ഫലസ്തീന്‍ ഫിലിപ്പീന്‍സിനെ തോല്‍പിച്ചു; ഇന്ത്യക്ക് എ.എഫ്.സി കപ്പ് യോഗ്യത

എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യതയുടെ ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തിന് കാത്ത് നില്‍ക്കാതെ ഇന്ത്യക്ക് എ.എഫ്.സി ഏഷ്യൻ കപ്പിന് യോഗ്യത. ഗ്രൂപ്പ് ബിയില്‍ നടന്ന ഫിലിപ്പൈന്‍സ് - ഫലസ്തീന്‍ മത്സരത്തിന്റെ ഫലമാണ് ഇന്ത്യക്ക് തുണയായത്. മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് ഫിലിപ്പീന്‍സ് തോല്‍ക്കുകയാണെങ്കില്‍ ഇന്ത്യക്ക് യോഗ്യത നേടാമെന്നായിരുന്നു.
മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളിന്റെ ജയം ഫലസ്തീന്‍ സ്വന്തമാക്കിയതോടെയായിരുന്നു ഇന്ത്യ എ.എഫ്.സി കപ്പ് യോഗ്യത സ്വന്തമാക്കിയത്. ഇതോടെ ഇന്ന് ഹോങ്കോങ്ങിനെതിരേ നടക്കാനിരിക്കുന്ന ഇന്ത്യയുടെ മത്സരം അപ്രസക്തമായി. ഗ്രൂപ്പില്‍ നേരത്തെ നടന്ന രണ്ട് മത്സരത്തിലും ഇന്ത്യ ജയം സ്വന്തമാക്കിയിരുന്നു.
ആദ്യ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് കമ്പോഡിയയെ പരാജയപ്പെടുത്തിയപ്പോള്‍ രണ്ടാ മത്സരത്തില്‍ 2-1 എന്ന സ്‌കോറിന് അഫ്ഗാനിസ്ഥാനെയായിരുന്നു ഇന്ത്യ തോൽപ്പിച്ചത്. രണ്ടാം മത്സരത്തില്‍ മലയാളി താരം സഹല്‍ അബ്ദുല്‍ സമദിന്റെ ഗോളിലായിരുന്നു ഇന്ത്യ നിര്‍ണായക ജയം സ്വന്തമാക്കിയത്.
ഏറ്റവും മികച്ച അഞ്ച് രണ്ടാം സ്ഥാനക്കാര്‍ക്ക് യോഗ്യത സ്വന്തമാക്കാം എന്ന എ.എഫ്.സിയുടെ നിയമത്തിലൂടെയാണ് ഇന്ത്യ ഇപ്പോള്‍ യോഗ്യത ഉറപ്പിച്ചിരിക്കുന്നത്. ഗ്രൂപ്പ് ബിയില്‍നിന്ന് മൂന്ന് മത്സരത്തിലും ജയിച്ച് ഫലസ്ഥീനും എ.എഫ്.സി യോഗ്യത സ്വന്തമാക്കിയിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഫിലിപ്പൈന്‍സ് മൂന്ന് മത്സരത്തില്‍ നിന്ന് ഒരു ജയം മാത്രമേ സ്വന്തമാക്കിയിട്ടുള്ളു.