകൾക്ക് ശേഷം, മത്സരത്തിന്റെ 71ആം മിനുറ്റിൽ തന്റെ രണ്ടാം ഗോൾ നേടിയ ഛേത്രി ഇന്ത്യയുടെ വിജയമുറപ്പിച്ചു. വലത് പാർശ്വത്തിൽ നിന്ന് തൊടുത്തു വിട്ട ഫ്രീകിക്കിൽ നിന്ന് ഹെഡറിലൂടെയാണ് ഛേത്രി ഗോൾ നേടിയത്.

മത്സരത്തിന്റെ 80ആം മിനുറ്റിൽ പരിശീലകൻ ഇഗോർ സ്റ്റിമാച്ചിന് റെഡ് കാർഡ് ലഭിച്ചതും, പരിക്ക് സമയത്ത് സുഭാശിഷ് ബോസിന് രണ്ടാം മഞ്ഞ കാർഡ് ലഭിച്ച് പുറത്ത് പോവേണ്ടി വന്നതും പക്ഷെ വിജയത്തിലും ഇന്ത്യക്ക് നിരാശ സമ്മാനിച്ചു.

വിജയത്തോടെ, 4 മത്സരങ്ങളിൽ നിന്ന് 8 പോയിന്റുകൾ കരസ്ഥമാക്കിയ ഇന്ത്യ ഗ്രൂപ്പ്ഘട്ടത്തിൽ ഒന്നാമതായാണ് ഫൈനലിലെ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചത്. നേപ്പാളിനെയാണ് ഇന്ത്യ ഫൈനലിൽ നേരിടുക.


facebooktwitterreddit